കുരുമുളകുചെടിയുടെ പ്രധാന തണ്ടിന്റെ വശങ്ങളിലേക്കു വളരുന്ന പാര്‍ശ്വ ശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നത്. കുരുമുളക് ചെടിയുടെ തണ്ടുകളെ പ്രധാന തണ്ട്, ചെന്തലകള്‍, കണ്ണിത്തലകള്‍ അഥവാ പാര്‍ശ്വ ശാഖകള്‍, കേറുതലകള്‍, ഞാലന്‍ തലകള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം. ചെന്തലകള്‍ മുറിച്ചു നടുന്നതാണ് സാധാരണ കൃഷിരീതി.
എന്നാല്‍ പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചു കുരുമുളക് ചെടിയുടെ തൈകള്‍ ഉണ്ടാക്കിയാല്‍ അവ കുറ്റിച്ചെടിയായി വളരും. ഇവ ചെടിച്ചട്ടിയിലോ, നിലത്തോ വളര്‍ത്തുകയും ചെയ്യാം. പാര്‍ശ്വശാഖകള്‍ നാലഞ്ചു മുട്ടുകള്‍ വീതം നീളമുള്ള കഷണങ്ങളായി മുറിച്ചെടുത്ത്, അഗ്രഭാഗത്തുള്ള ഇല ഒഴിച്ചു മറ്റുള്ള ഇലകള്‍ മുറിച്ചുമാറ്റണം. പാര്‍ശ്വശാഖകള്‍ വേരു പിടിച്ചുകിട്ടാന്‍ പ്രയാസമായതിനാല്‍ തണ്ടിന്റെ അടിഭാഗം ഐ.ബി.എ (ഇന്‍ഡോള്‍ ബൂട്രിക്ക് ആസിഡ്) എന്ന ഹോര്‍മോണ്‍ 200 പി.പി.എം. വീര്യമുള്ള ലായനിയില്‍ (200 മി.ഗ്രാം ഐ.ബി.എ. ഒരു ലിറ്റര്‍ വെള്ളത്തില്‍) മുക്കിയെടുത്തു നടണം.
വേരുപിടിപ്പിക്കാന്‍ പറ്റിയ സമയം സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ്. ചെടിച്ചട്ടികളില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അള വില്‍ കുട്ടിക്കലര്‍ത്തിയ പ്ലോട്ടിംങ്ങ് മിശ്രിതത്തില്‍ വേരുപിടിപ്പിച്ചു തൈകള്‍ നടാം. മഴക്കാലത്തു ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ചെറിയ തണല്‍ കൊടുക്കുന്നതും നല്ലതാണ്. മൂന്നു മാസത്തിലൊരിക്കല്‍ ഒരു ചെടിക്കു 100 ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവും 30 ഗ്രാം 10: 4: 14 എന്‍.പി.കെ രാസവള മിശ്രിതവും ചേര്‍ത്തു
കൊടുക്കണം. നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ ചെടികള്‍ കായ്ച്ചു തുടങ്ങും. രണ്ടാം വര്‍ഷം മുതല്‍ ശരിയായി വിളവു ലഭിച്ചു തുടങ്ങും. നന്നായി പരിപാലിച്ചാല്‍ ഒരു ചട്ടിയില്‍ നിന്നും ഒരു വര്‍ഷത്തില്‍ ഒരു കി.ഗ്രാം ഉണങ്ങിയ കുരുമുളക് ലഭിക്കും. മട്ടുപ്പാവിലും മറ്റും കുറഞ്ഞ മുതല്‍മുടക്കില്‍ കുറ്റിക്കുരുമുളകു വളര്‍ത്തിയെടുക്കാം.
Leave a Reply