വാര്‍ദ്ധ്യക്യത്തെ ചെറുത്തുനിര്‍ത്താന്‍ കഴിവുള്ള ഹെവന്‍ ഫ്രൂട്ടിന്റെ ശാസ്ത്രീയനാമം മോമോര്‍ഡിക്ക കൊച്ചിന്‍ചയ്‌നെന്‍സിസ് എന്നാണ്. തെക്കുകിഴക്കന്‍ രാജ്യങ്ങളായ മലേഷ്യ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളാണ് ജന്മദേശം. മധുരപ്പാവല്‍, ഗാക്ക് ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പാവലിനോട് ഏറെ സാദൃശ്യമുള്ള ഒരു പഴമാണ് ഹെവന്‍ഫ്രൂട്ട്. കേരളത്തില്‍ കൊട്ടാരക്കര, തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെല്ലാം ഈ പഴം കണ്ടുവരുന്നുണ്ട്. പരമ്പരാഗതമായ ഔഷധമായും പഴമായും ഇത് ഉപയോഗിച്ചുവരുന്നു. പാകമാകാത്ത പഴങ്ങള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. ബീറ്റാകരോട്ടിന്‍, ലൈക്കോപിന്‍ എന്നിവ ഇതില്‍ കൂടുതലായിട്ടുണ്ട്. ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള ഭക്ഷണപദാര്‍ത്ഥമുണ്ടാക്കുവാനും പാനീയങ്ങളില്‍ കലര്‍ത്തുന്നതിനും ഹെവന്‍ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു. 5 മുതല്‍ 10 സെ.മീ. വരെ നീളമുള്ള പൂക്കളാണ് സാധാരണയായി കാണപ്പെടുന്നത്. വള്ളികള്‍ക്ക് 20 മീറ്റര്‍ വരെ നീളമുണ്ടാകും. ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇവ നട്ടുവളര്‍ത്താം. നല്ല സൂര്യപ്രകാശമുള്ളിടത്ത് പന്തല്‍ കെട്ടിയാണ് ഇവ കൃഷിചെയ്യേണ്ടത്. വിത്ത് മുളപ്പിച്ചും കമ്പുകള്‍ ഗ്രാഫ്റ്റ് ചെയ്തും ഇവ കൃഷിചെയ്യാവുന്നതാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഗാക്ക് ചെടികള്‍ പൂക്കുന്നത്. ഒരു സീസണില്‍ ഒരു ചെടിയില്‍ നിന്ന് അറുപത് പഴങ്ങള്‍ വരെ ലഭിക്കും.
Thursday, 21st November 2024
Leave a Reply