Tuesday, 19th March 2024

മിതോഷ്ണ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാല്‍ കേരളത്തിലെ മലയോരപ്രദേശങ്ങളില്‍ ഇതു നന്നായി വളരും. എന്നാല്‍ കേരളത്തില്‍ ഇവയുടെ കൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.
കേരളത്തിന്‍റെ കാലാവസ്ഥയില്‍ നന്നായി വളരുകയും ഫലം തരുകയും ചെയ്യുന്ന ഫലവൃക്ഷമാണ് അവക്കാഡോ (വെണ്ണപ്പഴം). പഴത്തിന് വെണ്ണയുടെ രുചിയാണ്. ഒരു നൂറ്റാണ്ട് മുമ്പ് ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്കും അവിടെനിന്നും കേരളത്തിലേക്കും എത്തി യ പഴമാണിത്. മിതോഷ്ണ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാല്‍ കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ ഇതു നന്നായി വളരും. എന്നാല്‍ കേരളത്തില്‍ ഇവയുടെ കൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.
ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ശാഖകള്‍ തിരശ്ചീനമായി വളരുന്ന ഇവയുടെ വേരുകള്‍ അധികം ആഴത്തില്‍ പോകുന്നില്ല. ഇലകള്‍ വലുതും പരുപരുത്തതുമാണ്. തളിരിലകള്‍ ഇളം ചുവപ്പും വളര്‍ന്നാല്‍ കടുംപച്ചയുമാണ്. ചില്ലകളുടെ അഗ്രഭാഗത്താണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. കായ്കള്‍ വലുതും മാംസളവും ഒരു വിത്ത് അടങ്ങിയതുമാണ്. ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് 5 മുതല്‍ 20 സെന്‍റീമീറ്റര്‍ വരെ നീളം ഉണ്ടാകും. പുറംതൊലി ഇളം പച്ചയോ പിങ്ക് നിറത്തിലോ ആകും. ദശ മഞ്ഞയോ മഞ്ഞകലര്‍ന്ന പച്ച നിറത്തിലോ ആയിരിക്കും കാണുക. ദശ ആദ്യം ദൃഢവും പഴുക്കുമ്പോള്‍ വെണ്ണപോലെ മൃദുലവുമായിരിക്കും.
വിത്തുമുളപ്പിച്ചാണ് സാധാരണയായി തൈകളുണ്ടാക്കുന്നത്. മുളയ്ക്കുവാന്‍ 50 മുതല്‍ 100 ദിവസം വരെ സമയം വേണ്ടിവരും. കമ്പുനടല്‍, പതിവയ്ക്കല്‍, ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് മുതലായ കായിക പ്രജനന മാര്‍ഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്. വെള്ളം കെട്ടിനിക്കാത്ത ഫലഭൂയിഷ്ഠമായ മണ്ണാണ് അവക്കാഡോ നടുവാന്‍ അനുയോജ്യം. തൈകള്‍ നടുമ്പോള്‍ രണ്ടു തൈകള്‍ തമ്മില്‍ 6 മുതല്‍ 12 മീറ്റര്‍ വരെ അകലം നല്‍കണം. തൈകള്‍ നടുന്നതിനായി കുഴികള്‍ എടുക്കുമ്പോള്‍ ഒരു മീറ്റര്‍ സമചതുരത്തിലും ആഴത്തിലുമായിരിക്കണം.
അവക്കാഡോക്ക് ആദ്യവര്‍ഷത്തില്‍ നനയ്ക്കേണ്ടി വരും. സമൃദ്ധമായ വിളവിന് ക്രമമായ വളപ്രയോഗം ആവശ്യമാണ്. വിത്തുപാകി ഉണ്ടാക്കുന്നവ 5 വര്‍ഷത്തിനുള്ളില്‍ കായ്ക്കും. എന്നാല്‍ ഒട്ടുതൈകള്‍ 4 വര്‍ഷത്തിനുള്ളില്‍ കൈയ്ക്കും. ദക്ഷിണേന്ത്യയില്‍ അവക്കാഡോ പൂക്കുന്നത് നവംബര്‍-ഡിസംബര്‍ മാസത്തിലായിരിക്കും. കായ പാകമാകുന്നത് ജൂലായ്-ആഗസ്റ്റ് മാസത്തിലുമാണ്. പൂവിരിഞ്ഞതുമൂലമുള്ള കാലദൈര്‍ഘ്യം, കായയുടെ വലിപ്പം മുതലായവ കണക്കിലെടുത്തുവേണം വിളവെടുക്കേണ്ടത്. പഴുക്കുമ്പോള്‍ കായയ്ക്ക് പതം വയ്ക്കും. കാമ്പിന്‍റെ തനതായ ഗന്ധവും മൃദുത്വവും മൂത്ത കായ്ക്കുമാത്രമേ ഉണ്ടാകുകയുള്ളൂ. ഒരു മരത്തില്‍ നിന്നും 100 മുതല്‍ 500 വരെ കായ്കള്‍ ലഭിക്കും.
പഴുക്കുമ്പോള്‍ സലാഡായും, ഐസ്ക്രീമില്‍ ചേര്‍ത്തും കഴിക്കാം. ഊര്‍ജ്ജവും, കൊഴുപ്പും, വളരെ കൂടുതലുള്ള ഇതിന്‍റെ പഴത്തില്‍ വിറ്റാമിന്‍, മാംസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ അംശം ഒരു ശതമാനത്തില്‍ താഴെയായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഇതിന്‍റെ കുരുവില്‍ നിന്നും എണ്ണ വേര്‍തിരിച്ച് എടുക്കാവുന്നതാണ്. ഒലിവെണ്ണയുടെ ഗുണമുള്ള എണ്ണയ്ക്ക് നിറമോ മണമോ വഴുവഴുപ്പോ ഇല്ല. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *