Friday, 26th April 2024

സി.വി.ഷിബു


    കല്‍പ്പറ്റ : പരമ്പരാഗത കാര്‍ഷികവൃത്തിയില്‍ നിന്നും വ്യത്യസ്തമായി
ശാസ്ത്രീയവും ആധുനികവുമായ രീതികള്‍ അവലംബിച്ച് ഈ രംത്ത് മാതൃകയാവുകയാണ്
കല്‍പ്പറ്റയിലെ കര്‍ഷകനും കാര്‍ഷിക യന്ത്രോപകരണങ്ങളുടെ വ്യാപാരിയുമായ
ജോണി പാറ്റാനി. മികച്ച കര്‍ഷകന്‍, പരിശീലകന്‍, സാങ്കേതിക വിദഗ്ധന്‍
എന്നിങ്ങനെ പേരെടുത്ത ജോണി പാറ്റാനി കഴിഞ്ഞ 20 വര്‍ഷത്തിലധികമായി
കാര്‍ഷികമേഖലയില്‍ ആധുനികവല്‍ക്കരണം നടപ്പാക്കിയിട്ട്. കല്‍പ്പറ്റ
നഗരപരിധിയിലെ പാറ്റാനിമലയില്‍ പരമ്പരാഗതമായി ലഭിച്ച 9 ഏക്കര്‍
കൃഷിഭൂമിയിലാണ് കാപ്പി, കുരുമുളക്, വാഴ, ഇഞ്ചി, പച്ചക്കറികള്‍,
മത്സ്യകൃഷി എന്നിവ നടത്തുന്നത്. മലയുടെ താഴ്‌വാരത്ത് വയലില്‍ മാതൃകാ
കൃഷിത്തോട്ടവും നേഴ്‌സറിയും മത്സ്യകൃഷിയും നടത്തുന്നുണ്ട്. മത്സ്യകൃഷി
നടത്താനുപയോഗിക്കുന്ന കുളത്തിലെ വെള്ളം ശുദ്ധീകരിച്ച് പുനര്‍ഉപയോഗം
നടത്തുകയും അമോണിയം കലര്‍ന്ന വെള്ളം കൃഷിക്കുപയോഗിച്ചും ഇദ്ദേഹം പുതിയ
പരീക്ഷണങ്ങള്‍ നടത്തിയത് ഏറെ വിജയകരമായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത്
വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഇതിനെ
അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോണി ഇപ്പോഴുള്ളത്. കുരുമുളകിന്
താങ്ങുമരമില്ലാതെ ഇരുമ്പ് നെറ്റുപയോഗിച്ച് ചകിരിച്ചോറും വളവും നല്‍കി
കൃഷി ചെയ്യുന്ന 500 ചുവട് കുരുമുളക് കഴിഞ്ഞവര്‍ഷങ്ങളില്‍ വിളവെടുത്ത്
തുടങ്ങി. തോട്ടത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍, സ്പ്രിംഗ്‌ളയര്‍ സെറ്റ്,
ഫോബിംഗ്, മൈക്രോ ഇറിഗേഷന്‍, മിനി സ്പ്രിംഗ്‌ളര്‍ തുടങ്ങിയവ
ജലസേചനത്തിനായി ഉപയോഗിച്ചുവരുന്നു. ആധുനിക രീതിയിലുള്ള ജൈവകൃഷിക്ക്
പ്രാധാന്യം നല്‍കി അവയ്ക്കുള്ള പരിശീലനവും നടന്നുവരുന്നുണ്ട്. കല്‍പ്പറ്റ
നഗരത്തില്‍ ഇദ്ദേഹത്തിന് തോട്ടത്തില്‍നിന്ന് ഉല്‍പാദിപ്പിച്ച പഴങ്ങളും
പച്ചക്കറികളും ധാരാളമായി വില്‍പ്പന നടത്തുന്നുണ്ട്. എല്ലാം ജൈവരീതിയിലാണ്
ഉല്‍പാദിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് പാഷന്‍ഫ്രൂട്ടിനും നല്ല
ഡിമാന്റുണ്ടായിരുന്നു.
പാറ്റാനി ഫാമില്‍ ഓര്‍ക്കിഡുകള്‍, കൂണുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍,
മത്സ്യം എന്നിവ കൃഷിചെയ്ത് വില്‍പ്പനയ്ക്കും പ്രത്യേകം കൗണ്ടറുകള്‍
ആരംഭിക്കുന്നുണ്ട്. കാര്‍ഷികരംഗത്ത് കൃഷി, പഠനം, വിനോദം, വിപണനം എന്നിവയെ
സംയോജിപ്പിച്ചുള്ള രീതിക്കാണ് വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ
പ്രസിഡന്റുകൂടിയായ ജോണി പാറ്റാനി പ്രധാനമായും നേതൃത്വം കൊടുക്കുന്നത്.
വയനാട് ജില്ലയില്‍ 1990 മുതല്‍ കാര്‍ഷിക മേഖലയില്‍
യന്ത്രവല്‍ക്കരണത്തിനും ആധുനിക യന്ത്രങ്ങളുടെ ഉപയോഗത്തിനും
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വലിയ ശ്രമങ്ങള്‍ ആരംഭിച്ചു.

 60
ശതമാനത്തിലധികം ഉല്‍പാദനം വര്‍ദ്ധിക്കാന്‍ ഇത് കാരണമായെന്ന് ജോണി
അവകാശപ്പെടുന്നു. തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളില്‍ നൂറ് കണക്കിന്
കര്‍ഷകര്‍ യന്ത്രവല്‍ക്കരണത്തിലേക്ക് മാറി. വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിനും ജലസംരക്ഷണത്തിനുമായി കാര്‍ഷിക വിളകള്‍ക്ക് ഫോഗിംഗ്
പോലുള്ള ചിലവുകുറഞ്ഞതും ജലഉപയോഗം കുറഞ്ഞതുമായ ജലസേചനമാര്‍ഗം
പരീക്ഷിക്കണമെന്ന് ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നു. വെള്ളത്തിന് ഏറ്റവും
ചിലവുകുറഞ്ഞ രീതി ഡ്രിപ്പ് ഇറിഗേഷനാണെങ്കിലും ഇതിനേക്കാള്‍
എളുപ്പമാര്‍ഗ്ഗം ഫോഗിംഗാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജലസേചന യന്ത്രോപകരണങ്ങള്‍ക്ക്
നല്‍കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കിയത് വലിയ പ്രതിസന്ധി
സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *