
കായ്ച്ചുതുടങ്ങിയ മാവിന് ശിപാര്‍ശയുടെ പകുതി രണ്ടാം ഗഡുവായി വളം നല്‍കാവുന്നതാണ്. പത്ത് വര്‍ഷത്തിന് മുകളിലുള്ള മാവുകള്‍ക്ക് 550 ഗ്രാം യൂറിയ, 900 ഗ്രാം രാജ്ഫോസ്, 625 ഗ്രാം പൊട്ടാഷ് എന്നിവ രണ്ടാം ഗഡുവായി നല്‍കാം. 4-5, 6-7, 8-10 വര്‍ഷം പ്രായമായവയ്ക്ക് യഥാക്രമം 100, 90, 80 എന്നീ തോതില്‍ യൂറിയയും 250, 425,170 എന്നീ തോതില്‍ രാജ്ഫോസും, 430,610,335 ഗ്രാം എന്ന തോതില്‍ പൊട്ടാഷും ചേര്‍ക്കണം. മരത്തില്‍ നിന്ന് 3 മീറ്റര്‍ അകലത്തിലായി ഒരടി ആഴത്തില്‍ ചാലുണ്ടാക്കി രാസവളമിട്ട് മണ്ണിട്ട് മൂടണം. മണ്ണിന് ഈര്‍പ്പമുള്ള സമയത്ത് മാത്രമേ വളമിടാന്‍ പാടുള്ളൂ.
തെങ്ങിന് രണ്ടാംവളപ്രയോഗത്തിന് സമയമായി. 720 ഗ്രാം യൂറിയ, 1.5 കിലോഗ്രാം രാജ്ഫോസ്, 1.5 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടാംഗഡുവായി നല്‍കുക. കഴിഞ്ഞമാസം ജൈവവളം ചേര്‍ത്തിട്ടില്ലെങ്കില്‍ 25-50 കി.ഗ്രാം കാലിവളമോ പച്ചിലവളമോ ചേര്‍ത്ത് രണ്ടാഴ്ചകഴിഞ്ഞശേഷം രാസവളപ്രയോഗം നടത്തിയാല്‍ മതി. 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് നിര്‍ബന്ധമായും രാസവളത്തോടൊപ്പം നല്‍കേണ്ടതാണ്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴയ്ക്ക് വിതറിയ പച്ചിലവളച്ചെടികള്‍ മണ്ണില്‍ ഉഴുത് ചേര്‍ക്കണം. ഓലചീയലിനെതിരെ കരുതല്‍ മാര്‍ഗമായി ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തെങ്ങിന്‍ മണ്ടയിലും ഓലയിലും പ്രത്യേകിച്ച് തുമ്പോലകളിലും തളിക്കുക. കൊമ്പന്‍ചെല്ലിക്കെതിരെ വേപ്പിന്‍പിണ്ണാക്ക് തുല്യ അളവില്‍ മണലുമായി ചേര്‍ത്ത് ഓലക്കവിളുകലില്‍ ഇടണം.
Leave a Reply