നാവിനെ ത്രസിപ്പിക്കുന്ന മധുരവും, ശരീരത്തിനാകെ കുളിര്‍മ്മ പകരുന്ന തണുപ്പും ഉള്ളിലൊതുക്കിയ പഴമാണ് പാഷന്‍ ഫ്രൂട്ട്. യാതൊരു വൈഷമ്യവുമില്ലാതെ എവിടെയും അനായാസം പടര്‍ന്നു കയറുന്ന ഈ വളളിച്ചെടിയില്‍ സീസണായി കഴിഞ്ഞാല്‍ ധാരാളം കായ്കള്‍ പിടിച്ചു തുടങ്ങും. കായ്ക്കുള്ളിലെ നീര് പഞ്ചസാര ചേര്‍ത്തു കഴിക്കാം. പാസിഫ്‌ളോറ എഡുലിസ് എന്നാണ് പാഷന്‍ഫ്രൂട്ടിന്റെ ശാസ്ത്രനാമം. പാസിഫ്‌ളോറേസീ കുടുംബത്തില്‍പെട്ട ഒരു പഴമാണ് പാഷന്‍ഫ്രൂട്ട്. ഗോള്‍ഡന്‍, പര്‍പ്പിള്‍, കാവേരി, എന്നിവയാണ് പാഷന്‍ ഫ്രൂട്ടിലെ പ്രധാന ഇനങ്ങള്‍. നന്നായി മൂപ്പുള്ള ചെടിയുടെ വളളികള്‍ നടാനായി ഉപയോഗിക്കാം. ഈ വളളിയില്‍ ശക്തിയുള്ള വള്ളി പടര്‍ന്നു കയറാന്‍ സൗകര്യമുള്ള ഏതെങ്കിലും മരത്തിന്റെയോ താങ്ങിന്റെയോ ചുവട്ടില്‍ കുഴിയെടുത്ത് തൈ നടുക. ഈ കുഴിയില്‍ നേരത്തേ കുറച്ച് ചാണകപ്പൊടി അടിവളമായി ചേര്‍ത്താല്‍ നല്ലതാണ്. അപൂര്‍വ്വം ഘട്ടങ്ങളില്‍ ഇവയ്ക്ക് രാസവള മിശ്രിതങ്ങളും ചേര്‍ക്കാറുണ്ട്. അരിയിട്ടു കിളുര്‍പ്പിച്ച തൈകളും നട്ടുവളര്‍ത്താം. യഥാര്‍ത്ഥത്തില്‍ പാഷന്‍ഫ്രൂട്ട് മിതോഷ്ണ കാലാവസ്ഥയില്‍ വളരാനിഷ്ടപ്പെടുന്ന വള്ളിച്ചെടിയാണ്. കുന്നിന്‍ പ്രദേശങ്ങളിലും
മലഞ്ചെരിവുകളിലുമൊക്കെ ഇവ നന്നായി തഴച്ചു വളരും. വയനാട്, കുടക്, നീലഗിരി എന്നിവിടങ്ങളില്‍ പാഷന്‍ഫ്രൂട്ട് വ്യാപകമായി വളര്‍ത്തുന്നുണ്ട്. രണ്ടു നിറമുളള പാഷന്‍ഫ്രൂട്ടുകള്‍ ഇതേവരെ പ്രചാരം നേടിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ളതും, വയലറ്റ് നിറമുള്ളതുമാണവ. കായ്കള്‍ക്ക് നിറവ്യത്യാസമുണ്ടാകുമ്പോള്‍ അവ വിളവെടുക്കാറായി എന്നനുമാനിക്കാം. പഴുത്താലും പാഷന്‍ ഫ്രൂട്ടിന്റെ പുറതോടിന് നല്ല കട്ടിയായിരിക്കും. പാഷന്‍ ഫ്രൂട്ടില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ജീവകം എയും ജീവകം സിയും.
പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷും വിപണിയിലെ താരമാണ്. ഇതു കൂടാതെ ജ്യൂസ്, ഐസ്‌ക്രീം, സര്‍ബത്ത് തുടങ്ങി നിരവധി സ്വാദിഷ്ഠമായ ഉത്പന്നങ്ങള്‍ക്കുവേണ്ടി ഇവ ഉപയോഗിക്കാം. കൃഷി വകുപ്പിന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ നെല്ലിയാംപതിയില്‍ പ്രവര്‍ത്തിക്കുന്ന ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ അവിടെത്തന്നെ വളരുന്ന പാഷന്‍ഫ്രൂട്ട് ഉപയോഗിച്ച് സ്‌ക്വാഷും നിര്‍മ്മിക്കുന്നുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ കഴമ്പു പിഴിഞ്ഞെടുത്ത നീര് പഞ്ചസാര, വെളളം, ഇഞ്ചി, സിട്രിക് ആസിഡ് എന്നിവയുമായി ചേര്‍ത്തും സ്വാദിഷ്ടമായ സ്‌ക്വാഷ് ഉണ്ടാക്കാം.
ഫോട്ടോ: സുനേഷ് കെ.പി
Leave a Reply