കല്പറ്റ-കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നേന്ത്രക്കുല വ്യാപാരരംഗത്തുണ്ടായ മാന്ദ്യം വയനാട്ടിലെ വാഴകൃഷിക്കാരെ തളര്‍ത്തുന്നു. മൂപ്പെത്തിയ നേന്ത്രക്കുലകള്‍ വെട്ടിവില്ക്കുന്ന കര്‍ഷകര്‍ക്കു ഉത്പാദനച്ചെലവിനു ആനുപാതികമായ വില ലഭിക്കുന്നില്ല. കാറ്റിലും മഴയിലും വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തിയതു കൃഷിക്കാര്‍ക്കു മറ്റൊരു ആഘാതമായി. വാഴത്തോപ്പുകള്‍ രോഗങ്ങളുടെ പിടിയിലമരുന്നതും കൃഷി അനാദായകരമാക്കുകയാണ്.
ഏതാനും മാസങ്ങളായി നഷ്ടത്തിന്റെ കണക്കുമാത്രമാണ് വാഴക്കൃഷിക്കാര്ക്കു പറയാനുള്ളത്.മേത്തരം(ഫസ്റ്റ് ക്വാളിറ്റി) നേന്ത്രക്കുല കിലോഗ്രാമിനു 18 രൂപ മുതല്‍ 20 രൂപ വരെയാണ് ഇന്നലെ പ്രദേശിക വിപണിയില്‍ വില. സെക്കന്‍ഡ് ക്വാളിറ്റി കുലകള്‍ക്കു കിലോഗ്രാമിനു 10 രൂപയില്‍ താഴെയാണ് വില കിട്ടുന്നത്. എന്നിരിക്കെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം ഭീമമാണ്. നേന്ത്രവാഴകൃഷി മുതലാകണമെങ്കില്‍ കുല കിലോഗ്രാമിനു 35 രൂപയെങ്കിലും വില ലഭിക്കണമെന്നു കര്‍ഷകര്‍ പറയുന്നു. കൃഷി വകുപ്പ് വിപണിയില്‍ നടത്തുന്ന ഇടപെടല്‍ നേന്ത്രക്കായ വില നിലംപറ്റേ ഇടിയുന്നതിനു ഒഴിവാക്കുന്നതിനു ഉതകുന്നുണ്ടെങ്കിലും മെച്ചപ്പെട്ട വില ഉറപ്പുവരുത്തുന്നതിനു പര്യാപ്തമാകുന്നില്ല.
ഒരു നേത്രവാഴ നല്ലനിലയില്‍ നട്ടുപരിപാലിക്കുന്നതിനു 200 രൂപയോളമാണ് ചെലവ്. എന്നാല്‍ ഒരു വാഴയില്‍ വിളയുന്ന കുല വെട്ടിവിറ്റാല്‍ ഈ തുക ലഭിക്കില്ല. ശരാശരി 10 കിലോഗ്രാമാണ് ഒരു നേന്ത്രക്കുലയുടെ തൂക്കം. ഓരോ കുല തൂക്കുമ്പോഴും ഒന്നര കിലോഗ്രാം തണ്ടുകനമായി കച്ചവടക്കാര്‍ കുറയ്ക്കുകയും ചെയ്യും.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ചന്തകള്‍ അടച്ചിട്ടിരിക്കയാണ്. ഇതുമൂലം ഉപഭോഗത്തില്‍ കുത്തനെ ഉണ്ടായ കുറവാണ് നേന്ത്രക്കുലയ്ക്കു ന്യായവില ലഭിക്കാത്തതിനു മുഖ്യകാരണമെന്നു കര്‍ഷകരും കച്ചവടക്കാരും പറയുന്നു. സംസ്ഥാനത്തിനു പുറത്തുള്ള ചന്തകളിലേക്കു കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ നേന്ത്രക്കുല സംഭരണത്തില്‍ മൊത്തക്കച്ചവടക്കാര്‍ താത്പര്യം കാട്ടുന്നില്ല.നിലവില്‍ പ്രാദേശിക വിപണികളില്‍നിന്നു ശേഖരിക്കുന്ന നേന്ത്രക്കുലകളില്‍ അധികവും
എറണാകുളം, തൃശൂര്‍ മാര്‍ക്കറ്റുകളിലേക്കാണ് കയറ്റുന്നത്.
ജില്ലയില്‍ ഏകദേശം 12,000 ഹെക്ടറിലാണ് വാഴകൃഷി. പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെളളമുണ്ട, എടവക, പൊഴുതന പഞ്ചായത്തുകളില്‍ വാഴകൃഷി മുഖ്യ ഉപജീവനമാര്‍ഗമാക്കിയ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങളുണ്ട്.
ഇക്കുറി വേനല്‍മഴയിലും കാറ്റിലും വാഴകൃഷി വ്യാപകമായി നശിച്ചും കൃഷികകാര്ക്കു കനത്ത നഷ്ടമുണ്ടായി. ബാങ്കുകളില്‍നിന്നു വായ്പയെടുത്തു കൃഷി നടത്തിയതില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത കര്‍ഷകര്‍ അങ്കലാപ്പിലാണ്. കടം വീട്ടാനും വീണ്ടും കൃഷിയിറക്കാനും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പലരും. ഏപ്രില്‍, മെയ് മാസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിനു വാഴകളാണ് നിലംപൊത്തിയത്. ഏപ്രില്‍ പകുതിക്കുശേഷം 6,371 കര്‍ഷകരുടെ 3,17,980 കുലച്ച വാഴകള്‍ നശിച്ചു 79.21 കോടി രൂപയുടെയും 3,274 കര്‍ഷകരുടെ 5,47,210 കുലയ്ക്കാത്ത വാഴകള്‍ നശിച്ചു 21. 06 കോടി രൂപയുടെയും നഷ്ടമാണ് ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ മെയ് ആദ്യവാരത്തെ കണക്കില്‍ പറയുന്നത്.
ഒരേസ്ഥലത്തു തുര്‍ച്ചയായി വാഴകൃഷി നടത്തുന്നതുമൂലം മണ്ണിന്റെ ഗുണത്തിലുണ്ടായ ശോഷണം, വന്യജീവി ശല്യം എന്നിവയും കര്‍ഷകരെ ബാധിക്കുകയാണ്. മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു സമയവും പണവും ഇല്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. പന്നി, കുരങ്ങ്, മയില്‍ എന്നീ വന്യജീവികള്‍ വരുത്തുന്ന നാശംമൂലം വാഴകൃഷിക്കാര്‍ നേരിടുന്ന ഉത്പാദനനഷ്ടം വലുതാണ്.
Leave a Reply