Thursday, 24th October 2024

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ കിറ്റില്‍ മില്‍മ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. 100 ഗ്രാം നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും വീതം നല്‍കുന്നതിന് അധികമായി സംഭരിക്കുന്ന പാല്‍ ഉപയോഗപ്പെടുത്താനാണ് മില്‍മയുടെ പദ്ധതി.
മലബാര്‍ മേഖലാ യൂണിയനില്‍ ശരാശരി ഒരു ദിവസം ഒന്നേകാല്‍ ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കുന്നു. എറണാകുളം മേഖലയില്‍ ഇപ്പോള്‍ വിതരണത്തിനാവശ്യമായ മുഴുവന്‍ പാലും അവിടെ തന്നെ സംഭരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ സംഭരണത്തിന്റെ കുറവ് മലബാര്‍ മേഖലയില്‍ നിന്നുമാണ് ഇപ്പോള്‍ നികത്തുന്നത്. എങ്കിലും അധികമായി സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നത് കൂടി ലക്ഷ്യം വച്ചാണ് റേഷന്‍ കട വഴി നല്‍കുന്ന സൗജന്യ കിറ്റില്‍ 100 ഗ്രാം നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും വീതം ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. നിലവില്‍ പാലുല്‍പ്പന്നങ്ങളൊന്നും തന്നെ കിറ്റില്‍ ലഭ്യമല്ല. മില്‍മ ഉല്‍പ്പന്നങ്ങള്‍ കൂടി അടങ്ങുന്നതോടെ കിറ്റ് സമഗ്രമാകുമെന്നും ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. മില്‍മ ടെട്രാപാക്ക് പാല്‍ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും തുടക്കത്തില്‍ കസ്റ്റം പാക്ക് വഴിയാണ് വിതരണം ചെയ്യുകയെന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി.
മലബാര്‍ മേഖലയില്‍ ഒന്നകോല്‍ ലക്ഷം ലിറ്ററോളം പാല്‍ അധികമായി സംഭരിക്കുന്നുണ്ടെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. അതിനാല്‍ തന്നെ സാധാരണ പാലുല്‍പ്പന്നങ്ങളുടെ വില്‍പന കൂട്ടാനാണ് ശ്രമിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കുശേഷം വിപണി പൂര്‍ണ്ണമായും തിരികെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പരിരക്ഷ പദ്ധതി വഴിയാണ് അംഗന്‍വാടികളിലേക്ക് മില്‍മ പാല്‍ നല്‍കുന്നത്. 90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് ഈ പാല്‍ തയ്യാറാക്കിയിരിക്കുന്നത്. തുടക്കത്തില്‍ മലബാറില്‍ ആരംഭിച്ച ഈ പദ്ധതി ഇപ്പോള്‍ എറണാകുളം ജില്ല വരെ എത്തി നില്‍ക്കുന്നു. മില്‍മയുടെ വിതരണ ശൃംഖല വഴിയാണ് ഇത് അംഗനവാടി ജില്ല കോഓര്‍ഡിനേറ്റര്‍മാരില്‍ എത്തിക്കുന്നതെന്ന് എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു.
തിരുവനന്തപുരം മേഖലയില്‍ ദിവസം ശരാശരി 40000 ലിറ്റര്‍ പാലിന്റെ കുറവാണ് സംഭരണത്തിലുളളതെന്ന് തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. പ്രതിദിനം 5000 ലിറ്റര്‍ കര്‍ണ്ണാടക ഫെഡറേഷനില്‍ നിന്നും സംഭരിക്കുമ്പോള്‍ ബാക്കി മുഴുവന്‍ മലബാര്‍ മേഖലാ യൂണിയനില്‍ നിന്നുമാണ് സംഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *