
സജി അലക്സ്
മലയാളിയാണ്, മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് വിദ്യാസമ്പന്നര്‍. എന്നാല്‍ നാം മലയാളികള്‍ അയല്‍ സംസ്ഥാനങ്ങളുടെ വിഷം മുഴുവന്‍ തിന്നുതീര്‍ക്കുന്നവരാണ്. എന്നുവെച്ചാല്‍ അയല്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷംതളിച്ച പച്ചക്കറികളും മറ്റും അന്യായ വിലയ്ക്ക് വാങ്ങി നാം ആര്‍ത്തിയോടെ തിന്നുന്നു. ഒരു ലജ്ജയുമില്ലാതെ. ഇതിനൊക്കെ നാം നമ്മുടെ ജീവന്‍ തന്നെയാണ് വിലയായി നല്‍കേണ്ടത് എന്ന ന്യായമായ ചിന്തപോലുമില്ലാതെയാണ് ഇങ്ങനെ ചെയ്യുന്നത്.
പച്ചക്കറികള്‍ വാങ്ങുന്നതിനൊപ്പം നാം വാങ്ങുന്നത് മാരകമായ വിഷമാണെന്ന് ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതൊക്കെ മാധ്യമങ്ങള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവന്നതുമാണ്. എന്നിട്ടും ആരും അതൊന്നും ഗൗനിക്കുന്നില്ല.
ഇതിന് ബദല്‍ മാര്‍ഗ്ഗം ആരായുകയല്ല; മറികടക്കുകയാണ് വേണ്ടത്. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറി സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിഷം തിന്നാതെ ജീവിക്കാം. ലോകാരോഗ്യ സംഘടന പറയുന്ന അളവില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇലക്കറികളും കിഴങ്ങുവര്‍ഗങ്ങളും നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്നില്ല. ആവശ്യത്തിന്‍റെ അഞ്ചില്‍ ഒരംശം മാത്രമേ നാം ഉല്‍പാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതിയാണ്. ഉപയോഗമാകട്ടെ ശാരീരികാവശ്യത്തിനുവേണ്ടതിന്‍റെ 30-40 ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നു. ഇത് നമ്മുടെ ആരോഗ്യരംഗത്തെ പോലും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയുടെ കാര്യം ഏറെ അപകടമാണ്. വിഷലിപ്തമായ പച്ചക്കറികളാണ് വിപണിയില്‍ വ്യാപകമായിരിക്കുന്നത്. ഇക്കാര്യം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നുമില്ല. ഇത്തരം പച്ചക്കറികളുടെ ഉപയോഗം മാരക രോഗികളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
വിഷം കലര്‍ന്ന പച്ചക്കറികള്‍ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടി നാം ചെയ്യേണ്ടത് ശാസ്ത്രീയമായ പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് വേണ്ടത്. ജൈവാധിഷ്ഠിതവും വിഷവിമുക്തവുമായ ഉല്പന്നങ്ങള്‍ കൃഷി ചെയ്തുണ്ടാക്കണം. മണ്ണിനെ ജൈവസമ്പന്നമാക്കുകയാണ് ഈ കൃഷിയുടെ പ്രത്യേകത. മണ്ണിനെ കൃഷിക്കനുകൂലമായ സൂക്ഷ്മ ജീവികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ജൈവവളങ്ങളാണ് ഉപയോഗിക്കേണ്ടത്. കാലിവളം, കമ്പോസ്റ്റ്, വിവിധ പച്ചില വളങ്ങള്‍, സൂക്ഷ്മാണു വളങ്ങള്‍, പലതും ചേര്‍ത്തുണ്ടാക്കുന്ന ജൈവവളങ്ങള്‍, ജൈവകുമിള്‍നാശിനികളെല്ലാം നമുക്ക് ഒരുക്കണം.
മണ്ണിന്‍റെ രാസഘടന (പി.എച്ച്) ചെടിയുടെ വളര്‍ച്ചക്കനുകൂലമായ അവസ്ഥയിലെത്തിക്കണം. ഇതിന് ഒരു സെന്‍റില്‍ രണ്ട് കിലോഗ്രാം കുമ്മായം ചേര്‍ത്ത് വേണം മണ്ണൊരുക്കാന്‍. തുടര്‍ന്ന് വിവിധ ജൈവവളങ്ങള്‍ നിരവധി ഘട്ടങ്ങളിലായി ചേര്‍ത്തുകൊടുക്കണം.
രോഗ-കീട പ്രതിരോധത്തിനും മണ്ണിനെ സജ്ജമാക്കല്‍ പ്രക്രിയ അനിവാര്യമാണ്. പച്ചക്കറിയില്‍ ഉണ്ടാകുന്ന കുമിള്‍ രോഗങ്ങളെ തടയാന്‍ ഇത്തരം കുമിളുകളെ നശിപ്പിക്കുന്നു. ഇതില്‍ കുമിളുകളും കീടങ്ങളുടെ കാര്യത്തില്‍ എതിര്‍ കീടങ്ങളുമുണ്ട്. ഇവയെ കൃഷിയിടത്തില്‍ സജ്ജമാക്കണം. ഉദാഹരണമായി കാലിവളം ചേര്‍ക്കുമ്പോള്‍ ട്രൈക്കോഡര്‍മയെന്ന സൂക്ഷ്മാണുക്കളെ പത്തുദിവസം വളത്തില്‍ ചേര്‍ത്ത് വളര്‍ത്തിയെടുക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുക.
കേരളത്തില്‍ പൊതുവെ പച്ചക്കറി വിളവിറക്കുന്നത് മഴക്കാലം ജൂണ്‍-സെപ്തംബര്‍, സെപ്തംബര്‍-ഡിസംബര്‍, ജനുവരി-ഏപ്രില്‍ സീസണിലാണ് പച്ചക്കറി കൃഷിചെയ്യുന്നത്. മണ്ണ് നന്നായി കിളച്ച് പരുവപ്പെടുത്തി കുമ്മായം ചേര്‍ക്കണം. മഴക്കാലം തറയോ കൂനയോ എടുത്തും മറ്റ് സീസണില്‍ ചാലുകളോ കുഴിയോ എടുത്തോ ജലത്തിന്‍റെ അവസ്ഥ നോക്കി നിലമൊരുക്കാം. അടിവളമായി സെന്‍റിന് 100 കിലോഗ്രാം കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കാം. വേനലില്‍ നിലം ഒരുക്കി വെയില്‍ കൊള്ളിക്കുന്നത് കീടങ്ങളും കളങ്ങളും നശിക്കാന്‍ ഇടനല്‍കും.
നഴ്സറികളില്‍ നട്ട് വളര്‍ത്തുന്നതിനെക്കാള്‍ പറിച്ചുനടുന്ന ഇനങ്ങള്‍ പ്രോട്രേകളില്‍ വിത്ത് നട്ട് തൈകളാക്കി നടാം. പ്രോട്രേകളില്‍ കമ്പോസ്റ്റോ കാലിവളമോ ചകിരിച്ചോറോ നിറച്ച് അതില്‍ വിത്ത് നടാം. തക്കാളി, മുളക്, വഴുതിന എന്നിവയാണ് ഇങ്ങനെ നടാന്‍ നല്ലത്.
കാലിവളത്തിന് പുറമെ ട്രൈക്കോഡര്‍മ എന്ന രോഗപ്രതിരോധ കുമിളിനെ ചേര്‍ത്ത് തയ്യാറാക്കിയാല്‍ രോഗം തടയാം. 100 കിലോഗ്രാം കാലിവളത്തില്‍ 1-2 കിലോഗ്രാം ട്രൈക്കോഡര്‍മ ചേര്‍ത്ത് ഒരാഴ്ച വയ്ക്കണം. തുടര്‍ന്ന് ഒരുതവണ ഇളക്കിക്കൊടുത്ത് കൂന കൂട്ടിവെയ്ക്കണം.
വിവിധതരം കീടങ്ങള്‍ പച്ചക്കറിയുടെ ഓരോ വളര്‍ച്ചാഘട്ടങ്ങളിലും ഉണ്ടാവാം. ഇതിന് പ്രതിരോധനടപടി സ്വീകരിച്ചാല്‍ മികച്ച വിളവ് നേടാവുന്നതാണ്. പച്ചക്കറിയുടെ നീരൂറ്റി കുടിക്കുന്നവയാണ് മൂഞ്ഞ, വെള്ളീച്ച, വണ്ടുകള്‍, മീലിമൂട്ട, പച്ചത്തുള്ളല്‍, ഇലപ്പനയം തുടങ്ങിയവ. ഇവ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം.
ഇലച്ചുരുട്ടി പുഴുക്കള്‍, തണ്ട് തുരപ്പന്‍, കായീച്ച എന്നിവ നിയന്ത്രിക്കാന്‍ ഗോമൂത്രം കാന്താരി ലായനി തളിക്കാം. പുകയില കഷായവും മികച്ച ജൈവകീടനാശിനിയാണ്. പച്ചക്കറികളെ ഓരോ ഘട്ടത്തിലും ബാധിക്കുന്ന കീടരോഗബാധ ഏതാണെന്ന് നോക്കി ഇത്തരം ജൈവകീടനാശിനികള്‍ പ്രയോഗിക്കാവുന്നതാണ്.
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചരിവില്ലാത്ത ടെറസ്സിലാണ് കൃഷിചെയ്യാന്‍ നല്ലത്. ചെടിച്ചട്ടിയിലും ഗ്രോബാഗിലും പ്ലാസ്റ്റിക് ചാക്കിലും കൃഷി ചെയ്യാം. സൂര്യപ്രകാശം, വെള്ളം എന്നിവ കിട്ടുന്നതും പാരപ്പറ്റ് ഉള്ളതുമാവണം ടെറസ്. നേരിട്ട് മണ്ണ് നിറച്ച് കൃഷി ചെയ്യരുത്. മണ്ണിലെ ലവണാംശം കോണ്‍ക്രീറ്റിനെ ബാധിക്കുമെന്നതിനാലാണ് ഇത്. പ്ലാസ്റ്റിക് ഷീറ്റ് ടെറസ്സില്‍ വിരിക്കുകയോ, ഇഷ്ടിക നിരത്തുകയോ ചെയ്ത് കൃഷി ചെയ്യാവുന്നതാണ്.
സാധാരണ മണ്ണിലോ, ടെറസ്സിലോ എവിടെ കൃഷി ചെയ്താലും മികച്ച വിളവു ലഭിക്കണമെങ്കില്‍ പരിചരണം ആവശ്യമാണ്. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് പ്രത്യേക സ്വാദുതന്നെയാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം കൃഷിരീതികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുണ്ടെങ്കിലും നാം വേണ്ടത്ര ശ്രദ്ധ കാണിക്കാറില്ല. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറി നമ്മുടെ ഒഴിവുസമയങ്ങളില്‍ ഉണ്ടാക്കാമെന്നതാണ് പ്രത്യേകത. ഇത് കുടുംബ ബജറ്റിനും മുതല്‍കൂട്ടാകും. നിലവില്‍ പച്ചക്കറികള്‍ക്ക് സാമാന്യം നല്ല വിലയാണ്. നാലുപേര്‍ക്കുള്ള കുടുംബത്തിന് ശരാശരി 200 രൂപയുടെ പച്ചക്കറി വേണം. എന്നാല്‍ സ്വയം കൃഷി ചെയ്യാന്‍ തുടങ്ങിയാല്‍ ഇതിന്‍റെ പകുതിപോലും ചെലവ് വരില്ല. മനസ്സുണ്ടെങ്കില്‍ ആര്‍ക്കും എളുപ്പം ചെയ്യാവുന്നതാണ് വീട്ടുമുറ്റത്തെ പച്ചക്കറികൃഷി. ഓരോ മലയാളിയും ഇത് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വരുംകാലങ്ങളിലേക്ക് ഇന്നുതന്നെ പച്ചക്കറികൃഷി തുടങ്ങേണ്ടത് അത്യാവശ്യമാണ്.
Leave a Reply