Thursday, 12th December 2024
തിരുവനന്തപുരം:  ഡിസംബർ 23 ദേശീയ കർഷകദിനാഘോഷത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് നടക്കുന്ന കർഷകദിനാഘോഷവും കിസാൻ എക്‌സ്‌പോയും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കാർഷിക മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വേണ്ടത്ര പരിഗണനയും പ്രാധാന്യവും പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് കർഷകർക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളുടേയും അടിത്തറയെന്നു വ്യക്തമാക്കിയ മന്ത്രി ഈ മേഖലയെ ഗൗരവത്തിൽ കാണുക എന്നുള്ളത് സമൂഹത്തിന്റേയും സർക്കാരുകളുടേയും ഒരുപോലെയുള്ള ഉത്തരവാദിത്വമാണെന്നും പറഞ്ഞു. തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രീസും എക്‌സിക്യൂട്ടീവ് നോളജ് ലൈൻസും സംയുക്തമായാണ് കവടിയാറിലെ തിരുവന്തപുരം ചേമ്പർ ഓഫ് കൊമേഴ്‌സ് ആഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ടി സി സി ഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ അധ്യക്ഷനായ ചടങ്ങിൽ എക്‌സിക്യൂട്ടീവ് നോളജ് ലൈൻസ് മാനേജിങ് ഡയറക്ടർ സിജി നായർ, കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ബേബിമാത്യു സോമതീരം, സൗത്ത് കേരള ഹോട്ടലേഴ്‌സ് ഫോറം സെക്രട്ടറി മനോജ് ബാബു, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്, സിട്രിൻ ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടർ പ്രസാദ് മാഞ്ഞാലി, കേരള ഹോട്ടൽസ് ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ശിശുപാലൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
22, 23 തീയതികളിലായി കവടിയാറിലെ തിരുവന്തപുരം ചേമ്പർ ഓഫ് കൊമേഴ്‌സ് ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന കിസാൻ എക്‌സ്‌പോയിൽ വിവിധ കർഷക സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിക്കും. രാജ്യത്തെ മുഴുവൻ കർഷകരേയും കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ഓർമപ്പെടുത്തൽ നൽകികൊണ്ട് ആചരിക്കപ്പെടുന്ന ഈ ചടങ്ങിൽ കാർഷിക രംഗത്ത് മികച്ച രീതിയിലുളള സംഭാവനകൾ നൽകിയ കർഷകരെയും കാർഷിക വ്യവസായിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവച്ച വ്യക്തികളേയും പ്രസ്ഥാനങ്ങളേയും ആദരിക്കും. ഇതിനു പുറമെ  കർഷകരുടെ ഉന്നമനത്തിനു ഉതകുന്ന തരത്തിൽ കൃഷി സംബന്ധമായ നൂതന ആശയങ്ങളും സാങ്കേതിക അറിവുകളും കർഷകർക്കു മുൻപാകെ വിദഗ്ധർ പങ്കുവയ്ക്കും. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കാർഷിക ഉത്പ്പന്ന സേവന പ്രദർശനം, ബയേഴ്‌സ് സെല്ലേഴ്‌സ് മീറ്റിങ്, സർക്കാരുകളുടെ വിവിധ കാർഷിക സ്‌കീമുകളെ പരിചയപ്പെടുത്തൽ എന്നിവയുമാണ് കിസാൻ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *