
അനില്‍ ജേക്കബ് കീച്ചേരിയില്‍
ഔപചാരിക വിദ്യാഭ്യാസം സാര്‍വത്രികവും നിര്‍ബന്ധവും സര്‍വ്വസാധാരണവും ഒക്കെയാവുന്നതിന് മുമ്പ് കൃഷി പ്രധാന ജീവിതമാര്‍ഗമായിരുന്ന കാലത്ത് ചെറിയ കുട്ടികള്‍ വരെ വീട്ടിലെ കൃഷിപ്പണികളില്‍ പങ്കാളികളായിരുന്നു. കൃഷിപ്പണികള്‍ വിഭജിച്ച് പ്രായത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രായോഗിക പരിചയത്തിനും അനുസരിച്ച് ജോലി ചെയ്തിരുന്ന ഒരു രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. പിന്നീട് ഉണ്ടായ സാമൂഹ്യമാറ്റവും നിയമനിര്‍മ്മാണവും മറ്റും സാമൂഹ്യ നവോത്ഥാനത്തിലേയ്ക്കുള്ള കാല്‍വെപ്പുകളായി മാറി.
പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയതും ബാലവേല നിര്‍ത്തലാക്കിയതും കൂട്ടുകുടുംബ വ്യവസ്ഥിതികളുടെ അധഃപതനവുമൊക്കെ പുരോഗതിയിലേക്ക് നയിച്ചെങ്കിലും ചെറുപ്പക്കാര്‍ക്ക് കൃഷിയിലുള്ള പങ്കാളിത്തം കുറയാന്‍ തുടങ്ങി. സാമൂഹ്യമായും സാമ്പത്തികമായും കൈവന്ന അഭിവൃദ്ധി, നഗര-പാശ്ചാത്യവത്ക്കരണം, ഉപഭോഗ സംസ്ക്കാരം ഇവയൊക്കെ കൃഷി കുടുംബത്തിന്‍റെ ഭാഗമല്ലാതാകുവാന്‍ വഴിവെച്ചു.
കൃഷിഭൂമിയുടെ അപര്യാപ്തതയോ, കൃഷിപ്പണികളോടുള്ള വൈമുഖ്യമോ, ആവശ്യമില്ലായ്മയോ, സമയപരിമിതിയോ ഒക്കെ കുടുംബാംഗങ്ങള്‍ക്ക് കൃഷിപ്പണികളിലുണ്ടായിരുന്ന പങ്കാളിത്തം ഇല്ലാതെയായി. പക്ഷേ, കൗമാരപ്രായക്കാരും യുവജനങ്ങളുമടങ്ങുന്ന വിദ്യാര്‍ത്ഥിസമൂഹത്തിന് കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ പ്രവണത ഗൗരവമേറിയ ഒരു സാമൂഹ്യപ്രശ്നമാണ്.
കാര്‍ഷികവൃത്തിയോട് ഇന്നത്തെ സമൂഹം കാട്ടുന്ന രണ്ടാംകിട സമീപനം, കാലഹരണപ്പെട്ട കാര്‍ഷിക രീതികള്‍, കൃഷിപ്പണികളില്‍ ഏര്‍പ്പെടുന്നവരോട് സഹവിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിക്കുന്ന ഒരു വേര്‍തിരിവ്, മാതാപിതാക്കളുടെ അനിഷ്ടം, കൃഷിയിലൂടെ ജീവിതമാര്‍ഗം നേടാനാവുമോ എന്ന ശങ്ക, വിദ്യാര്‍ത്ഥിയുടെ ഭാവിയെപ്പറ്റിയുള്ള അമിത പ്രതീക്ഷ, പ്രായോഗിക പരിജ്ഞാനത്തിന്‍റെ അഭാവം തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങള്‍ കാര്‍ഷികരംഗത്തോട് അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെപ്പോലും ഈ രംഗത്തുനിന്ന് പിന്തിരിപ്പിക്കുവാന്‍ കാരണമായി.
സജീവമായി വിദ്യാഭ്യാസത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഇതര കാര്യങ്ങളില്‍ പങ്കാളിയാകുവാന്‍ സമയപരിമിതിയുണ്ട്. ഒഴിവുസമയം വേണ്ടരീതിയില്‍ ഉപയുക്തമാക്കുവാന്‍ പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമാണ്. കുട്ടികളിലെ സര്‍ഗാത്മക ശേഷികളും മനുഷ്യവിഭവ ശേഷിയും ഒരു വിധത്തിലും ഉപയുക്തമാക്കപ്പെടാതെ കുട്ടി നിഷ്ക്രിയനായി ആലസ്യത്തിന് അടിമപ്പെടുമ്പോഴാണ് അവര്‍ വഷളത്തരത്തിലേക്ക് വഴുതി വീഴുന്നത്. കുട്ടികളിലെന്നല്ല, ഏതു പ്രായക്കാരുടെ കാര്യത്തിലും ഇത് ശരിയാണ്.
മാതാപിതാക്കളും അധ്യാപകരും ഒക്കെ അടങ്ങുന്ന സമൂഹം ആധുനികതയുടെ പുറംപൂച്ചുകളില്‍ നിന്നു മോചിതരായി യാഥാര്‍ത്ഥ്യബോധത്തോടെ കാര്‍ഷികവൃത്തിക്ക് ഒരു പുതിയ മാനം നല്‍കിയാല്‍ അത് വിദ്യാര്‍ത്ഥികളില്‍ പ്രത്യേകിച്ച് കൗമാരക്കാരിലും യുവജനങ്ങളിലും ചെലുത്തുന്ന സ്വാധീനം വലുതായിരിക്കും. ചെറുപ്പക്കാര്‍ ഇന്നനുഭവിക്കുന്ന അലസത, മാനസിക പിരിമുറുക്കം എന്നിവയ്ക്ക് കാര്‍ഷിക പങ്കാളിത്തം ഒരളവുവരെ പരിഹാരമാണ്.
വിദ്യാര്‍ത്ഥികളുടെ പഠനത്തെയോ പഠനാഭിരുചിയെയോ ഒരു വിധത്തിലും ബാധിക്കാത്ത തരത്തില്‍ കലാകായിക വിനോദങ്ങളില്‍ പങ്കാളികളാകുന്നതിനൊപ്പം കുടുംബത്തിലെ കാര്‍ഷിക ജോലികളില്‍ വിദ്യാര്‍ത്ഥികളെക്കൂടി പങ്കെടുപ്പിക്കുന്നത് കുടുംബകാര്യങ്ങളില്‍ അവര്‍ക്കുള്ള ഉത്തരവാദിത്വം വളര്‍ത്തിയെടുക്കാനും സാധിക്കും.
കുടുംബാംഗങ്ങള്‍ കൂട്ടായി കാര്‍ഷികവൃത്തിയില്‍ വ്യാപൃതരാകുമ്പോഴുണ്ടാകുന്ന അനുഭൂതി, കൂട്ടുപ്രവര്‍ത്തനത്തിന്‍റെ അന്തഃസത്തയും മഹത്വവും അംഗീകരിക്കുവാനും അവരെ പ്രേരിപ്പിക്കും. വിവിധ ഘട്ടങ്ങള്‍ കടന്ന് ഒരു കാര്‍ഷികോത്പന്നം പരുവപ്പെടുമ്പോള്‍ അത് പിറക്കുമ്പോഴുള്ള നിരീക്ഷണം, കൃത്യനിഷ്ഠ, ക്ഷമാശീലം എന്നിവ സ്വന്തം ജീവിതരീതിയുടെ ഭാഗമായി മാറും. അത് വ്യക്തിത്വ വികാസത്തിനും സ്വഭാവ രൂപീകരണത്തിനും കരുത്തേകും.
കാര്‍ഷികവൃത്തിയിലെ സ്വന്തം അനുഭവപരിചയത്തിലൂടെ കാര്‍ഷികവൃത്തിയുടെ മഹത്വം മനസ്സിലാക്കുന്ന ചെറുപ്പക്കാര്‍ കര്‍ഷകരെ അംഗീകരിക്കുവാന്‍ തയ്യാറാകും. അത് ഒരു സാമൂഹ്യമാറ്റത്തിന് വഴിതെളിക്കും. കാലാവസ്ഥാ വ്യതിയാനങ്ങള്‍, കീടബാധ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യുന്ന വിദ്യാര്‍ത്ഥി നിത്യജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെയും സധൈര്യം നേരിടാന്‍ പ്രാപ്തനാകും. പാഴാക്കിക്കളയുന്ന മനുഷ്യവിഭവശേഷി യഥാവിധി വഴിതിരിച്ച് ഉപയുക്തമാക്കുന്നത് രാഷ്ട്രപുരോഗതിക്കും വിശിഷ്യാ വ്യക്തികളിലെ സ്വാശ്രയത്തിനും വഴിവെക്കും.
ചുരുക്കിപ്പറഞ്ഞാല്‍ സാമൂഹ്യമാറ്റവും രാഷ്ട്ര പുനര്‍നിര്‍മ്മാണവും വിശിഷ്യാ സ്വഭാവ രൂപീകരണവുമാണ് വിദ്യാഭ്യാസത്തിന്‍റെ ആത്യന്തിക ലക്ഷ്യങ്ങളെങ്കില്‍ ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പഠനത്തോടൊപ്പം കൃഷിയിലേര്‍പ്പെടുന്നത് സഹായകമാകും. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ സ്വാധനം ചെലുത്തുവാന്‍ കഴിയും. സ്കൂളുകളിലെ പച്ചക്കറികൃഷി വളരെ പ്രശംസനീയമായ കാര്യമാണ്. അഭിരുചിയുള്ള കുട്ടികളെ ശാസ്ത്രീയമായി പരിശീലിപ്പിച്ചാല്‍ കാര്‍ഷിക വിദ്യാഭ്യാസത്തിന് ഒരു പുതിയ ഈടും പാവും ദിശാബോധവും നല്‍കുവാന്‍ കഴിയും.
ഈ രംഗത്ത് പഠനത്തിലുപരിയായ താത്പര്യം പ്രകടിപ്പിക്കുന്നത് പഠനത്തോടുള്ള അഭുരിചി കുറയ്ക്കാനുള്ള സാധ്യതയുണ്ട്. ഒരിക്കലും ഒരു സൈക്കോഫാന്‍സി പോലെ കൃഷിയില്‍ അമിത താത്പര്യം പുലര്‍ത്തുവാന്‍ അനുവദിക്കുകയുമരുത്. സന്തുലിതമായ ഒരു രീതി വേണം. തൊഴിലില്ലായ്മ മൂലം നട്ടം തിരിയുന്ന ഇന്നത്തെ യുവതലമുറ ആധുനികതയുടെ മൂടുപടം അഴിച്ചുവെച്ച് മണ്ണില്‍ പൊന്ന് വിളയിക്കുകയും, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനായി യത്നിക്കുകയും ചെയ്യണം.
Leave a Reply