
ഇഞ്ചി, വെളുത്തുളളി, കാന്താരിമുളക്, ചക്കപ്പഴം, പൈനാപ്പിള്‍ എന്നിവയ്ക്ക് ഇനി തേനിന്‍റെ മധുരം. ഹോര്‍ട്ടികോര്‍പ്പിന്‍റെ വിപണിയില്‍ ഇനി ഇത്തരം ഉത്പന്നങ്ങള്‍ തേനില്‍ സംസ്കരിച്ച് പായ്ക്ക് ചെയ്യപ്പെട്ട രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഇത്തരം തേനധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം തിരുവനന്തപുരം പ്രസ്സ്ക്ലബ്ബില്‍ വച്ച് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു..
സംസ്ഥാനത്തെ തേനീച്ച കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചതേന്‍ ഹോര്‍ട്ടികോര്‍പ്പ് നിലവില്‍ സംഭരിച്ചു വരുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഏകദേശം 35 മെട്രിക് ടണ്‍ തേന്‍ ഇതിനകം ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംഭരിച്ച തേന്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഹണി പ്രോസസിംഗ് പ്ലാന്‍റില്‍ സംസ്കരിച്ച് څഅമൃത് ഹണിچ എന്ന പേരില്‍ വിപണിയില്‍ ലഭ്യമാക്കുന്നു. ഇതിനു പുറമേ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗ്ഗങ്ങളായ ചക്ക, പൈനാപ്പിള്‍, ഞാവല്‍, പാഷന്‍ഫ്രൂട്ട്, മുട്ടിപ്പഴം എന്നിവ തേനില്‍ സംസ്കരിച്ച് തയ്യാറാക്കിയ മൂല്യ വര്‍ദ്ധിത തേന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇനി മുതല്‍ ലഭ്യമാകും. ഇതു കൂടാതെ ഇഞ്ചി തേന്‍, വെളുത്തുളളി തേന്‍, കാന്താരി തേന്‍ എന്നിവയും ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ ഇറക്കിയിട്ടുണ്ട്.
പഴം പച്ചക്കറി സംഭരണ വിതരണ രംഗത്ത് ഉത്പാദകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കുക എന്ന ദൗത്യവുമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്ത് തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന നോഡല്‍ ഏജന്‍സി കൂടിയാണ്. തേനീച്ച വളര്‍ത്തലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതും നടപ്പിലാക്കുന്നതും ആലപ്പുഴ ജില്ലയിലെ മാവേലിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രമാണ്. ഈ കേന്ദ്രത്തില്‍ ആധുനിക രീതിയില്‍ തേന്‍ സംസ്കരിക്കാന്‍ കഴിയുന്ന തേന്‍ സംസ്ക്കരണ യൂണിറ്റും തേന്‍ പാക്കിംഗ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന തേനീച്ച വളര്‍ത്തല്‍ നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ വഴിയുളള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. തേന്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തേനീച്ച കര്‍ഷകര്‍ക്ക് വിവിധ പരിശീലന പരിപാടികള്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുണ്ട്. തേന്‍കൃഷി വ്യാപനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രചരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു.
ഉദ്ഘാടന ചടങ്ങില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ.എസ്, ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ സജീവ്, ഹോര്‍ട്ടികോര്‍പ്പ് ബിസിനസ് ഡെവലപ്പ്മെന്‍റ് മാനേജര്‍ ഷാജി, റീജിയണല്‍ മാനേജര്‍മാരായ സുനില്‍, അനിത എന്നിവര്‍ പങ്കെടുത്തു.
Leave a Reply