Sunday, 5th February 2023

എ.വി.നാരായണന്‍


പണത്തില്‍ കണ്ണുംനട്ട്, അന്യദേശക്കാരും സ്വദേശികളും വിലകള്‍ക്ക് നിജമില്ലാതെ നാട്ടിന്‍പുറങ്ങളില്‍, അന്യ സുന്ദരിപ്പഴങ്ങള്‍ വിരുന്നുകാരായി എത്തപ്പെടുന്നു. നാടറിയാത്ത , വീടറിയാത്ത, പേരറിയാത്ത എത്രയോ ഇനം പഴങ്ങള്‍ നമ്മുടെ ചുറ്റും കായ്ച്ച് നശിച്ചുപോകുന്ന ഒരു ദാരുണ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വീടുകളില്‍ തലച്ചുമടായും വണ്ടികളിലും വന്ന് ചെടികളുടെ വില്‍പന തകൃതിയായി നടത്തി പണവും കീശയിലാക്കി അന്യനാട്ടുകാര്‍ അകന്ന് പോകുമ്പോള്‍ കീശയില്‍ നിന്ന് നഷ്ടമായ പണം എത്രയാണെന്ന് നോക്കുകപോലും ചെയ്യാതെ വാങ്ങിക്കൂട്ടുന്ന, ഉദാഹരണമായി – മാങ്കോസ്റ്റിന്‍, ചെറി കൂടാതെ ചതുരപ്പുളി, കോയക്കപുളി, കൊടംപുളി, ദുരിയാന്‍, റമ്പൂട്ടാന്‍, ഫിലോസിന്‍, ചാമ്പക്കകള്‍. കാലം കഴിഞ്ഞശേഷം ജോലിക്കാരെ കിട്ടിയാല്‍ നടുകയും മറ്റു നാണ്യവിളകള്‍ക്ക് വളപ്രയോഗം നടത്തുമ്പോള്‍ ഇത്തിരി എന്തൊക്കെയോ നല്‍കി കാലശേഷം അത് കായ്ക്കുന്നു. കായ്ച്ചശേഷം മൂപ്പെത്തിയാല്‍ എന്തുചെയ്യണമെന്നോ ഏത് പഴമെന്നോ അറിയാതെ അതിനുകൊടുത്ത പണത്തിന്‍റെ മൂല്യം അറിയാതെയോ, ചിന്തിക്കാതെയോ കുറച്ച് ബുദ്ധിമുട്ട് സഹിക്കുവാന്‍ കഴിയാതെ നമ്മുടെ ഗ്രാമവാസികള്‍ എല്ലാ പഴങ്ങളും നശിപ്പിക്കുന്നു.
ദേശീയ പഴങ്ങളും പരദേശി പഴങ്ങളും നാട്ടിന്‍പുറങ്ങളില്‍ ധാരാളം കാണാന്‍ കഴിയും. അതില്‍ ഒന്നാണ് ചെറി. കുറച്ചൊന്ന് ക്ഷമകാണിച്ചാല്‍ പോഷകപ്രദവും സ്വാദിഷ്ടവുമായ ചെറി സംസ്ക്കരിക്കാം. യാതൊരുവിധ രാസവസ്തുക്കളോ കളറോ ഉപയോഗിക്കാതെ നമുക്കേവര്‍ക്കും ഭക്ഷിക്കുവാനുതകുന്ന തരത്തില്‍ അതിനെ സംസ്ക്കരിച്ച് ഒരു ഭക്ഷ്യവസ്തുവാക്കി മാറ്റാം. അതിനുള്ള പ്രതിവിധിയാണിത്.
ചെറിപ്പഴം 1 കി.ഗ്രാം, പഞ്ചസാര 1 കി.ഗ്രാം, ചുണ്ണാമ്പ് 25 ഗ്രാം, ഉപ്പ് 80 ഗ്രാം, ചെമ്പരത്തി/ബീറ്റ്റൂട്ട് കളര്‍ വരുത്തുവാന്‍.
തയ്യാറാക്കുന്നത്
നല്ല മൂപ്പെത്തിയ ചെറിക്കായ നടുകെ പിളര്‍ന്ന് കുരുകളഞ്ഞശേഷം ചുണ്ണാമ്പ്, ഉപ്പ് കലക്കിയ വെള്ളത്തില്‍ 12 മണിക്കൂര്‍ വെക്കണം. പിന്നീട് കായകള്‍ എടുത്ത് ശുദ്ധജലത്തില്‍ നാലഞ്ചുതവണ കഴുകി കറമാറ്റണം. പിന്നീട് ഒരു തുണിയില്‍ കിഴികെട്ടി തിളച്ച വെള്ളത്തില്‍ 5 മിനിട്ട് മുക്കിവെക്കുന്നു. തണുപ്പിച്ച കായ്കള്‍ ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ 600 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിക്കുന്നു. തണുത്തശേഷം തണുപ്പിച്ച കായ്കള്‍ അതിലിട്ടുവയ്ക്കുന്നു. അടുത്ത ദിവസം നീര് ഊറ്റിയെടുത്ത് അതില്‍ 200 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിച്ച് തണുത്തശേഷം കായകള്‍ അതിലിട്ടുവയ്ക്കുന്നു. അടുത്ത ദിവസവും കായകള്‍ മാറ്റിയ പഞ്ചസാര ലായനിയില്‍ 200 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിച്ച് തണുത്തശേഷം പുറത്തുവച്ച കായകള്‍ ഇട്ടുവയ്ക്കുന്നു. ഈ പ്രക്രിയ 7 ദിവസം തുടരേണ്ടതാണ്. അവസാനം കായയുടെ പുറത്ത് പഞ്ചസാര തരികള്‍ പറ്റിപ്പിടിച്ചപോലെ കാണാം. ഇവയെ വലിയ ഒരു പ്ലേറ്റില്‍ ഇട്ട് നിരപ്പായി വെയിലത്ത് വച്ച് ഉണക്കുന്നു. ഉണങ്ങിയ പഴങ്ങള്‍ക്ക് നിറവും മണവും നല്‍കുന്നതിന് ചെമ്പരത്തി പൂവിന്‍റെ നിറമോ ബീറ്റ്റൂട്ടിന്‍റെ നിറമോ നല്‍കാം. ഒരു കഷണം ചെറുനാരങ്ങാനീര് പിഴിഞ്ഞെടുത്ത് ഒഴിച്ചുവയ്ക്കുക. മണത്തിനും രസത്തിനും വേണ്ടി ഗ്രാമ്പു 5 എണ്ണം, ഏലക്ക 3 എണ്ണം പൊടിച്ച് വിതറുക. ഇങ്ങനെയായാല്‍ നമ്മുടെ വീട്ടിലേക്ക് വേണ്ടുന്ന ചെറി സംസ്ക്കരണം റെഡിയായി. പഴകുന്തോറും സ്വാദ് കൂടും. ചെറി കൃഷി ചെയ്തവര്‍ പരീക്ഷിച്ചുനോക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *