അനിൽ ജേക്കബ് കീച്ചേരിയിൽ
കേരളത്തില്‍ തെങ്ങ് പോലെ തന്നെ പ്രധാനപ്പെട്ട ഒരു വിളയാണ് വാഴ. ഏതുസമയത്തും കൃഷി ചെയ്യാവുന്നതും ആദായകരവുമായ ഒരു വിള കൂടിയാണ് വാഴ. ചെയ്യുന്ന കൃഷി ശാസ്ത്രീയമായ രീതിയിലായാല്‍ കൂടുതല്‍ വിളവും അത് വഴി ആദായവും ലഭിക്കും. കുറഞ്ഞ ചിലവില്‍ ചെയ്യാവുന്നതും ആദായകരവുമായ ഒരു കൃഷിരീതിയാണ് ഇരട്ടവാഴ കൃഷി. സാധാരണ വാഴ നടുമ്പോള്‍ ഒരു കുഴിയില്‍ ഒരു കന്ന് എന്ന തോതിലാണ് നടുന്നത്. എന്നാല്‍ ഇരട്ടവാഴകൃഷിയില്‍ ഒരു കുഴിയില്‍ രണ്ടു കന്ന് നടുന്നു.
നടുന്ന രീതി
കന്നുകള്‍ നടുന്നതിന് 15 ദിവസം മുമ്പ് തന്നെ കുഴികള്‍ തയ്യാറാക്കണം. 50 സെ.മീ. നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ മേല്‍മണ്ണും കമ്പോസ്റ്റോ ചാണകപ്പൊടിയോ കലര്‍ത്തി കുഴികള്‍ തയ്യാറാക്കാം. ഇതില്‍ കന്നുകള്‍ നടാവുന്നതാണ്. ടിഷ്യൂകള്‍ച്ചര്‍ വാഴ കന്നുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ നടുമ്പോള്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് കവര്‍ നെടുകെ കീറി മണ്ണിനും വേരിനും ഇളക്കം തട്ടാത്ത രീതിയില്‍ കന്ന് എടുത്ത് വേണം നടുവാന്‍.
സാധാരണ രീതിയില്‍ കന്നുകള്‍ നടുമ്പോള്‍ ചെടികള്‍ക്കും വരികള്‍ക്കും ഇടയില്‍ 2 മീറ്റര്‍ അകലമാണ് നല്‍കുക. ഇരട്ട വാഴ കൃഷിയില്‍ വരികള്‍ക്കിടയില്‍ 3 മീറ്ററും ചെടികള്‍ക്കിടയില്‍ 2 മീറ്ററും അകലം നല്‍കണം. ഈ രീതിയില്‍ ഒരു ഹെക്ടറില്‍ 1665 കുഴികളും 3332 വാഴകളും നടാം. അങ്ങനെ കുഴിയുടെ എണ്ണം കുറയുന്നത് വഴി പണിക്കൂലി കുറയുക്കുവാന്‍ സാധിക്കും. (44% വരെ പണിക്കൂലി കുറയ്ക്കാവുന്നതാണ്.)
വളപ്രയോഗം
സാധാരണ രീതിയില്‍ നടുമ്പോള്‍ നേന്ത്രന്‍ വാഴയാണെങ്കില്‍ 190:115:300 ഗ്രാം എന്ന തോതിലാണ് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ കൊടുക്കുന്നത്. ഇരട്ട വാഴ കൃഷിയില്‍ ഇതിന്‍റെ മൂന്നിലൊന്ന് ഭാഗം (33%) അധികം കൊടുക്കണം. പക്ഷേ ഒരു കുഴിയില്‍ രണ്ട് വാഴകളായതിനാല്‍ ഒരു വാഴയ്ക്ക് കൊടുക്കുന്നതിലും 25% കൂടുതല്‍ വളം മാത്രമാണ് നല്‍കുന്നത്. അതുവഴി വളത്തിനായുള്ള ചിലവ് 37.5% വരെ കുറയ്ക്കാവുന്നതാണ്.
സാധാരണയായി വാഴയ്ക്ക് നല്‍കുന്ന കൃഷി പ്രവര്‍ത്തനങ്ങളെല്ലാം ഇരട്ട വാഴ കൃഷിയിലും ചെയ്യാം. ജലസംരക്ഷണത്തിനായി പുതയിടുക, നനച്ചു കൊടുക്കുക, ഇവയെല്ലാം ഇരട്ട വാഴ കൃഷിയിലും ചെയ്യാവുന്നതാണ്. ഒരു കുഴിയില്‍ രണ്ടു വാഴ നില്‍ക്കുന്നതിനാല്‍ രണ്ടു വാഴയ്ക്കും കൂടി ഒരു താങ്ങ് കൊടുത്താല്‍ മതിയാകും. അങ്ങനെ താങ്ങിനായുള്ള ചിലവും ചുരുക്കാവുന്നതാണ്. ഇരട്ട വാഴ കൃഷിയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒരേ സമയം വിളവെടുക്കുവാന്‍ വേണ്ടി കന്ന് നടുമ്പോള്‍ ഒരേ പ്രായമുള്ള കന്നുകള്‍ തെരഞ്ഞെടുക്കണം. അല്ലെങ്കില്‍ ഒരേ വലിപ്പത്തിലുള്ള ടിഷ്യൂകള്‍ച്ചര്‍ തൈകളും ഉപയോഗിക്കുകയും ആവാം.
Leave a Reply