Tuesday, 19th March 2024

അന്യസംസ്ഥാന ലോബികൾ കയ്യടക്കി വെച്ചിരിക്കുന്ന ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ  പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കൊല്ലം ജില്ലാതല മൃഗസംരക്ഷണ രംഗത്തെ കർഷക അവാർഡുകൾ കൊട്ടിയത്ത് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിയിറച്ചിയുടെ വില തോന്നും പോലെ കയറിയും ഇറങ്ങിയും പോകുന്നു. കോയമ്പത്തൂരും നാമക്കല്ലും പല്ലടത്തും ദിണ്ടിഗല്ലുമൊക്കെയുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില തീരുമാനിക്കുന്നത്. ആ സ്ഥിതിയ്ക്ക് മാറ്റം വരും. ആദ്യഘട്ടത്തിൽ ആയിരത്തോളം ഇറച്ചിക്കോഴി ഫാമുകൾ കേരളത്തിൽ സ്ഥാപിക്കും. ഇറച്ചി സംസ്കരണ പ്ലാൻ്റുകൾ, അവശിഷ്ടങ്ങൾ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കുന്ന യൂണിറ്റുകൾ, ബ്രോയ്ലർ ബ്രീഡിംഗ് ഫാമുകൾ  കുടുംബശ്രീയുടെ വിപണന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ കേരള ബ്രാൻറിൽ ചിക്കൻ പുറത്തിറക്കും. ഇതിനായി 65.82 കോടിയുടെ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ ക്ഷീരഗ്രാമങ്ങൾ സ്ഥാപിക്കും. പുറത്തു നിന്നു വരുന്ന കാലികളെ പാർപ്പിക്കാൻ പത്തനാപുരത്തെ പന്തപ്ലാവിൽ ക്വാറൻ്റൈൻ കേന്ദ്രവും കന്നുകുട്ടികൾക്ക് തീറ്റ നൽകുവാൻ കർഷകർക്ക് ധനസഹായവും നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മികച്ച ക്ഷീരകർഷകയായി തെരഞ്ഞെടുത്ത പൂതക്കുളം കാവേരിയിൽ പി. പ്രമീളയ്ക്ക് 20,000 രൂപ പുരസ്കാരവും മികച്ച ജന്തുക്ഷേമ സംഘടനയായ നിലമേൽ അഹിംസയ്ക്ക് 10,000 രൂപ പുരസ്കാരവും മന്ത്രി സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം രേഖ ചന്ദ്രൻ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്,  ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ.അജി ലാസ്റ്റ്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.സി.പി.അനന്തകൃഷ്ണൻ, അസി.ഡയറകടർ ഡോ.ഡി. ഷൈൻ കുമാർ, ഡോ.എസ്. പ്രിയ, ഡോ.കെ.മോഹനൻ, ഡോ.ബി.അജിത് ബാബു എന്നിവർ സംസാരിച്ചു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *