കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് ലംപി സ്കിന്‍ രോഗം. കൊതുക്, കടിക്കുന്ന ഇനം ഈച്ചകള്‍, പട്ടുണ്ണികള്‍ തുടങ്ങി കന്നുകാലികളില്‍ കാണുന്ന പരാദജീവികളിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. കന്നുകാലികളെ മാത്രം ബാധിക്കുന്ന ഈ രോഗം മറ്റ് മൃഗങ്ങളെയോ മനുഷ്യരെയോ ബാധിക്കുകയില്ല.
രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പനിയും തുടര്‍ന്ന് ശീരമാസകലമുണ്ടാകുന്ന മുഴകളുമാണ് പ്രധാന രോഗലക്ഷണം. ഈ മുഴകള്‍ ഉരുണ്ടതും താരതമ്യേന കട്ടിയുളളതും തൊലിപ്പുറത്തോ തൊലിക്കടിയിലെ കലകളോ, പേശികളോ ഉള്‍പ്പെട്ടതുമായിരിക്കും. വായ്ക്കുളളിലും, തൊണ്ട, ശ്വാസനാളം എന്നിവയിലും രോഗലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. ശരീരംശോഷിക്കുക, കഴലഗ്രന്ഥികളുടെവീക്കം, കൈകാലുകളിലെ നീര്‍വീക്കം, പാലുല്‍പാദനത്തിലെ കുറവ്, അബോര്‍ഷന്‍, വന്ധ്യത തുടങ്ങിവയും രോഗത്തിന്‍റെ ലക്ഷണങ്ങളോടൊപ്പം കാണപ്പെടാറുണ്ട്. അപൂര്‍വ്വമായി മരണവും സംഭവിക്കാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങള്‍ രണ്ട് മൂന്ന് ആഴ്ചകള്‍ക്കുളളില്‍ രോഗവിമുക്തമാകുമെങ്കിലും പാലുല്‍പാദനത്തിലെ കുറവ് വളരെക്കാലം നീണ്ടുനില്‍ക്കും. കന്നുകാലികളെ പുതുതായിവാങ്ങുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങളുളള കന്നുകാലികളെ പ്രത്യേകം പാര്‍പ്പിക്കുക. കന്നുകാലികളുടെ ശരീരത്തിലെ ഈച്ചകള്‍, ഉണ്ണികള്‍ തുടങ്ങിയ പരാദജീവികളെ നശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക തൊഴുത്തില്‍ ശുചിത്വം പാലിക്കുകയും അണുനാശിനികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുക എന്നിവയാണ് രോഗസംക്രമണം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. രോഗബാധ സംശയിക്കപ്പെടുന്ന പക്ഷം കര്‍ഷകര്‍ക്ക് അതത് പ്രദേശത്തെ വെറ്ററിനറി ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കാവുന്നതാണ്. രോഗം സംബന്ധിച്ച സംശയങ്ങള്‍ക്ക് സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പരായ 0471-2732151 ല്‍ വിളിക്കാവുന്നതുമാണ്.
Leave a Reply