Thursday, 12th December 2024

ഒക്ടോബര്‍ മുണ്ടകന്‍ കൃഷിയുടെ മാസമാണ്. ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണം നടത്തുക പതിവാണ്. നാടെങ്ങും ആചരിക്കുന്ന ഈ ആഘോഷത്തിന്‍ന്‍റെ ഭാഗം തന്നെ മുണ്ടകന്‍ പാടത്തേക്കും ഇറങ്ങാം. ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ നിലം പരുവപ്പെടുത്തി ഞാറ് നടാം. അമ്ലത്വമുള്ള പാടമാണെങ്കില്‍ ഒന്നാം ഗഡുവായി ഏക്കറിന് 100 കിലോഗ്രാം കുമ്മായം നല്‍കണം. ആദ്യ ഉഴവിനൊപ്പം ഇത് നല്‍കിയാല്‍ മണ്ണില്‍ ലയിച്ചുചേര്‍ന്നുകൊള്ളും. കൂടാതെ രണ്ടു ടണ്‍ കമ്പോസ്റ്റോ, കാലിവളമോ, പച്ചിലവളമോ ഏക്കറിന് ചേര്‍ത്താല്‍ നന്ന്. ഞാറു നടുന്നതിന് മുമ്പ് ഇത് മണ്ണില്‍ അഴുകിച്ചേരുന്ന തരത്തിലാകണം. 90 കിലോഗ്രാം ഫാക്ടംഫോസ് 15 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് അടിവളമായി നല്‍കേണ്ടത്. ഇത് അത്യുല്പാദന ശേഷിയുള്ളതും മധ്യകാല മൂപ്പുള്ളതുമായ നെല്ലിനങ്ങള്‍ക്കാണ്. ഉല്പാദനശേഷി കൂടിയ മൂപ്പുകുറഞ്ഞ ഇനങ്ങള്‍ക്ക് 70 കിലോ ഗ്രാം ഫാക്ടംഫോസ്, 105 കിലോ ഗ്രാം യൂറിയ, 12 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കാം. നാടന്‍ ഇനങ്ങള്‍ക്ക് 40 കിലോഗ്രാം ഫാക്ടംഫോസും ഏഴു കിലോഗ്രാം പൊട്ടാഷും മതി. ഇടത്തരം മൂപ്പുള്ളതിന്‍റെ രീതി ഒന്നു വേറെ തന്നെയാണ്. ഏക്കറിന് 39 കിലോഗ്രാം യൂറിയയും, 15 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ഞാറുനട്ട് 28 ദിവസം കഴിഞ്ഞോ വിത്തുവിതച്ച് 35 ദിവസം കഴിഞ്ഞോ ചേര്‍ക്കണം. മൂപ്പുകുറഞ്ഞ ഉല്പാദനശേഷി കൂടിയ ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോഗ്രാം യൂറിയയും 12 കിലോഗ്രാം പൊട്ടാഷും മേല്‍വളം നല്‍കണം.
നടീല്‍ രീതികള്‍
നെല്‍കൃഷി തികച്ചും ശാസ്ത്രീയവും അതോടൊപ്പം പാരമ്പര്യ രീതികള്‍ അനുവര്‍ത്തിച്ചും ചെയ്യുന്നതാണ് മികച്ച വിളവിന് നല്ലത്. ഓരോ കര്‍ഷകനും അവനവന് യോജിച്ച രീതിയില്‍ കൃഷി ചെയ്യുന്നത് ശരിയല്ല. ജൈവപരമായും മണ്ണിന് യോജിച്ചും കൃഷി ഇറക്കണം. മുണ്ടകന്‍ കൃഷിക്ക് ഞാറിന് നടുമ്പോള്‍ നാലഞ്ചില പ്രായമുണ്ടാകണം. മൂപ്പുകുറഞ്ഞ ഇനം 18-20 ദിവസത്തിലും ഇടത്തരം മൂപ്പുള്ളത് 22-25 ദിവസത്തിനുള്ളിലും നടണം. മൂന്നുനാല് സെന്‍റീമീറ്റര്‍ ആഴത്തില്‍ ഞാറ് നടാം. ഇത് പാരമ്പര്യ കര്‍ഷകര്‍ക്ക് കൃത്യമായി അറിയുന്ന കാര്യമാണ്. എന്നാലും മണ്ണിന്‍റെ രീതിയും ചരിവും അനുസരിച്ച്വേണം നടാന്‍. ഓരോ മൂന്നു മീറ്റര്‍ കഴിഞ്ഞും ഒരടി അകലം വിട്ടാല്‍ മരുന്നുതളിക്കാനും വളം വിതറാനും ഉപകരിക്കും. നടുന്നതിന് മുമ്പ് പാടത്ത് ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ വിതരണം. 10 കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് പൊടിച്ചതും 90 കിലോഗ്രാം ചാണകപ്പൊടിയും ഒന്നിച്ചു ചേര്‍ത്തതിലേക്ക് 1-2 കിലോഗ്രാം ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ ചേര്‍ക്കണം.
കുമിള്‍ രോഗങ്ങളും ബാക്ടീരിയകളും ആക്രമിക്കാതിരിക്കാന്‍ നടുന്നതിന് മുമ്പ് ഞാറിന്‍റെ ചുവടറ്റം സ്യൂഡോമോണസ് കോളാര്‍ ലായനിയില്‍ 20 മിനിട്ട് മുക്കിവെക്കണം. 250 ഗ്രാം കള്‍ച്ചര്‍ 750 മില്ലീലിറ്റര്‍ എന്ന കണക്കില്‍ കലക്കാം. നട്ട് ഒരുമാസം കഴിയുമ്പോള്‍ സ്യൂഡോമോണസ് കള്‍ച്ചര്‍ 15-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുകയും വേണം.
ചേറ്റുവിത
ഏക്കറിന് 35 കിലോഗ്രാം വിത്താണ് ചേറ്റുവിതയ്ക്ക് വേണ്ടത്. കളകളെ നിയന്ത്രിക്കാന്‍ ധോനിക് എന്ന കളനാശിനി തളിക്കണം. വിതച്ച് 3-8 ദിവസത്തിനുള്ളില്‍ ഒരേക്കറിലേക്ക് 600 മില്ലീലിറ്റര്‍ സോഫിറ്റ് 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. കളനാശിനി തളിച്ച് രണ്ടുദിവസം കഴിഞ്ഞ് വെള്ളം കയറ്റണം. പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ ചില ഭാഗങ്ങളില്‍ കാറ്റിന്‍റെ ശല്യം കാരണം വിളവ് കുറയുന്നു. ഇതിന് തടയിടാന്‍ വിന്‍ഡ് ബ്രേക്കായി ഡയിഞ്ച എന്ന പച്ചിലവളച്ചെടിയും വരമ്പുകളില്‍ തുവരനട്ടും വിളവ് കൂട്ടാമെന്ന് കാര്‍ഷിക സര്‍വ്വകലാശാല തെളിയിച്ചിട്ടുണ്ട്.
പച്ചക്കറികളും പരിചരിക്കാം
മഴമാറിയ സമയത്ത് നട്ട പച്ചക്കറികള്‍ക്കും പരിചരണം നല്‍കാം. കഴിഞ്ഞമാസം നട്ട തൈകള്‍ക്ക് സെന്‍റിന് 150-300 ഗ്രാം യൂറിയയും 90 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ചെടിയുടെ ചുറ്റും വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കാം. ബാക്ടീരിയ വരുത്തുന്ന പെട്ടെന്നുള്ള വാട്ടവും കരിച്ചിലും നിയന്ത്രിക്കാന്‍ വാടിയ ചുവട് പിഴുതെടുത്ത് ചുടുകയും സമീപത്തുള്ള ചെടികളുടെ ചുറ്റും 150 ഗ്രാം കുമ്മായവും 20 ഗ്രാം യൂറിയയും നല്‍കുകയും ചെയ്യാം. ആവശ്യത്തിന് ജലസേചനവും ആവശ്യമാണ്. മുളക്, വഴുതന, തക്കാളി എന്നിവയ്ക്ക് ഈ രീതി അനുവര്‍ത്തിക്കാം. എന്നാല്‍ വെണ്ടയ്ക്കു മേല്‍വളമായി സെന്‍റിന് 250 ഗ്രാം എന്ന തോതില്‍ പച്ചക്കറി വളക്കൂട്ട് നല്‍കണം.
കറുത്ത പൊന്നിന്‍റെ സംരക്ഷണം
കറുത്ത പൊന്നായ കുരുമുളകിന് ഒക്ടോബര്‍ മാസത്തില്‍ പരിചരണം മികച്ച രീതിയിലാക്കണം. സെപ്തംബറില്‍ വളം നല്‍കിയിട്ടില്ലെങ്കില്‍ ഈ മാസം വളം ചേര്‍ക്കണം. കളകള്‍ നീക്കം ചെയ്യുകയും ദ്രുതവാട്ടത്തെ നിയന്ത്രിക്കുന്നതിന് ഒരു ശതമാനം ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിക്കുകയും വേണം. ഫൈറ്റോലാന്‍ രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിചെടിയുടെ വലിപ്പമനുസരിച്ച് രണ്ടുമുതല്‍ അഞ്ചു ലിറ്റര്‍ വരെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. സ്യൂഡോമോണസ് കോളര്‍ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് ചുവട്ടിലെ മണ്ണില്‍ കുതിര്‍ക്കുകയും ചെടികളില്‍ തളിക്കുകയും വേണം. പൊള്ളുവണ്ടിനെ നിയന്ത്രിക്കാന്‍ എക്കാലക്സ് രണ്ടു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.
റബ്ബറിന്‍റെ ചീക്കുബാധ നിയന്ത്രിക്കാം
റബ്ബര്‍ തോട്ടങ്ങളില്‍ ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്.ചീക്കുബാധയുണ്ടാകുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോര്‍ഡോ കുഴമ്പ് തേയ്ക്കണം. വെട്ടുപശയും പുതുപ്പട്ടയും കുമിള്‍നാശിനികൊണ്ട് കഴുകാം. മഴമാറിയ അവസരത്തില്‍ റബ്ബര്‍ തോട്ടത്തില്‍ മികച്ച പരിചരണം നല്‍കേണ്ട സമയമാണിത്. കഴിഞ്ഞമാസം രാസവളം ചേര്‍ത്തിട്ടില്ലെങ്കില്‍ ഈ മാസം നല്‍കാം. ചെറുതൈകള്‍ നില്‍ക്കുന്ന തോട്ടങ്ങളിലെ കളകള്‍ നീക്കം ചെയ്യാം. രാസവളം വിതറിയശേഷം കൈപ്പല്ലികൊണ്ട് മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടാക്കണം. ബഡ് തൈകള്‍ നട്ടിരിക്കുന്ന തോട്ടങ്ങളില്‍ തറനിരപ്പില്‍ നിന്ന് എട്ടടിക്ക് താഴെയുള്ള ശിഖരങ്ങള്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് മുറിച്ചു മാറ്റണം.
തെങ്ങിന്‍ തോപ്പുകള്‍ കിളയ്ക്കാം.
തെങ്ങിന്‍ തോപ്പുകള്‍ കിളച്ച് കളകള്‍ നീക്കാവുന്ന സമയമാണിത്. സെപ്തംബര്‍ മാസം രാസവളം നല്‍കിയിട്ടില്ലെങ്കില്‍ മഴ കിട്ടുന്നതോടെ രാസവളം നല്‍കാം. കിളക്കുന്നതിനൊപ്പം ഇടവരമ്പുകള്‍ ബലപ്പെടുത്തുക, നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുക, നീര്‍കുഴികള്‍ കുത്തുക എന്നിവയാണ് പ്രധാന കൃഷികള്‍. കൊമ്പന്‍ചെല്ലിയുടെ ഉപദ്രവമുണ്ടെങ്കില്‍ ചെല്ലിക്കോല്‍ ഉപയോഗിക്കാം. ചെമ്പന്‍ചെല്ലിയെ നിയന്ത്രിക്കാന്‍ കള്ളിന്‍റെ മട്ടില്‍ ഫുറഡാന്‍ ചേര്‍ത്ത് കെണിവയ്ക്കണം. ചെറുതൈകളുടെ തടികളിലാണ് ചെമ്പന്‍ചെല്ലിയുടെ ആക്രമണം കൂടുതല്‍. തെങ്ങിന്‍ തടിയില്‍ സുഷിരങ്ങളും അതിലൂടെ ചണ്ടിപുറത്തേക്കു വരുന്നതുമാണ് ലക്ഷണം. ഏറ്റവും മുകളിലത്തെ സുഷിരമൊഴികെ മറ്റെല്ലാ സുഷിരങ്ങളും കളിമണ്ണുകൊണ്ട് അടയ്ക്കണം. മുകളിലത്തെ സുഷിരത്തിലൂടെ മൂന്നുഗ്രാം സെവിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിന് ഒഴിച്ചാല്‍ ചെമ്പന്‍ചെല്ലി നശിക്കും. കോറിഡ് ബക്ഷിന്‍റെ ഉപദ്രവത്തിനും ഇതുതന്നെ ചെയ്യാം. തെങ്ങുപോലെ കമുകിനും കളകള്‍ നീക്കാവുന്ന മാസമാണിത്. മഹാളിരോഗത്തെ നിയന്ത്രിക്കാന്‍ ബോര്‍ഡോമിശ്രിതം ഒരു ശതമാനം റോസിന്‍ സോഡ ചേര്‍ത്ത് തളിക്കാം. ഇടവിളയായി വാഴ, കുരുമുളക് എന്നിവ നടുകയും ആവാം.

Leave a Reply

One thought on “ഒക്ടോബറിലെ മുണ്ടകന്‍ കൃഷി”

  1. വളരെ നല്ല വിവരണം നന്നായി ആസ്വദിച്ചു വായിച്ചു. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *