Saturday, 27th July 2024

സി.വി.ഷിബു
ലക്ഷങ്ങള്‍ മുടക്കി വീടും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നവരും സംരംഭം തുടങ്ങുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ഇന്ന് ഇന്റീരിയര്‍ എന്നപോലെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് അകത്തള ചെടികള്‍ അഥവാ ഇന്‍ഡോര്‍ പ്ലാന്റ്‌സ്. വൈവിധ്യമുള്ള നൂറുകണക്കിന് മനോഹര അലങ്കാര ചെടികളാണ് ഇങ്ങനെ അകത്തളങ്ങളെ ആകര്‍ഷണീയവും ആനന്ദകരവും ഭംഗിയുള്ളതുമാക്കുന്നത്. പരിചരണം ഏറെ കുറവ് മതിയെന്നതും രോഗകീടബാധകള്‍ കുറവാണെന്നതും ഒരിക്കല്‍ നട്ടുപിടിപ്പിച്ചാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നു എന്നുള്ളതാണ് ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ പ്രത്യേകത.
സ്വദേശിയവും വിദേശിയവുമായ ഒട്ടേറെ അലങ്കാരച്ചെടികള്‍ വീടുകളെയും സ്ഥാപനങ്ങളെയും മുറികളെയും മനോഹരമാക്കുന്നുണ്ട്.
1. ഗാര്‍ഡനിംഗ്
2. തൈകള്‍, വിത്തുകള്‍
3. കീടനിയന്ത്രണം
4. പോട്ടുകള്‍
5. ജലസേചന സംവിധാനങ്ങള്‍
6. പരിചരണം
തുടങ്ങി വിവിധ മേഖലകള്‍ ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ ഭാഗമാണ്. നല്ല തൈകളും വിത്തുകളും തിരഞ്ഞെടുക്കുക എന്നുള്ളതാണ് ഇതിന്റെ ആദ്യപടി. രണ്ടാമതായി വീട്ടുമുറ്റത്തെ ഗാര്‍ഡനിംഗ് എന്നതുപോലെ മുറികള്‍ക്കുള്ളില്‍ ചെടികള്‍ കൃത്യമായ രീതിയില്‍ ചിട്ടപ്പെടുത്തിവെച്ച് ഗാര്‍ഡനിംഗ് നടത്താവുന്നതാണ്. ഇലച്ചെടികളും പുഷ്പിക്കുന്ന ചെടികളും ഇടവിട്ട് വെച്ചും സൂര്യപ്രകാശം ആവശ്യമുള്ളവയും ഇല്ലാത്തവയും വെള്ളം വളരെക്കുറച്ച് മതിയായവയും എല്ലാം ഇങ്ങനെ വേര്‍തിരിച്ച് വെവ്വേറെ ഇടങ്ങളില്‍ വ്യത്യസ്തമായ ഭംഗിയുള്ള പോട്ടുകളില്‍ വെക്കാവുന്നവയാണ്.
ബാര്‍ബര്‍ സ്‌പ്രേ ഉപയോഗിച്ചുള്ള നനയാണ് ഏറ്റവും നല്ലത്. തുള്ളിനനയും നല്ലതുതന്നെയാണ്. വെള്ളം കൂടുതലായി ഒഴിക്കുന്ന രീതി ഒഴിവാക്കുന്നതായിരിക്കും ഉത്തമം.
ഇന്‍ഡോര്‍ പ്ലാന്റ്‌സ്
സാധാരണയായി നേഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടുന്നവയും നട്ട് പിടിപ്പിക്കാവുന്നതുമായ ഇരുപതിലധികം ഇന്‍ഡോര്‍ പ്ലാന്റ്‌സിനെ താഴെ പരിചയപ്പെടുത്താം.
ബിഗോണിയ, ആഫ്രിക്കന്‍ വയലറ്റ്, ജാസ്മിന്‍, ഓര്‍ക്കിഡ്‌സ്, നേര്‍വ് പ്ലാന്റ്, പ്രെയര്‍ പ്ലാന്റ്, കലാത്തിയ, പേര്‍ഷ്യന്‍ ഷീല്‍ഡ്, റബര്‍ പ്ലാന്റ്, ഡ്രക്കെയ്‌നര്‍, ക്രീപ്പിംഗ് ഫിഗ്, പെപ്പറോമിയ, ചൈനീസ് എവര്‍ഗ്രീന്‍, പീസ് ലില്ലി, സ്‌നേക്ക്പ്ലാന്റ്, അലോവേര, ഇംഗ്ലീഷ് ഐവി, വാന്‍ഡ്രിംഗ് ജ്യൂ, ഹോയാ, ലക്കി ബാംബു, സ്‌ട്രോംഗ് ഓഫ് പേള്‍സ്
ഇതില്‍തന്നെ ഭംഗിയുള്ള ഇലകളുള്ളതും തഴച്ചുവളരുന്നതുമായ ചെടികള്‍ തിരഞ്ഞെടുത്താല്‍ മുറിക്കുള്ളില്‍ എപ്പോഴും പച്ചപ്പ് ഉണ്ടാകും. മലിനീകരണമുള്ള സ്ഥലങ്ങളില്‍ അശുദ്ധവായുവിനെ ശുദ്ധീകരിച്ച് ശുദ്ധവായു പ്രധാനം ചെയ്യുകയും ചെയ്യും.
ക്രൈസാന്ദം പോലുള്ള ചെടികള്‍ക്ക് സൂര്യപ്രകാശം വളരെ ആവശ്യമുള്ളതിനാല്‍ ജനലുകള്‍ക്കരികിലായിരിക്കണം ഇവ ക്രമീകരിക്കേണ്ടത്. ഒരുദിവസം മൂന്നോ നാലോ മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം ഇത്തരം ചെടികള്‍ക്ക് ആവശ്യമാണ്.
ബിഗോണിയ, ആഫ്രിക്കന്‍ വൈലറ്റ് പോലുള്ള ചെടികളും ജാസ്മിനും നന്നായി പുഷ്പിക്കുന്നവയാണ്. മനോഹരമായ ചെറിയ പൂക്കളാണിവക്ക്. അതുകൊണ്ടുതന്നെ കാണാന്‍ ഇമ്പമുള്ളതും മുറികളെ സുന്ദരമാക്കും.
റബ്ബര്‍ പ്ലാന്റ്, ഡ്രക്കീനിയ തുടങ്ങിയ ഇലച്ചെടികള്‍ രണ്ടുമൂന്നടി വരെ നീളത്തിലും ഉയരത്തിലും വളരുന്നവയാണ്. റബ്ബര്‍ പ്ലാന്റിന് തിളങ്ങുന്ന ഇലകളുള്ളപ്പോള്‍ ഡ്രക്കീനിയക്ക് മൂന്നടിവരെ നീളമുള്ള മെലിഞ്ഞ നീണ്ട ഇലകളാണ് ഉണ്ടാവുക. ഇലച്ചെടികളില്‍ ഭംഗിയുള്ള മറ്റൊരിനമാണ് നെര്‍വ് പ്ലാന്റ്. പച്ച ഇലകളില്‍ വെള്ള വരകളുള്ള ഇവ പുഷ്പിക്കാറില്ലെങ്കിലും പൂക്കളുടേത് പോലുള്ള ഭംഗിയാണ് ഇലകള്‍ക്ക്.
ചെടികള്‍ നട്ടുവളര്‍ത്താന്‍ ഭൂരിഭാഗം ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കും വലിയ ചട്ടികളേക്കാള്‍ ചെറിയ പോട്ടുകളാണ് ഉത്തമം. പ്ലാസ്റ്റിക്, ഫൈബര്‍, സെറാമിക്, മണ്‍ പോട്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഡിസൈനുകളോടുകൂടിയ പോട്ടുകളും ചിലര്‍ തിരഞ്ഞെടുക്കാറുണ്ട്.
ഇന്‍ഡോര്‍ പ്ലാന്റുകളുടെ വളര്‍ത്തലും പരിചരണവും വില്‍പനയും ഇപ്പോള്‍ ഒരു സംരംഭമായും വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കോവിഡിന് ശേഷം ധാരാളം സ്ത്രീകള്‍ ഇന്‍ഡോര്‍ പ്ലാന്റ് നേഴ്‌സറിയും മറ്റും ചെറുകിട സംരംഭമായി ആരംഭിക്കുകയും ആഴ്ചതോറും നല്ലരീതിയില്‍ വരുമാനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ തന്നെ ധാരാളം സ്റ്റാര്‍ട്ടപ്പുകളും പുതു സംരംഭങ്ങളും ഈ രംഗത്തുണ്ടായിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് പട്ടാമ്പി ഗുരുവായൂര്‍ റോഡിലുള്ള ഹാര്‍വെസ്റ്റേ.
ഹാര്‍വെസ്റ്റേ എക്‌സ്പീരിയന്‍സ് സെന്റര്‍
കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളുമായി രണ്ടാം ഹരിതവിപ്ലവത്തിന് ഒരുങ്ങുന്ന ഹാര്‍ വെസ്റ്റേ ഇത്തരക്കാര്‍ക്കുവേണ്ടി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ നടത്തുന്നുണ്ട്. പട്ടാമ്പി ഗുരുവായൂര്‍ റോഡില്‍ ഹാര്‍വെസ്റ്റേ ഓഫീസിന് സമീപമാണ് ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി അമ്പത് എക്‌സ്പീരിയന്‍സ് സെന്ററുകളാണ് ഹാര്‍വെസ്റ്റ് ലക്ഷ്യംവെയ്ക്കുന്നതെന്ന് ചെയര്‍മാനും എം.ഡി.യുമായ വിജീഷ് കെ.പി. പറഞ്ഞു.
ഇന്‍ഡോര്‍ പ്ലാന്റ്‌സിന്റെ വൈവിധ്യമാര്‍ന്ന കളക്ഷനുകളും പരിചരണ മുറകളുടെ പരിശീലനവും ഗാര്‍ഡനിംഗിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വിദഗ്ധരുടെ ഉപദേശവും ഈ എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ നിന്ന് ലഭിക്കും.
നൂറ് രൂപ മുതല്‍ ആയിരങ്ങള്‍ വിലവരുന്നവ വരെയുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇന്ന് ലഭ്യമാണ്. വളരെ അപൂര്‍വമായതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായ ഇനങ്ങളും ഇപ്പോള്‍ കേരളത്തിലെ വീട്ടുമുറികളില്‍ എത്തിയിട്ടുണ്ട്. ഇവ ജനകീയമാക്കുന്നതില്‍ ഹാര്‍വെസ്റ്റേ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9778429616

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *