Saturday, 27th July 2024

സംസ്ഥാനത്ത്  വിഷാംശമുള്ള കാലിത്തീറ്റ ഇറക്കുമതി ചെയ്യുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കേരള കാലിത്തീറ്റ -കോഴിത്തീറ്റ-ധാതുലവണ മിശ്രിതം ഉൽപ്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ ബിൽ ഉടൻ നടപ്പിലാക്കുമെന്നും ഇതോടെ ഗുണമേൻമയുള്ള കാലിത്തീറ്റ ഉറപ്പു വരുത്താൻ ഈ നിയമം വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനവ്യാപകമായി തീറ്റപ്പുൽക്ക‍ൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി  60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരേക്കർ തീറ്റപ്പുൽക്കൃഷിയ്ക്കായി 16000 രൂപ സബ്സിഡി കർഷകർക്കോ സംഘങ്ങൾക്കോ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാലികൾക്ക് ഏറെ പ്രിയപ്പെട്ട പോഷകാഹാരമായ ചോളം  വ്യാപകമായി  കേരള ഫീഡ്സ് വഴി  കൃഷി ചെയ്യാനുള്ള പദ്ധതി പാലക്കാട് തുടങ്ങിക്കഴിഞ്ഞു. ബാക്കി വരുന്ന ചോളം കേരള ഫീഡ്സ് ശേഖരിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

തിരുവനന്തപുരം കന്യാകുളങ്ങരയിൽ ക്ഷീര വികസന വകുപ്പ്, ത്രിതല പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം സംഘടിപ്പിച്ചത്  370 കർഷക സംഘങ്ങളും രണ്ടായിരത്തിലേറെ കർഷകരും  പങ്കെടുത്ത ക്ഷീരസംഗമത്തിൽ കർഷകരെ ആദരിച്ചു.  ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മൃഗസംരക്ഷണ മേഖലയോടാനുബന്ധിച്ചുള്ള വിവിധ സെമിനാറുകളും പ്രദർശനങ്ങളും നടന്നു. കൊഞ്ചിറ ക്ഷീരോൽപാദക സഹകരണ സംഘമാണ് പരിപാടിയുടെ  ആതിഥേയത്വം വഹിച്ചത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *