Saturday, 7th September 2024

അനില്‍ ജേക്കബ് കീച്ചേരിയില്‍

തേനീച്ചകളേയും തേനിനേയും സ്നേഹിച്ച് ജീവിതം മധുരതരമാക്കിയ കഥ. സ്വന്തം ജീവിതകഥ മാത്രമല്ലിത്. നൂറുകണക്കിനുപേര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കിയും കുമളി വട്ടതൊട്ടിയില്‍ ഫിലിപ് മാത്യു എന്ന ഫിലിപ്പച്ചന്‍ പലരുടെ വഴികാട്ടിയായി. ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ഫിലിപ്പച്ചന്‍റെ കഥ ഇനി അറിയാത്തവര്‍ കൃഷിയെ സ്നേഹിക്കുന്നവരില്‍ കുറവായിരിക്കും. അത്രമാത്രം മാധ്യമശ്രദ്ധയും കര്‍ഷക ശ്രദ്ധയും നേടിയാണ് ഫിലിപ്പച്ചന്‍ തേനീച്ചകളുടെ തോഴനായത്. എന്നാല്‍ കുമളിയില്‍ ആര്‍ക്കും വട്ടത്തൊട്ടിയില്‍ ഫിലിപ്പ് മാത്യുവിനെ അറിഞ്ഞെന്നുവരില്ല. എന്നാല്‍ തേനീച്ച ഫിലിപ്പിനെ അറിയാം. 1993ല്‍ കുമളിയിലേക്ക് കുടിയേറി ഫിലിപ്പച്ചന്‍ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച തേന്‍ ഉല്പാദകരില്‍ ഒരാളാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള തേന്‍ കൂടുകള്‍ സ്ഥാപിച്ച ഇദ്ദേഹത്തിന് പ്രതിവര്‍ഷം 20000 ലിറ്ററിലധികം തേന്‍ വിപണിയിലെത്തിക്കാന്‍ കഴിയുന്നു. ഫിലിപ്പ്സ് നാച്വറല്‍ ഹണി ബീ ഫാമില്‍ നിന്നുള്ള തേനിന് സ്വദേശത്തും വിദേശത്തും ആവശ്യക്കാര്‍ ഏറെയാണ്. പല വിദേശികളും ഫിലിപ്പിന്‍റെ തേന്‍ഫാമുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി തേന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭം വരെ ഉണ്ടായി. ഫിലിപ്പിന്‍റെ പുരയിടത്തിലും പരിസരത്തുമായി 200ലധികം പെട്ടികള്‍ ഉണ്ട്. ഇതിനുപുറമെ 100ലധികം ചെറുതേനീച്ച കൂടുകളുമുണ്ട്. ചെറുതേനിന് ഔഷധഗുണവും അതനുസരിച്ച് വിലയും വളരെ കൂടുതലാണ്. കിലോക്ക് 1000 രൂപയിലധികം വരും. ഒരു വന്‍ തേനീച്ചയുടെ കൂടില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 20 കിലോഗ്രാമും ചെറുതേനീച്ചയുടെ കൂടില്‍ നിന്ന് ശരാശരി 750 ഗ്രാം തേനും കിട്ടും. ആവശ്യക്കാര്‍ക്ക് കൂടുകള്‍ അതത് സ്ഥലത്ത് എത്തിച്ചു സ്ഥാപിച്ചുകൊടുക്കും. കൂടാതെ തേനീച്ച വളര്‍ത്തലിനാവശ്യമായ ഉപകരണങ്ങളും ഉപദേശങ്ങളും നല്‍കുന്നു. തേനീച്ച വളര്‍ത്തലിന് താല്പര്യമുള്ളവരുടെ സംഘങ്ങള്‍ക്ക് ക്ലാസ്സുകള്‍ നല്‍കാനും ഫിലിപ്പ് സമയം കണ്ടെത്തുന്നു. പത്താം വയസ്സുമുതല്‍ പിതാവ് വട്ടംതൊട്ടിയില്‍ മാത്യുവില്‍ നിന്ന് കിട്ടിയ പാഠങ്ങള്‍ പ്രായോഗികാനുഭവത്തിലൂടെയും നിരീക്ഷണത്തിലൂടെയും വികസിപ്പിച്ചാണ് ഫിലിപ്പ് തേനീച്ചകളുടെ ലോകത്ത് എത്തിയത്. ഈ ജീവിതമാണ് ഈ വര്‍ഷത്തെ മികച്ച തേനീച്ച കര്‍ഷകനുള്ള ദേശീയ അവാര്‍ഡിന് ഫിലിപ്പച്ചനെ പ്രാപ്തനാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലും ഒരു സീസണില്‍ 40000 തേനീച്ചപ്പെട്ടികളുടെ വിതരണമാണ് നടക്കുന്നത്. ഇതിനൊക്കെ പിന്നില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോടിക്കണക്കിന് തേനീച്ച തൊഴിലാളികളുണ്ട്. അവ ഓരോ സീസണിലും ശേഖരിച്ച് നല്‍കുന്ന തേനില്‍ നിന്നും ലക്ഷങ്ങളുടെ വരുമാനമാണ് ഫിലിപ്പച്ചനെ വേറിട്ട വ്യക്തിത്വമാക്കുന്നത്. ഫിലിപ്പ്സ് നാച്വറല്‍ ഹണി എന്നാണ് ഫിലിപ്പച്ചന്‍റെ സംരംഭത്തിന്‍റെ പേര്. ഹൈറേഞ്ചിലെ വനഭൂമിയിലെയും കൃഷിയിടങ്ങളിലെയും വ്യത്യസ്ത ഇനം പൂക്കളുടെ മധുവടങ്ങിയതിനാല്‍ ഔഷധഗുണമേറിയ ഫിലിപ്പ്സ് ഹണിക്ക് ആവശ്യക്കാര്‍ ഏറെയാണ്. പ്രകൃതിക്ക് ദോഷമുണ്ടാക്കാതെ മലയോരങ്ങളിലെ ജൈവവൈവിധ്യസമ്പത്ത് പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്ന് ഫിലിപ്പച്ചന്‍ കാണിച്ചുതരുന്നു.
2013-ലെ ശ്രീചിത്തിര തിരുനാള്‍ സ്മാരക കര്‍ഷകരത്ന അവാര്‍ഡ്, മലയാളം ഡോട്ട്കോം മലയാളശ്രീ അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ ഫിലിപ്പച്ചനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ജെയ്മോള്‍, മക്കളായ മിഥു, നീതു, ബോണിമോന്‍ എന്നിവരും ഫിലിപ്പച്ചന്‍റെ സഹായികളായി തേനീച്ചകളെ പരിചരിക്കുന്നുണ്ട്.
ഫോണ്‍ :
9961462885, 9744413142

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *