Friday, 9th June 2023
നാടിന്‍റെ ജൈവവൈവിധ്യ ശോഷണത്തിനും പ്രകൃതി മൂലധനങ്ങളിലുമുണ്ടായ തകര്‍ച്ചയ്ക്കും കാരണം മണ്ണു സംരക്ഷണത്തില്‍ വരുത്തിവെച്ച പിഴവാണെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ലോകമണ്ണ് ദിനാചരണത്തിന്‍റ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സംഘടപ്പിച്ച മണ്ണ് ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഭവനില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ. ഐ.ബി. സതീഷിന്‍റെ  അദ്ധ്യക്ഷതയിലായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
څڅസുരക്ഷിത ഭാവിയ്ക്കായി  മണ്ണൊലിപ്പുതടയാംچچ എന്ന സന്ദേശം ആഹ്വാനം ചെയ്തുകൊണ്ടാണ് ലോകമെമ്പാടും ഇത്തവണ മണ്ണുദിനം ആചരിക്കുന്നത്. ഏറ്റവും പ്രധാന പ്രകൃതി വിഭവമായ മണ്ണിനോടുളള അശാസ്ത്രീയമായ സമീപനത്താല്‍ മണ്ണിനു ശോഷണം വരുത്തിയിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി സൂചിപ്പിച്ചു. 2018 ലെയും 2019 ലെയും പ്രളയത്തില്‍ ദശലക്ഷക്കണക്കിന് മെട്രിക് ടണ്‍ മേല്‍മണ്ണാണ് നമുക്ക് നഷ്ടമായത്. മഴവെളളം കൊണ്ടു മാത്രമല്ല ഈ നഷ്ടം സംഭവിച്ചത്, മറിച്ച് മണ്ണു സംരക്ഷണത്തില്‍ നമ്മള്‍ വരുത്തിയിട്ടുളള വീഴ്ചകൂടി ഇതിനു കാരണമാണ്. 1500 ലധികം സ്ഥലത്താണ് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവമൂലം മേല്‍ മണ്ണ് നഷ്ടമായത്. മണ്ണൊലിച്ചു പോകുക മാത്രമല്ല മണ്ണിന് രൂപമാറ്റവും സംഭവച്ചിട്ടുണ്ട്. മേല്‍മണ്ണിനുണ്ടാകുന്ന ഈ നാശം വലിയ ഗൗരവത്തോടെ വീക്ഷിക്കേണ്ട സംഗതിയാണ്. ഒരു രാജ്യത്തിന്‍റെ സമ്പദ്ഘടനയെയും ജീവിക്കുന്ന മനുഷ്യരുടെ സ്വഭാവത്തെ തന്നെയും സ്വാധീനിക്കാന്‍ ഈ പ്രകൃതി വിഭവത്തിന് കഴിവുണ്ട്. നാം ഓരോരുത്തരും മണ്ണിനോടു കാണിക്കുന്ന അലംഭാവം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പഠനങ്ങളും റിപ്പോര്‍ട്ടുകളും ധാരാളം പുറത്തിറങ്ങുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ഒരു ഫലവും ദ്യശ്യമാകുന്നില്ല എന്നതാണ് വാസ്തവം. ഓരോ പ്രാവശ്യവും പ്രളയമുണ്ടാകുമ്പോള്‍ പഴയസ്ഥിതി വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ പഠനങ്ങള്‍ കൊണ്ട് എന്തര്‍ത്ഥമാണുളളതെന്നും മന്ത്രി ചോദിച്ചു. ചെന്നൈയില്‍ സംഭവിച്ച ദുരന്തം നാം ഓര്‍ക്കേണ്ടതുണ്ട്. ഇത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഗൗരവപൂര്‍ണ്ണമായി നടപടികള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. 
മണ്ണിന്‍റെ ആരോഗ്യ സംരക്ഷണത്തിനാണ് നാം പ്രാഥമികമായി ശ്രദ്ധ കൊടുക്കേണ്ടത്. സസ്യാരോഗ്യ സംരക്ഷണവും ജലത്തിന്‍റെ സംരക്ഷണവും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണ്. ഓരോ പ്രദേശത്തും ആരാണ് ഈ പ്രകൃതി മൂലധനങ്ങളുടെ സംരക്ഷണത്തിന് ഉത്തരവാദി എന്നും മണ്ണ് സംരക്ഷണം നടത്താത്തവര്‍ക്കെതിരെ എന്തു ശിക്ഷണനടപടികള്‍ സ്വീകരിക്കേണ്ടത് എന്നുമുളള വ്യക്തമായ വ്യവസ്ഥകള്‍ സമൂഹത്തില്‍ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന കൃഷി വകുപ്പ് ഇത് തിരിച്ചറിഞ്ഞുകൊണ്ട് പാരിസ്ഥിതിക അടിസ്ഥാനത്തിലുളള കൃഷി സമ്പ്രദായ രീതികള്‍ ആവിഷ്കരിക്കുവാന്‍ പോവുകയാണ്. സംസ്ഥാനത്തെ 5 കാര്‍ഷിക പാരിസ്ഥിതിക മേഖലകളായും അവയെ വീണ്ടും 23 അഗ്രോ ഇക്കോളജിക്കല്‍ യൂണിറ്റുകളായും വേര്‍തിരിച്ചുകൊണ്ടുളള കാര്‍ഷിക മുറകളും പദ്ധതികളുമായിരിക്കും കൃഷി വകുപ്പില്‍ അടുത്തവര്‍ഷം മുതല്‍ നടപ്പിലാക്കുകയെന്നും മന്ത്രി വിശദീകരിച്ചു. ചടങ്ങില്‍ മണ്ണു സംരക്ഷണ ദിനത്തിന്‍റ പ്രതിജ്ഞ മന്ത്രി എല്ലാവര്‍ക്കുമായി ചൊല്ലിക്കൊടുത്തു. 
മണ്ണും ജലവും സുസ്ഥിര വികസനത്തിന് എത്രമാത്രം പ്രയോജനകരമാണെന്നുളളത് നാം അറിഞ്ഞു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും മണ്ണു സംരക്ഷണവും ഏറ്റവും ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ എം.എല്‍.എ ഐ.ബി സതീഷ് സൂചിപ്പിച്ചു. കാട്ടാക്കട നിയോജകമണ്ഡലത്തിന്‍റെ ജലസമൃദ്ധി പദ്ധതിയില്‍പ്പെട്ട മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കര്‍മ്മപദ്ധതി പ്രകാശനവുംഐ.ബി. സതീഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. 
ചടങ്ങില്‍ മണ്ണു സംരക്ഷണ വകുപ്പിന്‍റെ ഈ വര്‍ഷത്തെ സോയില്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വ്വഹിച്ചു. വയനാട് ജില്ലയിലെ വില്ലേജ്തല മണ്ണ് ഫലപുഷ്ടി ഭൂപടങ്ങളുടെ പ്രകാശനം കാര്‍ഷികോത്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ് നിര്‍വ്വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് കഴിഞ്ഞ 3 വര്‍ഷം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പ്രകാശനം കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍കര്‍, ഐ.എ.എസ് നിര്‍വ്വഹിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, കേരളാ ലാന്‍റ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ രാജീവ് പി. എസ് എന്നിവര്‍ നന്ദിയും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്  അംബിക എസ് സ്വാഗതവും പറഞ്ഞു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *