
മഴക്കാലത്ത് തെങ്ങിന് മണ്ടചീയല്‍ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. തെങ്ങിന്റെ നാമ്പോലയില്‍ മുരടിപ്പോ നിറവ്യത്യാസമോ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. തെങ്ങിന്റെ മണ്ട വൃത്തിയായി സൂക്ഷിക്കണം. ജൂണ്‍ മാസത്തില്‍ നട്ട പുതിയ തൈകള്‍ നശിച്ചുപോയിട്ടുണ്ടെങ്കില്‍ പുതിയ തൈകള്‍ ഇപ്പോള്‍ വച്ചുപിടിപ്പിക്കാവുന്നതാണ്. മഴ കുറയുന്ന സമയത്ത് തടങ്ങളില്‍ പുതയിടുന്നത് നല്ലതാണ്. കരിയില, മരച്ചില്ലകള്‍, ഓല എന്നിവയൊക്കെ പുതയിടുന്നതിനായി ഉപയോഗിക്കാം. തീരപ്രദേശങ്ങളില്‍ തെങ്ങിന് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണാറുണ്ട്. പുഴുബാധയുള്ള തെങ്ങുകളിലെ ഓലകള്‍ വെട്ടി തീയിട്ട് നശിപ്പിക്കണം. കൂടാതെ പുഴുബാധയുള്ള മറ്റു ഭാഗങ്ങളില്‍ കീടനാശിനി തളിക്കണം.
നവംബര്‍ മാസത്തില്‍ കുരുമുളകിന്റെ വിളവെടുപ്പ് തുടങ്ങുന്ന സമയമാണ്. വിപണിയില്‍ നല്ല വില ലഭിക്കണമെങ്കില്‍ നല്ല നിലവാരത്തിലുള്ള ഉണക്കമുളക് ലഭിക്കേണ്ടതുണ്ട്. പറിച്ചെടുത്ത കുരുമുളക് രണ്ട് ദിവസം തറയില്‍ കൂട്ടിയിട്ടശേഷം മൂടിവയ്ക്കുകയോ അല്ലെങ്കില്‍ ചാക്കില്‍ കെട്ടിവയ്ക്കുകയോ ചെയ്യണം. അതിനുശേഷം മണികള്‍ ഉതിര്‍ത്തെടുത്ത് നല്ല പ്രതലത്തിലിട്ട് ഉണക്കിയെടുക്കാം. മണികള്‍ക്ക് ഒരേപോലെ കറുത്ത നിറം ലഭിക്കുന്നതിനായി ഉതിര്‍ത്തെടുത്ത മണികള്‍ ഒരു കുട്ടയിലെടുത്തശേഷം തിളപ്പിച്ച വെള്ളത്തില്‍ ഒരു മിനിറ്റ് മുക്കിയെടുത്ത് വെള്ളം വാര്‍ന്ന്കഴിഞ്ഞ് പായിലോ തറയിലോ വിരിച്ച് ഉണക്കിയെടുക്കാം. കുട്ട, ചാണകം മെഴുകിയ പായ് എന്നിവ ഒരു കാരണവശാലും ഉണക്കുവാനോ ശേഖരിക്കാനോ എടുക്കരുത്.
Leave a Reply