Thursday, 12th December 2024
കീടനാശിനി കമ്പനികൾ സംസ്ഥാനത്ത് കർഷകരുടെ കൃഷിയിടങ്ങളിൽ ഓൺ ഫാം ഡെമോൺസ്ട്രേഷൻ ഉൾപ്പെടെ ചില പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പ്രസ്തുത പരീക്ഷണങ്ങൾ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവായതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു.
 സംസ്ഥാനത്തെ കർഷകരുടെ കൃഷിയിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന കമ്പനി പ്രതിനിധികൾ നേരിട്ട് എത്തുകയും  പല രാസകീടനാശിനികളും നിർദേശിക്കുകയും ചെയ്യുന്നതായി മന്ത്രിക്ക് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. ചില കമ്പനികൾ കർഷകരുടെ കൃഷിയിടങ്ങളിൽ തങ്ങളുടെ കീടനാശിനികളുടെ പരീക്ഷണവും നടത്താറുണ്ട്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴം പച്ചക്കറികളിൽ മാരക കീടനാശിനികൾ ഉൾപ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യവും അടുത്തിടെ നടത്തിയ വിഷാവശിഷ്ട വീര്യ പരിശോധനയിൽ  കണ്ടതിനെ കൂടി തുടർന്നാണ് സർക്കാർ ഇക്കാര്യം വളരെ ഗൗരവമായി പരിഗണിക്കുകയും മന്ത്രിയുടെ ശുപാർശ പ്രകാരം ഇത്തരം നടപടികൾ നിരോധിക്കുന്നതിനുള്ള നിർദേശവുമായി മുന്നോട്ടുപോയതും. ഇത്തരം പരീക്ഷണങ്ങൾ പരിസ്ഥിതി സുരക്ഷ യേയും സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തെയും സാരമായി ബാധിക്കുന്നവയാണെന്ന് മന്ത്രി അറിയിച്ചു. മണ്ണിനേയും ജൈവ ആവാസ വ്യവസ്ഥയെയും തന്നെ തകിടംമറിക്കുന്ന മാരക കീടനാശിനികൾ വരെ പരീക്ഷണത്തിനായി ഇത്തരം കമ്പനികൾ ഉപയോഗിക്കാറുണ്ട് .ഈ സ്ഥിതിവിശേഷം കണക്കിലെടുത്താണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്വകാര്യകമ്പനികളുടെ ഡെമോൺസ്ട്രേഷനും കമ്പനികൾ കൃഷിയിടത്തിൽ നേരിട്ട് പോയി കർഷകർക്ക് നൽകുന്ന നിർദ്ദേശങ്ങളും നിരോധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *