
കാട്ടിക്കുളം: കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തന്നതിനുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കിഴങ്ങ് കൃഷി ആരംഭിച്ചു. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കുടുംബശ്രീ ജോയിന്റ് ലൈബലിറ്റി ഗ്രൂപ്പു(ജെ.എല്‍.ജി)കളാണ് കൃഷിചെയ്യുന്നത്. കൊവിഡ്-19ന്റെ ഭാഗമായി പ്രഖ്യപിച്ച ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും ഗ്രോത്ര വിഭാഗക്കാരെ കൈപിടിച്ചുയര്‍ത്തുന്നതിനാണ് കുടുംബശ്രീ ഇത്തരത്തിലൊരു ഇടപെടല്‍ നടത്തുന്നത്. തിരുനെല്ലി പഞ്ചായത്തിലെ 17 വാര്‍ഡുകളിലായാണ് കൃഷി ചെയ്യുന്നത്. ഗോത്രവിഭാഗക്കാരുടെ സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും കൃഷി സംസ്‌കാരം തിരിച്ചു കൊണ്ടുവരുന്നതിനും കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 86 ജെ.എല്‍.ജികളിലായി 430 വനിതകളും അഞ്ച് യൂത്ത് ക്ലബ്ബുകളിലായി 43 യുവാക്കളും ഇതിന്റെ ഭാഗമായി കൃഷിയിലേര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ 76 ഏക്കറില്‍ ആരംഭിച്ച് ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 ഏക്കര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, ചേന, ചേമ്പ് എന്നിവയാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ഓരോ ഗ്രൂപ്പുകളും 40 സെന്റ് മുതല്‍ മൂന്ന് ഏക്കര്‍ വരെയുള്ള സ്ഥലത്താണ് കൃഷികളിറക്കുന്നത്. കൃഷി ശാസ്ത്രീയമായി നടത്തുന്നതിന് കൃഷിവകുപ്പിന്റെ പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ട്. നിലവില്‍ രൂപീകരിച്ച ഗ്രാമസമിതികളിലൂടെയാണ് ജെ.എല്‍.ജികള്‍ക്കാവശ്യമായ വായ്പകള്‍ ലഭ്യമാക്കുന്നത്. കിഴങ്ങ് കൃഷിയുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ധീന്‍, സായ്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply