Sunday, 10th December 2023

കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഇന്ത്യയിലും റംബൂട്ടാന്‍ കൃഷി ചെയ്യുന്നു.
രുചികരമായ പഴങ്ങളില്‍ ഒന്നാണ് റംബൂട്ടാന്‍. കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്. ലിച്ചി, ലോഗന്‍ എന്നിവയോട് സാദൃശ്യമുള്ള പഴവര്‍ഗമാണ് റംബൂട്ടാന്‍. മാലി ഭാഷയിലെ റംബൂട്ട് എന്ന വാക്കില്‍ നിന്നാണ് റംബൂട്ടാന്‍ എന്ന പേര് ഉണ്ടായത്. പുറന്തോടില്‍ നാരുകള്‍ കാണുന്നത്കൊണ്ടാണ് ഇത്തരത്തില്‍ പേര് വരുവാന്‍ കാരണം.
കേരളത്തില്‍ റംബൂട്ടാന്‍ നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഏഴ് വര്‍ഷം പ്രായമായ വൃക്ഷങ്ങളാണ് കായ്ക്കുന്നത്. റംബൂട്ടാനില്‍ ജാതിമരങ്ങള്‍ പോലെ ആണ്‍ മരവും പെണ്‍മരവും ഉണ്ട്. പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷിചെയ്യാന്‍ പറ്റിയ ഫലവൃക്ഷം കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്ന് 1800 അടി മുതല്‍ 2000 അടി ഉയരത്തില്‍വരെ ഇത് കൃഷി ചെയ്യാന്‍ കഴിയും. നീര്‍വ്വാര്‍ച്ചയും ജൈവാംശവും ഉള്ള മണ്ണാണ് നല്ലത്. ജൂണ്‍-നവംബര്‍ മാസങ്ങളില്‍ കൃഷിചെയ്യുന്നതാണ് ഉത്തമം.
വാണിജ്യാടിസ്ഥാനത്തില്‍ റംബൂട്ടാന്‍ കൃഷി ചെയ്യുമ്പോള്‍ ശാസ്ത്രീയമായ പരിചരണങ്ങള്‍ ആവശ്യമാണ്. സൂര്യപ്രകാശം ഇലകളില്‍ നേരിട്ട് അടിക്കുന്നത് അനുസരിച്ചാണ് വിളവ് എന്നതിനാല്‍ ഇടവിളയായി റംബൂട്ടാന്‍ കൃഷിചെയ്യാന്‍ പാടില്ല. ആദ്യവര്‍ഷത്തില്‍ റംബൂട്ടാന് തണല്‍ ലഭിക്കാന്‍ വാഴ കൃഷി ചെയ്യാം. നല്ല ഒട്ടുതൈകളാണ് കൃഷിക്ക് നല്ലത്. മൂന്ന് അടി നീളത്തിലും വീതിയിലും ആഴത്തിലും കുഴിയെടുത്തുവേണം തൈകള്‍ നടുവാന്‍. തൈകള്‍ തമ്മില്‍ 40 അടി വരെ അകലം എങ്കിലും ആവശ്യമാണ്. കുഴികളില്‍ മുക്കാല്‍ ഭാഗത്തോളം മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയിട്ടശേഷം തൈകള്‍ നടുന്നതാണ് നല്ലത്.
തൈകള്‍ക്ക് രണ്ടുമൂന്ന് വര്‍ഷം പ്രായം ആകുന്നതുവരെ തണല്‍ ആവശ്യമുള്ള ഫലവൃക്ഷമാണ് റംബൂട്ടാന്‍. മൂന്ന് വര്‍ഷത്തിന് ശേഷം റംബൂട്ടാന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. നല്ലരീതിയില്‍ സൂര്യപ്രകാശം ലഭിച്ചാല്‍ അതിന് അനുസരിച്ച് കായ്ഫലം ലഭിക്കും. തണലിനൊപ്പം നല്ല വളപ്രയോഗവും ജലസേചനവും റംബൂട്ടാന്‍ കൃഷിക്ക് അത്യാവശ്യമാണ്. ആദ്യത്തെ ഇലകള്‍ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ തുല്ല്യ അളവില്‍ തൈകള്‍ക്ക് നല്‍കണം. അല്ലെങ്കില്‍ ബയോ പൊട്ടാഷും നല്‍കാവുന്നതാണ്. ചെടിക്ക് ഒരുവര്‍ഷം പ്രായമാകുമ്പോള്‍ ജൈവവളങ്ങള്‍ 4 തവണയും ജീവാണുവളങ്ങളും മറ്റ് വളങ്ങളും 2 തവണയും നല്‍കാം. റംബൂട്ടാന്‍റെ പ്രായം മൂന്ന് ആകുന്നത് വരെ ഇത്തരത്തില്‍ വളപ്രയോഗം നടത്താവുന്നതാണ്. 4 വര്‍ഷം കഴിഞ്ഞാല്‍ ചാണകപ്പൊടി കൂടുതലായി നല്‍കുന്നതും നല്ലതാണ്. 80 അടി വരെ ഉയരത്തില്‍ വളരും എങ്കിലും 10-15 അടി ഉയരത്തില്‍ എത്തിയാല്‍ കൊമ്പ് കോതിക്കളയണം. പക്ഷികള്‍ പഴങ്ങള്‍ കൊത്തിയെടുക്കാതെ വലയിട്ട് സംരക്ഷിക്കാന്‍ ഇത് നല്ലതാണ്.
സാധാരണയായി രോഗങ്ങള്‍ ബാധിക്കാത്ത ഒരു സസ്യമാണ് റംബൂട്ടാന്‍. എങ്കിലും ശല്‍ക്ക കീടങ്ങള്‍, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകള്‍, പുഴുക്കുകള്‍, പുല്‍ച്ചാടികള്‍ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണിത്. കീടശല്യം ഒഴിവാക്കുന്നത് സാധാരണയായി വേപ്പിന്‍കുരുസത്ത് ആണ് ജൈവകീടനാശിനിയായി ഉപയോഗിക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *