
സി.വി.ഷിബു
കൽപ്പറ്റ:
കാൽ കോടിയുടെ കൃഷി നശിച്ചിട്ടും പിടിച്ചു നിൽക്കുകയാണ് ശശിയേട്ടൻ: അല്ലാതെ പറ്റില്ലല്ലോ?
തുടര്‍ച്ചയായുണ്ടായ രണ്ട് പ്രളയങ്ങള്‍ അതിജീവിക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വയനാട് ജില്ലയിലെ തെക്കുംതറയിലെ കൃഷ്ണവിലാസത്തില്‍ ശശി എന്ന കര്‍ഷകന്‍. 2018ലെ മഹാ പ്രളയത്തിലും 2019ലെ പ്രളയത്തിലുമായി കാല്‍ കോടി രൂപയുടെ നഷ്ടമാണ് ശശിക്ക് ഉണ്ടായിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ഈ കര്‍ഷകന്റെ കണ്ണീര്‍കണങ്ങള്‍ കാണുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫാം ടൂറിസവും സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അംഗീകാരമുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനും നടത്തുന്നുണ്ടായിരുന്നു. ഇവയെല്ലാം രണ്ട് പ്രളയത്തോടെ അവതാളത്തിലായി.
ഈ വര്‍ഷം പ്രളയത്തെ അതിജീവിക്കാന്‍ നേരത്തെ മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കിലും കനത്തുപെയ്ത മഴയില്‍ അവയൊന്നും ഫലവത്തായില്ല. ഭക്ഷ്യയോഗ്യമായ കാര്‍പ്പ് വര്‍ഗ്ഗങ്ങളിലെ മത്സ്യങ്ങള്‍ പ്രളയത്തില്‍പെട്ട് നഷ്ടമായതോടെ ആയിനത്തില്‍ മാത്രം മൂന്ന് ലക്ഷംരൂപയുടെ നഷ്ടം ഈ വര്‍ഷമുണ്ടായി. കൂടാതെ, ആപ്പ, വല, പൈപ്പുകള്‍ എന്നിവയും നശിച്ചു. കുളങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നതിനാല്‍ ഇനി കുളങ്ങളില്‍ മീന്‍ വളര്‍ത്തണമെങ്കില്‍ പുനര്‍ നിര്‍മ്മാണം നടത്തണം. അലങ്കാര മത്സ്യകൃഷിയിലും പ്രശസ്തനായിരുന്നു ശശി. അത്യാകര്‍ഷക ഇനമായ ബോര്‍ഡ് ടെയ്ന്‍ ഇനത്തില്‍പെട്ട പന്ത്രണ്ടായിരം എണ്ണം മത്സ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഇരുപതിനായിരം എണ്ണം ഗപ്പി കുഞ്ഞുങ്ങളും പ്രളയത്തില്‍ പോയി. ആഢംബര മത്സ്യവിഭാഗത്തില്‍പെട്ട ജൈന്‍ ഗൗരാമി അല്‍ബിനോ എന്ന ഇനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൃഷിചെയ്തുവന്നിരുന്നു. ഒരുജോഡിക്ക് നാലായിരം രൂപ മുതലാണ് ഈ ഇനത്തിന്റെ വില. ഈ ഇനത്തില്‍പെട്ട മുപ്പത് ജോഡികള്‍ നഷ്ടപ്പെട്ടു. കോയില്‍കാര്‍പ്പ് ഇനത്തില്‍പെട്ട രണ്ടായിരം എണ്ണം മത്സ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും സങ്കടങ്ങളുമായി കൃഷിവകുപ്പിനേയും ഫിഷറീസ് വകുപ്പിനേയും സമീപിച്ചെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ച് ഇരുപതിനായിരം രൂപയ്ക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് ശശി പറഞ്ഞു. ഉല്‍പാദന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലത്രെ. കുളങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നതിന് അറ്റകുറ്റ പണി നടത്തിയാല്‍ മാത്രം പോരാ അവ പുനര്‍നിര്‍മ്മിച്ചതായി രേഖയുണ്ടെങ്കില്‍ മാത്രമേ സഹായം നല്‍കാനാകൂ. അങ്ങനെ വരുമ്പോള്‍ വീണ്ടും ലക്ഷങ്ങള്‍ ബാധ്യതയാകുമെന്നും ഇപ്പോള്‍തന്നെ വിവിധ ബാങ്കുകളിലായി ഇരുപത് ലക്ഷം രൂപയിലധികം കടബാധ്യതയുള്ള താന്‍ വീണ്ടും കടക്കെണിയിലാകുമെന്ന് ശശി പറയുന്നു.
വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മത്സ്യകര്‍ഷകനാണ് ശശിയെന്ന് വെങ്ങപ്പള്ളി പഞ്ചായത്തിലെ ഫിഷറീസ് കോര്‍ഡിനേറ്ററായ രാജി പറഞ്ഞു. ശശി ഉള്‍പ്പെടെയുള്ളവരുടെ നഷ്ടം കണക്കാക്കി ഡിപ്പാര്‍ട്ട്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പരമാവധി സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയില്‍ നിന്നടക്കം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ശശിക്കിപ്പോള്‍ അവാര്‍ഡുകള്‍ കാണുമ്പോള്‍ മനസ്സ് എരിയുകയാണ്. എന്തിനാണ് തനിക്ക് ഈ പുരസ്‌കാരങ്ങളെന്ന് ആത്മഗതം ചോദിക്കുന്നു.
ദേശീയതലത്തിലും സംസ്ഥാനതലത്തിലുമായി ഇതിനോടകം മുപ്പത് കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയ തെക്കുംതറയിലെ ശശിയുടെ കുടുംബം കാര്‍ഷികവൃത്തിയിലൂടെ മാത്രം ഉപജീവനം നടത്തിവരുന്നവരാണ്. സ്വന്തമായുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ എല്ലാതരം കൃഷികളും നടത്തിവരുന്നു. 2004 മുതല്‍ കുളങ്ങള്‍ നിര്‍മ്മിച്ച് മത്സ്യകൃഷിയും നടത്തിവരുന്നുണ്ട്. ഏറ്റവും മികച്ച മത്സ്യകര്‍ഷകന് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളാണ് പലതവണ ശശിയെ തേടിയെത്തിയത്. എന്നാല്‍ ഈ പുരസ്‌കാരങ്ങളല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് ബാക്കിയായില്ല. 2018ലെ മഹാപ്രളയത്തില്‍ പതിനേഴ് ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ഇത്തവണ പത്ത് ലക്ഷം രൂപയിലധികം നഷ്ടവുമുണ്ടായി.
Leave a Reply