
സി.വി.ഷിബു
കൽപ്പറ്റ: : ചോലമരത്തണലിൽ പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുവരുന്നതിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയതും ലോക കാപ്പി വിപണിയിൽ ഉയർന്ന ഡിമാൻഡ് ഉള്ളതുമായ വയനാട് റോബസ്റ്റ കാപ്പിക്ക് അംഗീകാരം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ പ്രോത്സാഹന വകുപ്പ് വയനാട് റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചികാ പദവി നൽകാൻ തീരുമാനിച്ചു.
കർണാടക കഴിഞ്ഞാൽ കാപ്പി ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനമുള്ള വയനാട്ടിൽ പതിറ്റാണ്ടുകളായി റോബസ്റ്റ കാപ്പിയാണ് കർഷകർ കൃഷി ചെയ്യുന്നത്. കർണാടകയിലെ കൂർഗ് അറബിക്ക കാപ്പി, ചിക്മംഗ്ളൂർ അറബിക്ക കാപ്പി ,ആന്ധ്രയിലെ വിശാഖപട്ടണത്തെ അരക്കു വാലി അറബിക്ക കാപ്പി എന്നിവക്കും വയനാടിനൊപ്പം ഭൗമ സുചികാ പദവി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്നും വയനാട്ടിലെ കർഷകർ ഏറെ നാളായി കാത്തിരുന്ന അംഗീകാരമാണിതെന്നും കോഫി ബോർഡ് ഡെപ്യുട്ടി ഡയറക്ടർ ഡോക്ടർ കറുത്ത മണി പറഞ്ഞു.
ചോല മരങ്ങൾക്കിടയിൽ വളരുന്ന വയനാടൻ കാർബൺ ന്യൂട്രൽ കാപ്പി ബ്രാൻഡ് ചെയ്ത് മാർക്കറ്റിലെത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടെ ആവേശത്തിലായിരുന്ന കർഷകർക്ക് പുതിയ അംഗീകാരം കൂടുതൽ പ്രതീക്ഷയും കൃഷി ചെയ്യാനുള്ള പ്രോത്സാഹനവും ലഭിക്കുന്നതാണന്ന് സി.കെ. ശശീന്ദ്രൻ എം.എൽ. എ പറഞ്ഞു.
മൺസൂൺഡ് മലബാർ റോബസ്റ്റ കോഫിക്ക് നേരത്തെ ഭൗമ സൂചിക പദവി ലഭിച്ചിരുന്നു. വയനാട് റോബസ്റ്റ കാപ്പിക്കും ഈ പദവി ലഭിക്കുന്നതോടെ ഇനി ഡിമാൻഡ് വർദ്ധിക്കുമെന്ന പ്രതീക്ഷയുണ്ടന്ന് കാപ്പി കർഷകരുടെ ഉല്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ പറഞ്ഞു. വയനാട് ജില്ലയിൽ ഏകദേശം എഴുപതിനായിരം കാപ്പി കർഷകരാണുള്ളത്.
Leave a Reply