കൽപ്പറ്റ: പാഷൻ ഫ്രൂട്ടിനെ അംഗീകൃത കാർഷിക ഫലവർഗ്ഗ വിളയായി പ്രഖ്യാപിക്കണമെന്ന് അമ്പലവയലിൽ പാഷൻ ഫ്രൂട്ടിനെ സംബന്ധിച്ച ശില്പശാലയിൽ കർഷകർ ആവശ്യപ്പെട്ടു. ഇതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഷയാവതരണം നടത്തിയ പാഷൻ ഫ്രൂട്ട് കൃഷിയിലെ വിദഗ്ധൻ ഡോ: പി.പി. ജോയ് പറഞ്ഞു.
നിലവിൽ കാർഷിക വിളകളുടെ പട്ടികയിലോ ഫലവർഗ്ഗവിളകളുടെ പട്ടികയിലോ ഉൾപ്പെട്ടിട്ടില്ല. കേരളത്തിൽ നിലവിൽ ധാരാളം കർഷകർ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ചെറുകിട രീതിയിലും വ്യവസായിക അടിസ്ഥാനത്തിലും ഈ കൃഷി വ്യാപകമായി വരുന്ന സാഹചര്യത്തിൽ കർഷകർക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം വിളകളുടെ ലിസ്റ്റിൽ പ്പെടാത്തതിനാൽ സാമ്പത്തിക സഹായമോ വിളനഷ്ടം ഉണ്ടായാൽ നഷ്ടപരിഹാരമോ നൽകുന്നില്ല. പാഷൻ ഫ്രൂട്ടിന്റെ ധാരാളം സംസ്കരണ കേന്ദ്രങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളം വളർന്നു വരുന്നുണ്ട്.
പാക്കേജ് ഓഫ് പ്രാക്ടീസ്, ഇനം, സഹായങ്ങൾ, സംസ്കരണം, വിപണി തുടങ്ങിയ കാര്യങ്ങളിൽ ഇടപെടൽ വേണമെന്നും കർഷകർ ആവശ്യപ്പെട്ടു. പുതിയ കൃഷിരീതികളുടെ പ്രയോഗം, വിളവെടുപ്പിന് ശേഷമുള്ള പരിചരണം, വിപണി ശക്തിപ്പെടുത്തൽ, കൃഷി പരിശീലന ക്ലാസ്സുകൾ, തൊഴിൽ ലഭ്യത ഉറപ്പു വരുത്തൽ, ഉൽപന്ന വിപുലീകരണവും കയറ്റുമതിയും ,പരിസ്ഥിതി സംരക്ഷണം, സമഗ്ര ആരോഗ്യ സംരംക്ഷണം തുടങ്ങിയ കാര്യങ്ങൾ സർക്കാർ മുഖവിലക്കെടുക്കണം.
വയനാടിനെ പ്രത്യേക ഫലവർഗ്ഗ മേഖലയായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുത്ത രണ്ട് പഞ്ചായത്തുകളിൽ മാത്രമല്ല താൽപര്യമുള്ള എല്ലാ കർഷകർക്കും സഹായം നൽകണമെന്നും ആവശ്യം ഉയർന്നു. നിലവിൽ ഇതൊരു അംഗീകൃത വിളയല്ലങ്കിലും വിപണിയിൽ നല്ല ഡിമാൻഡുള്ളതിനാൽ കർഷക പാഷൻ ഫ്രൂട്ട് കൃഷിയിൽ തൽപരരാണന്ന് ശില്പശാലയിൽ പങ്കെടുത്ത കർഷകർ പറഞ്ഞു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ ശില്പശാലയിൽ പങ്കെടുത്തു.
Leave a Reply