
ഡോ. പി.കെ.മുഹ്സിന്‍ താമരശ്ശേരി
കന്നുകുട്ടികള്‍ സാധാരണഗതിയില്‍ ശ്വസിക്കുന്നില്ലെങ്കില്‍ കൃത്രിമമായ ശ്വാസോച്ഛ്വാസം നല്‍കണം. പിന്‍കാല് പിടിച്ചുകൊണ്ട് തലകീഴായി ആട്ടിയാല്‍ കൃത്രിമമായി ശ്വാസം ലഭിക്കും. കൂടാതെ ശരീരം തിരുമ്മിയും നെഞ്ചിന്‍റെ ഭാഗത്ത് ഇടവിട്ട് അമര്‍ത്തികൊടുത്ത് നാവ് മുമ്പോട്ട് വലിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാം.
ആരോഗ്യമുള്ള കന്നുകുട്ടികളെ ലഭിക്കണമെങ്കില്‍ പശുക്കള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ പരിപാലനത്തില്‍ ശ്രദ്ധിക്കുക. ശരിയായ സംരക്ഷണം ലഭിക്കാത്ത പശുക്കള്‍ ആരോഗ്യമില്ലാത്ത കന്നുകുട്ടികള്‍ക്കാണ് ജന്മം നല്‍കുക ഗര്‍ഭാവസ്ഥയിലുള്ള കന്നുകുട്ടിയുടെ പരമാവധി വളര്‍ച്ച പ്രാപിക്കുന്നത് ഗര്‍ഭത്തിന്‍റെ അവസാനത്തെ രണ്ടോ മൂന്നോ മാസത്തിലാണ്. ഈ അവസരത്തില്‍ ഗര്‍ഭിണിയായ പശുക്കള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കിയിരിക്കണം. കൂടുതലായി കൊടുക്കുന്ന തീറ്റ കന്നുകുട്ടിയുടെ വളര്‍ച്ചയ്ക്ക് പുറമെ പശുവിനെ പ്രസവത്തിന് സുസജ്ജമാക്കുകയും ചെയ്യുന്നു. ഇക്കാര്യം ഉറപ്പുവരുത്താനായി പശുക്കള്‍ക്ക് കറവയില്ലാത്ത രണ്ട് മാസത്തെ വിശ്രമം തന്നെയങ്കിലും കൊടുത്തിരിക്കണം.
നവജാത കന്നുകുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണ്. താഴെ കൊടുത്ത കാര്യങ്ങളില്‍ കാലിവളര്‍ത്തുകാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്.
ജനിച്ച ഉടനെ കന്നുകുട്ടിയുടെ വായും മൂക്കും നന്നായി തുടച്ച് വൃത്തിയാക്കണം. ഇത് ശ്വസനം എളുപ്പമാക്കുന്നു. ശ്വസനം നിലച്ചവയ്ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. പിന്‍കാല് പിടിച്ചുകൊണ്ട് തലകീഴായി ആട്ടിയാല്‍ കൃത്രിമശ്വാസം ലഭിക്കും. കൂടാതെ ശരീരം തിരുമ്മിയും നെഞ്ചിന്‍റെ ഭാഗത്ത് ഇടവിട്ട് അമര്‍ത്തിക്കൊടുത്ത് നാവ് മുന്നോട്ട് വലിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാം. കന്നുകുട്ടിയുടെ ശരീരം ഒരു തുണികൊണ്ടോ ചാക്കുകൊണ്ട് തുടച്ച് ഉണക്കണം.
കന്നുകുട്ടിയുടെ പൊക്കിള്‍ക്കൊടി ശരീരത്തില്‍ നിന്നും രണ്ടര സെന്‍റീമീറ്റര്‍ താഴെയായി നൂല്‍കൊണ്ട് കെട്ടിയശേഷം കെട്ടിന്‍റെ ഒരു സെന്‍റീമീറ്റര്‍ താഴെയായി മൂര്‍ച്ചയുള്ള കത്തിയോ കത്രികയോകൊണ്ട് മുറിക്കേണ്ടതാണ്. മുറിഭാഗത്ത് ചിങ്ചര്‍ അയഡിനോ മറ്റഉ ആന്‍റിസെപ്റ്റിക് ലോഷനോ പുരട്ടാം.
കന്നുകുട്ടികളെ തള്ളയില്‍ നിന്നും പ്രസവാനന്തരം വേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ജനിച്ച ഉടനെ തന്നെ ചെയ്യേണ്ടതാണ്. ഇതുകൊണ്ട് വേര്‍പാടിന്‍റെ വിഷമം പശുക്കള്‍ക്ക് ഉണ്ടാവുന്നില്ല. ഇപ്രകാരം പ്രസവാനന്തരം കന്നുകുട്ടികളെ വേര്‍പ്പെടുത്തി വളര്‍ത്തുന്നതിനെ വീനിംഗ് എന്നുപറയുന്നു. ഇതിന് ചില നല്ല വശങ്ങളുണ്ട്. പശുക്കുട്ടി ചത്തുപോയാലും തന്മൂലം പശുക്കളെ കറക്കാന്‍ സാധിക്കുന്നു. പശുക്കളുടെ മുഴുവനായിട്ടുള്ള പാലുല്‍പ്പാദനം നിര്‍ണ്ണയിക്കുവാനും വീനിംഗ് സാധ്യമാകുന്നു. കന്നുകുട്ടികള്‍ക്ക് കൊടുക്കുന്ന പാല്‍ കൃത്യമായ അളവില്‍ ക്രമീകരിക്കാനും ഇതുകൊണ്ട് സാധിക്കുന്നു. തള്ളപ്പശുവില്‍ നിന്ന് കുട്ടികളിലേക്കും തിരിച്ചുമുള്ള രോഗപ്പകര്‍ച്ച ഇതുകൊണ്ട് തടയാം.
പ്രസവ ഷെഡിലെ അഴുക്ക് പുരണ്ടതും നനവുള്ളതുമായ വസ്തുക്കളെ പ്രസവാനന്തരം നീക്കം ചെയ്യേണ്ടതാകുന്നു. പശുവിന്‍റെ അകിട് ഒരു അണുനാശിനികൊണ്ട് കഴുകുന്നതുമൂലം രോഗാണുക്കള്‍ പശുവിന്‍റെ അകിട്ടില്‍ നിന്ന് കുട്ടികളിലേക്ക് ആദ്യത്തെ മുലകുടിപ്പിക്കലില്‍ സംക്രമിക്കുന്നത് തടയാം.
കന്നുകുട്ടി ആരോഗ്യമുള്ളതാണെങ്കില്‍ അത് ജനിച്ച് അര മണിക്കൂറിനുളഅളില്‍ തന്നെ എഴുന്നേറ്റ് നില്‍ക്കുകയും പാല്‍ കുടിക്കുകയും ചെയ്യുന്നു. ഇപ്രകാരം ചെയ്യുന്നില്ലെങ്കില്‍ അതിന് വേണ്ട സഹായം നല്‍കുകയും പാല്‍ കുടിപ്പിക്കുകയും വേണം.
ജനിച്ച ഉടനെ കന്നുകുട്ടികള്‍ക്ക് കൊളസ്ട്രം അഥവാ കന്നിപ്പാല്‍ നല്‍കണം. ഇത് ചുരുങ്ങിയത് നാലുദിവസത്തേക്കെങ്കിലും കൊടുത്തിരിക്കണം.
കൊളസ്ട്രം എന്നാല്‍ പ്രസവാനന്തരം സ്രവിക്കപ്പെടുന്ന ആദ്യത്തെ പാലാണ്. കൊളസ്ട്രത്തില്‍ രോഗബാധയ്ക്കെതിരെയുള്ള പ്രതിരോധ വസ്തുക്കള്‍ വളരെയധികം അടങ്ങിയിരിക്കുന്നു. കന്നുകുട്ടികള്‍ക്ക് ജീവിതതത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ രോഗപ്രതിരോധ വസ്തുക്കളെ ഉദരത്തില്‍ നിന്ന് ധാരാളമായി വലിച്ചെടുക്കാനുള്ള കഴിവുണ്ട്.
കൊളസ്ട്രത്തില്‍ പ്രോട്ടീന്‍, ധാതുലവണങ്ങള്‍, വൈറ്റമിന്‍ എ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചെറിയ തോതില്‍ മലശോധന ഉണ്ടാക്കുവാനും ഇത് സഹായിക്കുന്നു.
നേരത്തെ തന്നെ വീനിംഗ് നടത്തുമ്പോള്‍ കന്നുകുട്ടികളുടെ ശരീരം ഒരു ടവലോ ചാക്കോ ഉപയോഗിച്ച് വൃത്തിയാക്കുക. തുടക്കത്തില്‍ കന്നിപ്പാലും പിന്നീട് മൂന്നുമാസം വരെ ശരീര തൂക്കത്തിനനുസരിച്ചും പാലും കൊടുക്കാം. ഈ സമ്പ്രദായത്തില്‍ കന്നുകുട്ടികളെ പാല്‍ കുടിക്കാന്‍ പരിശീലിപ്പിക്കേണ്ടതായിട്ടുണ്ട്. മിക്കവാറും കന്നുകുട്ടികള്‍ പരിശീലനം കൂടാതെ തന്നെ പാത്രങ്ങളില്‍ നിന്ന് പാല്‍ കുടിക്കും. അതിന്‍റെ വായ പാലില്‍ മുക്കുന്നില്ലെങ്കില്‍ ഏതാനും സെക്കന്‍റുകള്‍ വായ പാലില്‍ നിര്‍ബന്ധിച്ച് മുക്കണം. തദവസരത്തില്‍ പശുക്കുട്ടി വായയ്ക്ക് ചുറ്റുമുള്ള പാല്‍ നക്കി തുടങ്ങും. ഈ പ്രക്രിയ ആവര്‍ത്തിക്കുമ്പോള്‍ ക്രമേണ പാല്‍ കുടിക്കാന്‍ തുടങ്ങും.
മറ്റൊരു രീതിയില്‍ കന്നുകുട്ടിയുടെ വായ പാല്‍പാത്രത്തിന്‍റെ സമീപം കൊണ്ട് വന്ന് പാലില്‍ മുക്കിയ ഒരു വിരല്‍ വായില്‍ വെയ്ക്കുക. ഈ വിരല്‍ താഴ്ത്തി ക്രമേണ പാലില്‍ മുക്കുക. വിരല്‍ നക്കുന്ന കന്നുകുട്ടി ക്രമേണ പാല്‍ കുടിച്ച് തുടങ്ങുന്നു.
നവജാത കന്നുകുട്ടിയുടെ ആദ്യത്തെ വിസര്‍ജ്യത്തെ മെക്കോണിയം എന്ന് പറയുന്നു. ഇത് ആദ്യമായി കന്നിപ്പാല്‍ കുടിച്ചതിന് ശേഷം ആറ് മണിക്കൂറിനുള്ളില്‍ വയറ്റില്‍ നിന്ന് പോകുന്നു. തുടക്കത്തിലെ ചാണകം ടാര്‍പോലെ നിറവും സാന്ദ്രതയും ഉള്ളതായിരിക്കും. ഇത് ജനനത്തിന് മുമ്പ് ദഹനവ്യൂഹത്തില്‍ അടിഞ്ഞുകിടക്കുന്ന വസ്തുക്കളായിരിക്കും. ഇതിന് ശേഷം മഞ്ഞ നിറത്തിലുള്ള ചാണകം 6 മുതല്‍ 8 മണിക്കൂര്‍ ഇടവിട്ട് പോകുന്നു.
കന്നുകുട്ടികളുടെ ഉടനെയുള്ള ശരീരഭാരം നോക്കിയിരിക്കണം. അതിന് നല്‍കേണ്ട പാലിന്‍റെ അളവ് നിര്‍ണ്ണയിക്കാനാണ് ഇത് ചെയ്യുന്നത്. ഭാവി വളര്‍ച്ചയുടെ സൂചികയുമാണിത്.
എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാനും മൃഗങ്ങള്‍ തമ്മില്‍ കുത്തുകൂടുന്നത് ഒഴിവാക്കാനുമായി ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ മുള്ച് വരുന്ന കൊമ്പ് നശിപ്പിക്കാം.
ചില പശുക്കുട്ടികളില്‍ നാലു മുലക്കാമ്പുകള്‍ക്ക് പുറമെ രണ്ട് മുലക്കാമ്പുകള്‍ കൂടുതലായി കണ്ടേക്കാം. ഇത് ഒരു മാസം കഴിഞ്ഞ് രണ്ട് മാസമാവുന്നതിന് മുമ്പായി നീക്കം ചെയ്യാവുന്നതാണ്.
കന്നുകുട്ടികളെ ധാരാളം വെളിച്ചവും വായു സഞ്ചാരവുമുള്ള ഷെഡ്ഡില്‍ പാര്‍പ്പിക്കണം. സമയാസമയങ്ങളില്‍ വിരയിളക്കല്‍ നടത്തേണ്ടതാണ്.
Leave a Reply