കശുമാവ് കൃഷിവ്യാപനത്തിന് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നു
കേരള സംസ്ഥാന കശുമാവ് വികസന ഏജന്‍സി കര്‍ഷകര്‍ക്ക് വിവിധ സഹായങ്ങളുമായി രംഗത്ത്. കര്‍ഷകര്‍ക്ക് പരിശീലനം, നടീല്‍ വസ്തുക്കള്‍, സബ്സിഡി എന്നിവ നല്‍കിയാണ് സഹായത്തിനുള്ളത്. മൂന്ന് വര്‍ഷംകൊണ്ട് കായ്ക്കുന്ന അത്യുല്‍പാദന ശേഷിയുള്ള പുതിയ കശുമാവ് തൈകളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. കേരളത്തില്‍ ഏകദേശം 800ഓളം കശുവണ്ടി ഫാക്ടറികളുണ്ട്. ആറ് ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടി ഈ ഫാക്ടറികളിലേക്കാവശ്യമുണ്ട്. മൂന്ന് ലക്ഷം സ്ത്രീ തൊഴിലാളികളാണ് ഇവിടങ്ങളില്‍ ജോലിചെയ്തുവരുന്നത്. എന്നാല്‍ കേരളത്തില്‍ 80000 മെട്രിക് ടണ്‍ മാത്രമേ തോട്ടണ്ടി ഉല്‍പാദനമുള്ളൂ. ബാക്കി മുഴുവന്‍ തോട്ടണ്ടിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കയറ്റു മതി നിയമം മൂലം നിരോധിക്കുകയും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വില കൂടുതലാവുന്നതിനാലും കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്ക് ആവശ്യമായ തോട്ടണ്ടി വിലകൊടുത്ത് വാങ്ങാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ തൊഴിലാളികളെ നിലനിര്‍ത്തുന്നതിനും കശുവണ്ടി വ്യവസായം തകരാതിരിക്കുന്നതിനും ആവശ്യമായ തോട്ടണ്ടി ഇവിട ത്തന്നെ ഉല്‍പാദിപ്പിക്കുകയാണ് പരിഹാരമാര്‍ഗ്ഗം. ഇതിനാണ് 2007ല്‍ സംസ്ഥാന കശുമാവ് വികസന ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച്, മംഗലാപുരം, പുത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ നേഴ്സറികള്‍ എന്നിവയില്‍ നിന്ന് ഗുണമേന്‍മയുള്ള കശുമാവിന്‍ തൈകള്‍ കര്‍ഷകരിലേക്കെത്തിക്കുകയാണ് ആദ്യപടി.
മുറ്റത്തൊരു കശുമാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ സ്ഥലം ഉള്ള ആളുകള്‍ക്ക് ഒന്നോ, രണ്ടോ കശുമാവിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. അഞ്ചേക്കറ ില്‍ താഴെ സ്ഥലമുള്ള ചെറുകിട കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിലേക്ക് 200 തൈകളും നട്ട് രണ്ട് കൊല്ലം കഴിയുമ്പോള്‍ കശുമാവ് ഒന്നിന് 60 രൂപ വീതം സബ്സിഡിയും നല്‍കുന്ന മറ്റൊരു പദ്ധതിയുമുണ്ട്. പ്ലാന്‍റേഷന്‍ സ്കീമിലുള്‍പ്പെടുത്തി രണ്ട് ഹെക്ടറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ക്ക് സൗജന്യമായി തൈകള്‍ വിതരണം ചെയ്യുന്നത് കൂടാതെ നിലം ഒരുക്കുന്നതിന് ഒരു ഹെക്ടറിന് 13000 രൂപ വീതവും നല്‍കും.
മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍
കശുമാങ്ങയില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഏജന്‍സി പരിശീലനവും സഹായവും നല്‍കുന്നുണ്ട്. കശുമാങ്ങയില്‍ നിന്ന് ജാം, പിക്കിള്‍, സോഡ, സിറപ്പ് തുടങ്ങിയ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് സഹായം നല്‍കുന്നത്. സ്ത്രീസംരംഭകര്‍ക്ക് മണ്ണൂത്തിയിലെ കാര്‍ഷിക സര്‍വ്വകലാ ശാല കേന്ദ്രം വഴി സൗജന്യ പരിശീലനവും നല്‍കുന്നുണ്ട്. കശുമാവ് കര്‍ഷകരുടെ കൂട്ടായ്മ സംസ്ഥാനത്തുടനീളം രൂപീകരിച്ചു വരുന്നുണ്ട്. ജില്ലാതലത്തിലുള്ള മാര്‍ക്കറ്റിംഗ് കേന്ദ്രങ്ങള്‍ വഴി കശുവണ്ടി സംഭരിച്ച് കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നതിനുള്ള പദ്ധതിയുമുണ്ട്. എല്ലാ ജില്ലകളിലും കര്‍ഷകര്‍ക്ക് ഇതിനുള്ള പരിശീലനങ്ങള്‍ നല്‍കിവരികയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കശുവണ്ടി ഉല്‍പാദനം ഇരട്ടിയെങ്കിലും ആക്കാനാകുമെന്ന പ്രതീക്ഷയിലാണ് കശുമാവ് വികസന ഏജന്‍സി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447276576 എന്ന നമ്പറില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്.
Leave a Reply