കാര്‍ഷിക സ്വര്‍ണപണയ വായ്പ സംബന്ധിച്ച് ഇന്നത്തെ ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണം പണയം വെച്ച് വാണിജ്യബാങ്കകളില്‍ നിന്ന് കാര്‍ഷികവായ്പയെടുത്തവരില്‍ ഏറെപ്പേരും കര്‍ഷകരല്ല എന്ന് കേന്ദ്ര കൃഷി മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തലാക്കുന്ന നടപടിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നുവെന്നുമാണ് വാര്‍ത്തകളില്‍ കണ്ടത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കാര്‍ഷിക സ്വര്‍ണപണയ വായ്പ നിര്‍ത്തലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലാത്തതും സ്വര്‍ണ പണയത്തിന്മേലുള്ള കാര്‍ഷിക വായ്പകള്‍ നിര്‍ത്തിവയ്ക്കാനോ പരിമിതപ്പെടുത്തുന്നതിനോ വേണ്ടിയുള്ള ഏതെങ്കിലും ഉത്തരവോ നിര്‍ദ്ദേശമോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സംസ്ഥാന സര്‍ക്കാരിനോ എസ്.എല്‍.ബി.സി.യ്ക്കോ ലഭിച്ചിട്ടില്ലാത്തതുമാണ്. വസ്തുതകള്‍ ഇതായിരിക്കേ, ചില മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇപ്പോഴത്തെ ആശങ്ക അടിസ്ഥാനരഹിതവും അസ്ഥാനത്തുമാണെന്ന് അറിയിക്കട്ടെ. കര്‍ഷകര്‍ക്ക് 4% മാത്രം പലിശയില്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സ്വര്‍ണ പണയ കാര്‍ഷിക വായ്പ സംസ്ഥാന കൃഷി വകുപ്പിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നുവെന്ന നിലയില്‍ സോഷ്യല്‍ മീഡിയ വഴിയും വ്യാപകമായ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്. ഇത് ദുരപദിഷ്ടവും ആസൂത്രിതവുമാണ്. യഥാര്‍ത്ഥത്തില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പലിശയിളവ് തട്ടിയെടുത്ത് സാമ്പത്തികലാഭം നേടിക്കൊണ്ടിരിക്കുന്ന ചില സംഘടിതശക്തികളാണ് ഇത്തരം കള്ളപ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. കര്‍ഷകരെ ആത്മാര്‍ത്ഥമായി സഹായിക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ വെച്ചിട്ടുള്ളത്.
കാര്‍ഷിക സ്വര്‍ണപണയ വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ വലിയ തോതിലുള്ള തിരിമറികളും ക്രമക്കേടുകളും നടക്കുന്നതായി നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഗുണകരമാകേണ്ട ചെറിയ പലിശയ്ക്കുള്ള സ്വര്‍ണപണയ വായ്പ അനര്‍ഹരായ ആളുകളുടെ കൈകകളിലേക്ക് എത്തുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പാവപ്പെട്ട കര്‍ഷകര്‍ കാര്‍ഷിക-കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വായ്പയ്ക്ക് ബാങ്കുകളെ സമീപിക്കുമ്പോള്‍ അവര്‍ക്ക് എങ്ങനെ വായ്പ നിഷേധിക്കാം എന്നാണ് പല ബാങ്കുകളും ഗവേഷണം നടത്തുന്നത്. എന്നാല്‍, കര്‍ഷകനല്ലാത്ത ഒരാള്‍ കാര്‍ഷിക സ്വര്‍ണ പണയ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ ഉടനെതന്നെ വായ്പ അനുവദിക്കുന്ന സമ്പ്രദായവും നമ്മുടെ നാട്ടിലുണ്ട്. മൊത്തം വായ്പയുടെ 18 ശതമാനം കാര്‍ഷികവായ്പ ആയിരക്കണമെന്ന സര്‍ക്കാര്‍ നിബന്ധനയാണ് ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നത്. 
കര്‍ഷകര്‍ക്ക് ഈടില്ലാതെ തന്നെ 1.6 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുന്ന പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്(KCC)പദ്ധതി. കൃഷി ചെയ്യുന്ന ഏതൊരാള്‍ക്കും ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. അങ്ങനെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ച ഏതൊരു കര്‍ഷകനും അയാളുടെ കൃഷിയാവശ്യത്തിനായി ഒരു ഈടും നല്‍കാതെ തന്നെ 1.6 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍, KCCയിലേക്ക് കര്‍ഷകരുടെ അക്കൗണ്ടുകള്‍ മാറ്റുവാന്‍ ബാങ്കുകള്‍ തയ്യാറാകാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതുമൂലം കാര്‍ഷിക ലോണുകള്‍ വാങ്ങുന്ന അക്കൗണ്ടുകളില്‍ 21 ശതമാനം അക്കൗണ്ടുകള്‍ മാത്രമാണ് KCC അക്കൗണ്ടുകളായിട്ടുള്ളത്. ഇതില്‍ സഹകരണ ബാങ്കുകളാണ് 85% KCCയും നല്‍കിയിട്ടുള്ളത്. അതേസമയം വാണിജ്യബാങ്കുകള്‍ മൊത്തം കാര്‍ഷിക വായ്പയുടെ 63%വും അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണുകളാണ്. KCC ലോണായാലും അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണായാലും ലോണുകളുടെ പലിശയുടെ 5% കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയായതിനാല്‍ കര്‍ഷകര്‍ക്ക് 4% മാത്രമേ നല്‍കേണ്ടതുള്ളൂ. ഈ പലിശയിളവ് നല്‍കുന്നത് കൃഷി ചെയ്യുന്ന പാവപ്പെട്ട കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ലഭിക്കുന്നതിന് വേണ്ടിയാണ്. നിലവിലുള്ള നിയമപ്രകാരം ബാങ്കുകള്‍ നല്‍കുന്ന ലോണുകളുടെ 18 ശതമാനം കാര്‍ഷിക ലോണുകളായിരിക്കണം എന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിനുകാരണം കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നിര്‍ബന്ധമായും കാര്‍ഷിക ലോണ്‍ കൊടുത്തിരിക്കണം എന്നുറപ്പുവരുത്താനാണ്. കര്‍ഷകരല്ലാത്ത ആളുകളും കൃഷി ചെയ്യാത്തവരും സ്വര്‍ണം പണയം വെച്ച് കാര്‍ഷിക ലോണുകള്‍ വാങ്ങുന്നതിനുള്ള സൗകര്യം ബാങ്കുകള്‍ നല്‍കുന്നതുവഴി കൃഷിക്കാര്‍ക്കും കാര്‍ഷികമേഖലയ്ക്കുംവേണ്ടി നല്‍കുന്ന പലിശ സബ്സിഡി കര്‍ഷകരല്ലാത്തവര്‍ നേടിയെടുക്കുന്നുവെന്ന് മാത്രമല്ല, ബാങ്കുകള്‍ക്ക് തങ്ങള്‍ അനുവദിച്ച ലോണുകളില്‍ 18 ശതമാനവും കാര്‍ഷിക ലോണുകളാണെന്ന് റിസര്‍വ് ബാങ്കിനു മുന്നിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്നിലും സ്ഥാപിക്കാനും കഴിയും. ഇതിന്റെ കര്‍ഷകവിരുദ്ധമായ മറുവശം 1.6 ലക്ഷം രൂപ വരെ ഈടില്ലാതെ തന്നെ ലഭിക്കാവുന്ന KCC അക്കൗണ്ടുകള്‍ വഴിയുള്ള ലോണുകള്‍ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. (കാരണം, അല്ലാതെ തന്നെ ബാങ്കുകള്‍ 18 ശതമാനം വരെ കാര്‍ഷിക ലോണ്‍ നല്‍കി എന്ന് കണക്കുകള്‍ വഴി സ്ഥാപിക്കപ്പെടുന്നു.) ഈടില്ലാതെ തന്നെ ലഭിക്കേണ്ട ലോണുകള്‍ കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെടുന്നു. സ്വന്തമായി സ്വര്‍ണശേഖരമില്ലാത്ത മഹാഭൂരിപക്ഷം പാവപ്പെട്ട കര്‍ഷകരും വട്ടിപലിശയ്ക്ക് ലോണെടുക്കേണ്ടിവരുന്നു. മാത്രവുമല്ല, കര്‍ഷകര്‍ ഭൂമി പണയം നല്‍കിയാല്‍ ബാങ്കുകള്‍ അത്തരം ലോണുകള്‍ കാര്‍ഷികേതര ലോണുകളായിട്ടാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. (ഇത് വലിയ പലിശയും നല്‍കേണ്ടതാണ്). ഇതുമൂലം കാര്‍ഷികവായ്പയേക്കാള്‍ കൂടുതലായി കര്‍ഷകര്‍ക്ക് കാര്‍ഷികേതര വായ്പകള്‍ വാങ്ങി കടക്കെണിയിലാകേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്.
ഈ സാഹചര്യത്തിലാണ് 100 ശതമാനം കര്‍ഷകരെയും എല്ലാ ബാങ്കുകളും KCC അക്കൗണ്ടുകളിലേക്ക് മാറ്റണം എന്നും അതുവഴി 1.6 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ ലഭിക്കാന്‍ അവസരമൊരുക്കണമെന്നും സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും എസ്.എല്‍.ബി.സി.യോടും ആവശ്യപ്പെട്ടത്. നിലവിലുള്ള അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ പദ്ധതി തുടര്‍ന്നും മുന്നോട്ടുപോകണമെന്നും അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ നല്‍കുമ്പോള്‍ നിലവിലെ നിബന്ധന പ്രകാരം അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ വാങ്ങുന്നവര്‍ 1 ലക്ഷം രൂപയില്‍ കൂടുതലുള്ള കാര്‍ഷിക സ്വര്‍ണ പണയ വായ്പയെങ്കിലും, കൃഷിക്കാരോ പാട്ടകൃഷിക്കാരോ ആണെന്നും കാര്‍ഷിക-കാര്‍ഷിക അനുബന്ധ കാര്യങ്ങള്‍ക്കാണ് ലോണ്‍ വാങ്ങുന്നത് എന്ന് ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെടുത്തണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനു പുറമേ, KCC വഴി നല്‍കുന്ന ലോണ്‍ 1.6 ലക്ഷം എന്നത് 3.25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. KCC അക്കൗണ്ടുകളിലേക്ക് 100 ശതമാനം കര്‍ഷകരെയും കൊണ്ടുവരുന്നതിനുള്ള 100 ദിന പ്രത്യേക ക്യാംപെയ്ന്‍ പരിപാടി എസ്.എല്‍.ബി.സി.യും സംസ്ഥാന കൃഷി വകുപ്പും വഴി ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ആയതിനാല്‍, കാര്‍ഷിക മേഖലയ്ക്കുവേണ്ടി നടപ്പിലാക്കിവരുന്ന അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാകുമെന്നതില്‍ ആശങ്കയുടെ ആവശ്യമേയില്ല. അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ നല്‍കുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായി പരാതി വന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പഞ്ചാബിലും ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഉന്നതതല സംഘം എത്തിയത്. പ്രസ്തുത ടീം മുമ്പാകെ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന കൃഷി വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. പഠനസംഘം അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു..
(Visited 17 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *