Friday, 26th April 2024
രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയില്‍ അമ്പതു ശതമാനം വിഹിതമാണ് ലക്ഷ്യമിടുന്നതെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ വിറ്റുവരവ് 500 കോടി രൂപയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സ്വകാര്യ കാലിത്തീറ്റ കുത്തകകളില്‍ നിന്നും സംരക്ഷിച്ചു നിറുത്തുന്നത് കേരള ഫീഡ്സ് ആണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 75 ലക്ഷം രൂപ പ്രവര്‍ത്തന  ലാഭം കമ്പനി നേടിയിരുന്നു. എന്നാല്‍ പ്രളയം എല്ലാം തകിടം മറിച്ചു. 

ഏഴു ജില്ലകളിലെ കര്‍ഷകര്‍ക്ക് കേരള ഫീഡ്സ് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തു. സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെങ്കിലും പ്രളയം കഴിഞ്ഞ് ആറു മാസത്തേക്ക് കാലിത്തീറ്റയ്ക്ക് വില വര്‍ധിപ്പിക്കാന്‍ കേരള ഫീഡ്സ് തയ്യാറായില്ല. കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില 35 ശതമാനമാണ് കൂടിയത്. പ്രളയ ദുരിതത്തില്‍ നിന്നും കര്‍ഷകര്‍ കര കയറിയതിനു ശേഷം ചാക്കൊന്നിന് 25 രൂപ നിരക്കില്‍ നാമമാത്രമായ വില വര്‍ധനയാണ് വരുത്തിയതെന്നും ഡോ. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേരള ഫീഡ്സിന് സബ്സിഡി ലഭിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണ്. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം തേടാതെ പ്രവര്‍ത്തന മൂലധനം അടിസ്ഥാനമാക്കി മാത്രമാണ് കേരള ഫീഡ്സ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസം 1250 ടണ്‍ കാലിത്തീറ്റയാണ് കേരള ഫീഡ്സിന്‍റെ 3 ഫാക്ടറികളില്‍ നിന്നായി സംസ്ഥാനത്തെ വിപണിയിലേക്കെത്തുന്നത്. കല്ലേറ്റുംകരയില്‍ നിന്നും 650 ടണ്ണും കരുനാഗപ്പള്ളി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുംം 300 ടണ്‍ വീതവുമാണ് ഉത്പാദന ശേഷി. തൊടുപുഴയിലെ 500 ടണ്‍ ശേഷിയുള്ള അത്യാധുനിക ഉത്പാദന യൂണിറ്റ് സജ്ജമാകുന്നതോടെ ഇത് 1750 ടണ്ണായി ഉയരും. രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയുടെ പകുതി കേരള ഫീഡ്സിന്‍റെ കാലിത്തീറ്റ വിഹിതമാകുമെന്നാണ് കണക്കു കൂട്ടുന്നത്.

കേരളത്തില്‍ കാലിത്തീറ്റ മേഖലയില്‍ വില സ്ഥിരത ഉറപ്പുവരുത്തുന്നത് കേരള ഫീഡ്സ് ആണെന്ന് ഡോ. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. നാമമാത്രമായ തുക വര്‍ധിപ്പിച്ചിട്ടും ഇന്ന് കേരളത്തില്‍ കാലിത്തീറ്റയ്ക്ക് ഏറ്റവും കുറവ് വില കേരള ഫീഡ്സിന്‍റെതാണ്.

ഇറ്റാലിയന്‍ സാങ്കേതിക വിദ്യയാണ് കേരള ഫീഡ്സിന്‍റെ എല്ലാ പ്ലാന്‍റുകളിലും ഉപയോഗിക്കുന്നത്. ഉത്പാദത്തിന്‍റെ ഘട്ടങ്ങളിലൊന്നും മനുഷ്യ ഇടപെടല്‍ ഉണ്ടാകുന്നില്ല. പാക്കിംഗ്, കയറ്റിറക്ക് എന്നിവിടങ്ങളില്‍ മാത്രമേ മനുഷ്യ ഇടപെടല്‍ ഉണ്ടാകുന്നുള്ളൂ. 

നാല് തലങ്ങളില്‍ ഗുണമേډ പരിശോധിക്കുന്ന കേരളത്തിലെ ഏക കാലിത്തീറ്റ ഉത്പാദന കേന്ദ്രമാണ് കേരള ഫീഡ്സെന്ന് ഡോ. ശ്രീകുമാര്‍ അവകാശപ്പെട്ടു. അസംസ്കൃത വസ്തുക്കളുടെ പരിശോധനയ്ക്കായി സ്വന്തമായി ലാബോറട്ടറി സംവിധാനവും ന്യൂട്രീഷന്‍ ഘടകം നിര്‍ണയിക്കാനായി ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിട്ടുള്ള ഏക സ്ഥാപനമാണിത്.

അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവ് കേരള ഫീഡ്സിന് തിരിച്ചടിയായിട്ടുണ്ട്. ബിഹാര്‍, പഞ്ചാബ്, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാന അസംസ്കൃത വസ്തുവായ ചോളം എത്തുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ കന്നുകാലി സംരക്ഷണ പദ്ധതികള്‍ നിമിത്തം കാലിത്തീറ്റ ഉത്പാദനം വടക്കേന്ത്യയിലും വ്യാപകമായി കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ അസംസ്കൃത വസ്തുക്കള്‍ക്ക് പൂര്‍ണമായും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരള ഫീഡ്സിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തി വയ്ക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷനുമായി ചേര്‍ന്ന് ചില പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് ഡോ. ശ്രീകുമാര്‍ അറിയിച്ചു. 

കേന്ദ്രസര്‍ക്കാരുമായി ഇതു സംബന്ധിച്ച മന്ത്രിതല ചര്‍ച്ച നടത്താനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ ഇ-ടെന്‍ഡര്‍ പോര്‍ട്ടല്‍ വഴിയാണ് അസംസ്കൃത വസ്തുക്കള്‍ വാങ്ങിക്കുന്നത്. നേരിട്ടുള്ള സംഭരണത്തിന്‍റെ സാധ്യതകളും കമ്പനി ആരായുന്നുണ്ടെന്ന് കേരള ഫീഡ്സ് ചെയര്‍മാന്‍ ശ്രീ കെ എസ് ഇന്ദുശേഖരന്‍ നായര്‍ അറിയിച്ചു.

കാലിത്തീറ്റ നിര്‍മ്മാണത്തിലെ നാഴികക്കല്ലായ ബൈപ്പാസ് പ്രോട്ടീന്‍ പ്ലാന്‍റ് കല്ലേറ്റുംകരയില്‍ കേരള ഫീഡ്സ് ആരംഭിച്ചു കഴിഞ്ഞു. നാഷണല്‍ ഡയറി ഡവലപ്മന്‍റ് ബോര്‍ഡാണ് ഇതിനാവശ്യമായ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും നല്‍കിയത്.

കാലിത്തീറ്റയിലെ പ്രോട്ടീന്‍ പശുക്കളുടെ ആമാശയത്തില്‍ നിന്നും ഉപയോഗിക്കാതെ പുറം തള്ളുന്നത് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യയാണിത്. ഏതാനും മാസങ്ങള്‍ പശുക്കളില്‍ പരീക്ഷണം നടത്തിയതിനു ശേഷം മാത്രമേ ഇത് കര്‍ഷകന് നല്‍കിത്തുടങ്ങുകയുള്ളൂ. പശുക്കള്‍ക്ക് നല്‍കുന്ന കാലിത്തീറ്റയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *