
ഡോ.പി.കെ.മുഹ്സിന്‍
ഒരുകാലത്ത് എലിയെ പിടിക്കാന്‍മാത്രം വളര്‍ത്തിയിരുന്ന പൂച്ച ഇന്ന് വീട്ടിലെ അലങ്കാരമാണ്. ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളുടെ ഭക്ഷണക്രമത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
പൂച്ചകള്‍ കൂടുതല്‍ പ്രോട്ടീനുള്ള സമീകൃതാഹാരം നല്‍കണം. മാര്‍ക്കറ്റില്‍ ലഭ്യമായ പൂച്ച ഭക്ഷണത്തില്‍ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. മത്സ്യം, കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെകൂടെ വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ചേര്‍ത്തായിരിക്കണം പൂച്ചത്തീറ്റ. തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുളള്ളള എല്ലും മുള്ളും അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. മുട്ടയുടെ മഞ്ഞക്കുരു, വെണ്ണ, മാംസം എന്നിവ നല്‍കാം. പാലിനുപകരം പാല്‍പ്പൊടി കൊടുക്കുകയാണ് നല്ലത്. കുപ്പിപ്പാല്‍ ചിലപ്പോള്‍ വയറിളക്കം ഉണ്ടാക്കും.
തീറ്റകൊടുക്കുന്ന സമയത്ത് കൃത്യത പാലിക്കണം. രാവിലെയും വൈകുന്നേരവുമായി രണ്ടുനേരം കൊടുക്കുന്നതാണ് നല്ലത്. പൂര്‍ണ്ണവളര്‍ച്ചയാവുന്നതുവരെ വേണ്ടത്ര തീറ്റ കൊടുക്കണം. അമിതഭാരം വെക്കുമ്പോള്‍ തീറ്റയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം.
ജനനസമയത്ത് ഏകദേശം 100 മുതല്‍ 125 ഗ്രാം വരെ ഭാരമുള്ള പൂച്ചക്കുട്ടി ഒരുവര്‍ഷംകൊണ്ട് മുപ്പത് മടങ്ങ് വളരുന്നു. ഈ പ്രായത്തിലാണ് പൂച്ചകള്‍ക്ക് ഏറ്റവും നല്ല ഭക്ഷണം മതിയായ അളവില്‍ കിട്ടേണ്ടത്.
പൂച്ചയുടെ ആഹാരത്തില്‍ ആവശ്യംവേണ്ട അമിനോ അമ്ലമായ ടോറിന് മീനിലും എലിയിലുമാണ് ധികമുള്ളത്. അതിനാല്‍ പൂച്ചയുടെ ആഹാരത്തില്‍ മീന്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഘടകമാണ്. വേവിക്കാത്ത മത്സ്യം പൂച്ചയ്ക്ക് കൊടുക്കരുത്. കോഴിമുട്ട വേവിക്കാതെ കൊടുത്താല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ഇടവരും.
ജനിച്ചുവീഴുന്ന പൂച്ചക്കുടിക്കള്‍ക്ക് 4 മുതല്‍ 12 ദിവസം വരെ കാഴ്ചശക്തിയുണ്ടാവില്ല. പൂച്ച പ്രസവിച്ചശേഷം രണ്ടുദിവസം കന്നിപ്പാല്‍ ചുരത്തും. ഇത് പൂച്ചക്കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി ലഭിക്കാന്‍ ആവശ്യമാണ്. ആദ്യത്തെ നാലാഴ്ചയോളം പാല്‍തന്നെയാണ് ഉത്തമ ആഹാരം. ഉണര്‍ന്നിരിക്കുന്ന ഓരോ മണിക്കൂറിലും അവ പാല്‍ കുടിക്കും.
കുട്ടികള്‍ കുറവാണെങ്കില്‍ തള്ളപ്പൂച്ച അടുത്ത പ്രസവംവരെ കുഞ്ഞുങ്ങളെ പാലൂട്ടും. പക്ഷേ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി ഖരാഹാരവും കുഞ്ഞുങ്ങള്‍ക്ക് നല്‍കണം. നാലാഴ്ച കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് പരിപ്പ്, പച്ചക്കറികള്‍ എന്നിവ നന്നായി വേവിച്ച് കൊടുക്കാന്‍ തുടങ്ങാം. മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുന്നത് സാവധാനം കുറയ്ക്കുകയും തള്ളപ്പൂച്ചയുടെ അകിടില്‍ പാല്‍ വറ്റുകയും ചെയ്യും. ഈ പ്രായമാകുമ്പോഴേക്കും ഖരാഹാരം മാത്രം കഴിച്ച് വളര്‍ന്നുകൊള്ളും. ഇറച്ചി, മീന്‍ മുതലായവ ചേര്‍ന്ന ഭക്ഷണമാണ് ഈ അവസരത്തില്‍ ഉത്തമം.
പൂച്ചക്കുട്ടികള്‍ക്ക് 2 മുതല്‍ 3 മാസം വരെ ദിനംപ്രതി 4 നേരവും 3 മുതല്‍ 5 മാസം വരെ 3 തവണയും 6 മാസം മുതല്‍ 2 പ്രാവശ്യവും ഭക്ഷണം നല്‍കണം. പ്രകൃത്യാ മാംസഭുക്കുകളാണെങ്കിലും സസ്യാഹാരം മാത്രം നല്‍കിയും പൂച്ചകളെ വളര്‍ത്താം.
പൂച്ചകള്‍ ഇടയ്ക്കിടെ പച്ചപ്പുല്ല് തിന്നാറുണ്ട്. ഇത് അവയ്ക്കാവശ്യമായ ഫോളിക് അമ്ലം പ്രാദാനം ചെയ്യുന്നു. ഫ്ളാറ്റുകളില്‍ വളരുന്ന പൂച്ചകള്‍ക്ക് ഇതിനായി ചെടിച്ചട്ടിയില്‍ പച്ചപ്പുല്ല് വളര്‍ത്താം. യീസ്റ്റ് ഗുളികകള്‍ നല്‍കുന്നതുമൂലം ബി.കോംപ്ലക്സ് വിറ്റാമിനുകള്‍ ലഭ്യമാവും. മൈദ, കോഴിമുട്ട, പാല്‍, ഉപ്പ്, വെളുത്തുള്ളി നീര് എന്നിവ ചേര്‍ത്ത് പൂച്ചകള്‍ക്ക് വേണ്ടിയുള്ളള ബിസ്ക്കറ്റുകള്‍ ഉണ്ടാക്കാം. വയറുനിറയെ ഭക്ഷണം കഴിച്ചാല്‍ പൂച്ചകള്‍ സന്തോഷത്തോടെ മൂളും.
ഒരു കിലോഗ്രാം ശരീരഭാരത്തിന് 50 മുതല്‍ 70 മില്ലിലിറ്റര്‍ എന്ന തോതില്‍ ശുദ്ധമായ വെള്ളം പൂച്ചകള്‍ക്ക് കൊടുക്കണം.
Leave a Reply