
അനില്‍ ജേക്കബ്
വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ് ഫിലിപ്പച്ചന്റെ തേനീച്ച വളര്‍ത്തല്‍ കേന്ദ്രം. പെട്ടികളില്‍ തേനീച്ചകള്‍ അറകള്‍ തീര്‍ക്കുന്നതും തേന്‍ കൊണ്ടുവന്ന് നിറയ്ക്കുന്നതും റാണീച്ച മുട്ടയിടുന്നതും പുതിയ ഈച്ചകള്‍ വിരിയുന്നതും തേനെടുക്കുന്നതുമൊക്കെ കൗതുകത്തോടെ നോക്കിക്കാണുന്നത് സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ്.
കൂടാതെ ഫിലിപ്പച്ചന്റെ തേന്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ശുദ്ധമായ തേന്‍ വാങ്ങാനും സഞ്ചാരികള്‍ മറക്കാറില്ല. ചിലരാകട്ടെ തേനീച്ചവളര്‍ത്തല്‍ തുടങ്ങാനും ആഗ്രഹിക്കാറുണ്ട്.
പതിമൂന്നോളം സംസ്ഥാനതല അവാര്‍ഡുകളും ദേശീയ അവാര്‍ ഡും ലഭിച്ച വട്ടംതൊട്ടിയില്‍ ഫിലിപ്പച്ചന്‍ തേനീച്ചകളേയും തേനിനേയും സ്‌നേഹിച്ച് ജീവിതം മധുരതരമാക്കിയ കഥ. സ്വന്തം ജീവിതകഥ മാത്രമല്ലിത്. നൂറുകണക്കിനുപേര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കിയും കുമളി വട്ടതൊട്ടിയില്‍ ഫിലിപ് മാത്യു എന്ന ഫിലിപ്പച്ചന്‍ പലരുടെ വഴികാട്ടിയായി.
ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ഫിലിപ്പച്ചന്റെ കഥ ഇനി അറിയാത്തവര്‍ കൃഷിയെ സ്‌നേ ഹിക്കുന്നവരില്‍ കുറവായിരിക്കും. അത്രമാത്രം മാധ്യമശ്രദ്ധയും കര്‍ഷക ശ്രദ്ധയും നേടിയാണ് ഫിലിപ്പച്ചന്‍ തേനീച്ചകളുടെ തോഴനായത്. എന്നാല്‍ കുമളിയില്‍ ആര്‍ക്കും വട്ടത്തൊട്ടിയില്‍ ഫിലിപ്പ് മാത്യുവിനെ അറിഞ്ഞെന്നുവരില്ല. എന്നാല്‍ തേനീച്ച ഫിലിപ്പിനെ അറിയാം. 1993ല്‍ കുമളിയിലേക്ക് കുടിയേറിയ ഫിലിപ്പച്ചന്‍ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച തേന്‍ ഉല്പാദകരില്‍ ഒരാളാണ്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള തേന്‍ കൂടുകള്‍ സ്ഥാപിച്ച ഇദ്ദേഹത്തിന് പ്രതിവര്‍ഷം 50000 ലിറ്ററിലധികം തേന്‍ വിപണിയിലെത്തിക്കാന്‍ കഴിയുന്നു. ഫിലിപ്പ്‌സ് നാച്വറല്‍ ഹണി ബീ ഫാമില്‍ നിന്നുള്ള തേനിന് സ്വദേശത്തും വിദേശത്തും ആവശ്യക്കാര്‍ ഏറെയാണ്. പല വിദേശികളും ഫിലിപ്പിന്റെ തേന്‍ഫാമുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി തേന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭം വരെ ഉണ്ടായി. ഫിലിപ്പിന്റെ പുരയിടത്തിലും പരിസരത്തുമായി 500ലധികം പെട്ടികളും 100ലധികം ചെറുതേനീച്ചകൂടുകളുമുണ്ട്.
ചെറുതേനിന് ഔഷധഗുണവും അതനുസരിച്ച് വിലയും വളരെ കൂടുതലാണ്. ഒരു വന്‍ തേനീച്ചയുടെ കൂടില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 20 കിലോഗ്രാമും ചെറുതേനീച്ചയുടെ കൂടില്‍ നിന്ന് ശരാശരി 750 ഗ്രാം തേനും കിട്ടും. ആവശ്യക്കാര്‍ക്ക് കൂടുകള്‍ അതത് സ്ഥലത്ത് എത്തിച്ചു സ്ഥാപിച്ചുകൊടുക്കും. കൂടാതെ തേനീച്ച വളര്‍ത്തലിനാവശ്യമായ ഉപകരണങ്ങളും ഉപദേശങ്ങളും നല്‍കുന്നു. തേനീച്ച വളര്‍ത്തലിന് താല്പര്യമുള്ളവരുടെ സംഘങ്ങള്‍ക്ക് ക്ലാസ്സുകള്‍ നല്‍കാനും ഫിലിപ്പ് സമയം കണ്ടെത്തുന്നു.
പത്താം വയസ്സുമുതല്‍ പിതാവ് വട്ടംതൊട്ടിയില്‍ മാത്യുവില്‍ നിന്ന് കിട്ടിയ പാഠങ്ങള്‍ പ്രായോഗികാനുഭവത്തിലൂടെയും നിരീക്ഷണത്തിലൂടെയും വികസിപ്പിച്ചാണ് ഫിലിപ്പ് തേനീച്ചകളുടെ ലോകത്ത് എത്തിയത്. ഈ ജീവിതമാണ് മികച്ച തേനീച്ച കര്‍ഷകനുള്ള ദേശീയ അവാര്‍ഡിന് ഫിലിപ്പച്ചനെ പ്രാപ്തനാക്കിയത്. കോട്ടയം ജില്ലയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ സെന്റ് തോമസ് സ്റ്റോര്‍സിന്റെ ഉടമ വട്ടംതൊട്ടിയില്‍ മാത്യുവിന് (കൊച്ചേട്ടന്‍) 100 തേനീച്ച പെട്ടികളുണ്ടായിരുന്നു. അദ്ദേഹം തേനീച്ചകളെ പരിപാലിക്കുന്നത് കണ്ടാണ് മകനായ ഫിലിപ്പച്ചന്‍ വളര്‍ന്നത്. പിതാവിനോടൊപ്പം തേനീച്ചവളര്‍ത്തലില്‍ വ്യാപൃതനായ ഫിലിപ്പച്ചന്‍ പിന്നീട് തന്റെ ജീവിതമാര്‍ഗമായി തേനീച്ച വളര്‍ത്തല്‍ തിരഞ്ഞെടുത്തു. തേനീച്ച വളര്‍ത്തല്‍ രംഗത്ത് മൂന്നാം തലമുറക്കാരനായ ഫിലിപ്പച്ചനോടൊപ്പം നാലാം തലമുറക്കാരനായ ബി.ടെക് ബിരദധാരിയായ ടോം ഫിലിപ്പും സഹായിയായി കൂടെയുണ്ട്.
ഫിലിപ്പച്ചന്‍ പത്താം വയസില്‍ തേനീച്ചകളെ മുഖത്ത് ഒതുക്കിവെച്ച് തേനീച്ച താടി തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലും ഒരു സീസണില്‍ 40000 തേനീച്ചപ്പെട്ടികളുടെ വിതരണമാണ് നടക്കുന്നത്. ഇതിനൊക്കെ പിന്നില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോടിക്കണക്കിന് തേനീച്ച തൊഴിലാളികളുണ്ട്. അവ ഓരോ സീസണിലും ശേഖരിച്ച് നല്‍കുന്ന തേനില്‍ നിന്നും ലക്ഷങ്ങളുടെ വരുമാനമാണ് ഫിലിപ്പച്ചനെ വേറിട്ട വ്യക്തിത്വമാക്കുന്നത്.
ഫിലിപ്പ്‌സ് നാച്വറല്‍ ഹണി എന്നാണ് ഫിലിപ്പച്ചന്റെ സംരംഭത്തിന്റെ പേര്.
ഹൈറേഞ്ചിലെ വനഭൂമിയിലെയും കൃഷിയിടങ്ങളിലെയും വ്യത്യസ്ത ഇനം പൂക്കളുടെ മധുവടങ്ങിയതിനാല്‍ ഔഷധഗുണമേറിയ ഫിലിപ്പ്‌സ് ഹണിക്ക് ആവശ്യക്കാര്‍ ഏറെയാണ്. പ്രകൃതിക്ക് ദോഷമുണ്ടാക്കാതെ മലയോരങ്ങളിലെ ജൈവവൈവിധ്യസമ്പത്ത് പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്ന് ഫിലിപ്പച്ചന്‍ കാണിച്ചു തരുന്നു.
സാധാരണ പെട്ടിയില്‍ നിന്നെടുക്കുന്ന തേനിന് 20% വരെ ജലാംശം ഉണ്ടാകും. എന്നാല്‍ സൂര്യപ്രകാശത്തില്‍ രണ്ടുമൂന്ന് ദിവസം വെച്ചശേഷമാണ് പ്രകൃതിദത്തമായ തേന്‍ ബോട്ടിലിലാക്കുന്നത്.
കേരളത്തിലെ മുപ്പതോളം വ്യത്യസ്ത ഫാമുകളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടികളില്‍ നിന്നെടുക്കുന്ന തേന്‍ വീടിനോട് ചേര്‍ന്നുള്ള ഫിലിപ്‌സ് നാച്വറല്‍ ഹണി & ബീ ഫാമിലെത്തിച്ച് ബോട്ടിലുകളിലാക്കിയാണ് വിതരണം നടത്തുന്നത്.
തേന്‍ കൂടാതെ മെഴുകില്‍ നിന്നും ഫിലിപ്പച്ചന് അധികവരുമാനം ലഭിക്കുന്നുണ്ട്. ചില മരുന്നുകളെ ക്യാപ്‌സ്യൂളുകള്‍ക്കും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനും തേന്‍മെഴുക് അത്യാവശ്യമാണ്. തേന്‍ ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന സ്‌മോക്കര്‍, തേന്‍പാളികള്‍ മുറിക്കുന്നതിനുള്ള കത്തികള്‍, എക്‌സ്ട്രാക്ടര്‍ എന്നിവയും ഈ ഫാമില്‍ നിന്ന് ലഭ്യമാണ്.
തേനീച്ച വളര്‍ത്തലിലൂടെ തോട്ടങ്ങളില്‍ വിളവര്‍ദ്ധനയുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരേക്കറില്‍ പത്ത് പെട്ടി വെച്ചാല്‍ മുപ്പത് മുതല്‍ അമ്പത് ശതമാനം വരെ വിളവര്‍ദ്ധനവ് ലഭിക്കും. തേന്‍ തേടി പൂക്കളില്‍ നിന്ന് പൂക്കളിലേക്ക് പോകുന്ന തേനീച്ചകള്‍ വഴി കൂടുതല്‍ പരാഗണം നടക്കുന്നതിലാണിത്.
ശ്രീചിത്തിര തിരുനാള്‍ സ്മാരക കര്‍ഷകരത്‌ന അവാര്‍ഡ്, മലയാളം ഡോട്ട്‌കോം മലയാളശ്രീ അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ ഫിലിപ്പച്ചനെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ ജെയ്‌മോള്‍, മക്കളായ മിഥു, നീതു, ടോം ഫിലിപ്പ് എന്നിവരും ഫിലിപ്പച്ചന്റെ സഹായികളായി തേനീച്ചകളെ പരിചരിക്കുന്നുണ്ട്. ബി.ടെക് കഴിഞ്ഞ ടോം ഫിലിപ്പ് പൂര്‍ണമായും പിതാവിനോടൊപ്പം തേനീച്ച പരിപാലനത്തിലാണ്.
ഫോണ്‍ :
9961462885, 9744413142
Leave a Reply