
പണ്ടുപണ്ടൊരു കാലത്ത് ഇടവപ്പാതി കഴിഞ്ഞ് തിരുവോണ ഞാറ്റുവേല വന്നു. എന്നിട്ടും മടങ്ങിപ്പോകാത്തൊരു വിഷുപങ്കി. ദിവസവും വീട്ടുമുറ്റത്തെ പ്ലാവിന്‍ കൊമ്പിലിരുന്ന് ആ പക്ഷി പാടും. വിത്തും കൈക്കോട്ടും, അച്ഛന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളന്‍ ചക്കയിട്ടു, കാണാന്‍ മിണ്ടണ്ട, കൊണ്ടോയ് തിന്നോട്ടെ, ചക്കയ്ക്കുപ്പില്ല. ഈ പക്ഷിയും പാട്ടും ഏതു മലയാളിയുടെ മനസ്സിലാണ് ഇന്നുണ്ടാവുക. പുതിയ തലമുറയിലെ ഭൂരിപക്ഷവും വാട്‌സ് ആപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും മണ്ണിലാണ് കൃഷിയിറക്കുന്നത്. അവര്‍ക്ക് മണ്ണിന്റെ മണമുള്ള ഈ ചക്കപ്പാട്ട് അറിയില്ല. പഴയ തലമുറയിലുള്ളവര്‍ക്ക് ആ പാട്ട് ഓര്‍മ്മയുണ്ടാവില്ല. അത്രത്തോളം കാലം മാറിക്കഴിഞ്ഞു. ചക്ക ഒരു കാലത്ത് കേരളീയ ജീവിതത്തിന് ഈടും പാവും നല്‍കിയിരുന്നുവെന്ന കാര്യം ശരിയാണ്. ഇന്ന് വിഷുക്കണിയൊരുക്കാനുള്ള ചക്കപോലും നാം വിപണിയില്‍ നിന്ന് വിലകൊടുത്ത് വാങ്ങും. നമ്മുടെ തൊടിയില്‍ യഥേഷ്ടമുണ്ടായിരുന്ന പ്ലാവുകള്‍ ഇന്ന് അന്യംനിന്നുപോയിരിക്കുന്നു. ഉള്ള പ്ലാവുകളില്‍ തന്നെ ഉണ്ടായ ചക്ക ചീഞ്ഞുകിടന്ന് നമുക്ക് വെറുപ്പും അറപ്പും ഉളവാക്കുന്നു. വൃത്തികെട്ട ചക്കയാണ് നമുക്ക് ഇന്ന് ഇത്. എന്നാല്‍ ചക്കയുടെ മഹാത്മ്യം തിരിച്ചറിയാന്‍ നമ്മള്‍ തയ്യാറാകുന്നില്ല. ഒരുതരത്തിലുള്ള വിഷവും തളിക്കാത്ത ലോകത്തിലെ തന്നെ ഏക വലിയ ഫലം എന്ന് ചക്കയെ വിളിക്കാം. നാം അന്യ സംസ്ഥാനത്തുനിന്നും വാങ്ങുന്ന പച്ചക്കറികളില്‍ വന്‍തോതില്‍ വിഷം തളിക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് നാം വാങ്ങി കഴിക്കുന്നത്. എന്നാല്‍ പോഷകസമൃദ്ധമായ നമ്മുടെ ചക്കയെ ഉത്തരേന്ത്യക്കാര്‍ ഡമ്മി മീറ്റായി ഉപയോഗിക്കുന്നു. നാം വലിച്ചെറിയുന്നത് അവര്‍ക്ക് അമൃത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് നാം മലയാളി ഒരിക്കല്‍ കൂടി ചക്കയുടെ കാര്യത്തില്‍ തെളിയിച്ചു. ഈ സ്ഥിതി മാറി നാം ചക്കയെ സ്‌നേഹിച്ചു തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചക്ക മലയാളിയുടെ ഡമ്മി മീറ്റാകുന്ന കാലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.
Leave a Reply