Friday, 25th October 2024

വിഷരഹിത കൃഷിയിലൂടെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിച്ച് നാടിന്റെ വികസനോന്മുഖമായ വളര്‍ച്ചക്ക് കാര്‍ഷിക, സാംസ്‌കാരിക കൂട്ടായ്മകളുടെ ഭാഗമാകുകയും, കലയിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി സാമൂഹ്യ വ്യവസ്ഥയോടു ചേര്‍ന്ന് നില്‍ക്കുമ്പോഴും കര്‍ഷകക്കൂട്ടായ്മകളും, ജൈവകലകളും, നാട്ടു കലാകാരന്‍മാരും യുവജന കൂട്ടായ്മകളും, പുരോഗമന പ്രസ്ഥാനങ്ങളും കുട്ടികളും സ്ത്രീ കൂട്ടായ്മകളും എല്ലാവരും ചേര്‍ന്ന് കാര്‍ഷിക സംസ്‌കൃതിയുടെ വിത്ത് വിതയ്ക്കാന്‍ വീട്ടുമുറ്റങ്ങളില്‍ നിന്നും വീട്ടുമുറ്റങ്ങളിലേക്ക് സര്‍ഗ സംവേദനം നടത്തേണ്ട കാലത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് രൂപപ്പെടുത്തിയ കാര്‍ഷിക സാംസ്‌കാരിക വിനിമയ സഞ്ചാരമാണ് ‘കൃഷിഗാഥ’. അണ്ണാരക്കണ്ണനും തന്നാലായത് എന്ന അര്‍ത്ഥവത്തായ പഴഞ്ചൊല്ലില്‍ പതിരില്ലാതെ എല്ലാ കുടുബങ്ങളും വീട്ടുവളപ്പിലെ വിഷരഹിത കൃഷിയിലൂടെ ഭക്ഷ്യ സ്വാശ്രയത്വം നേടുന്ന സംസ്ഥാനമായി കേരളം മാറുവാന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഈ നവീന കാര്‍ഷിക സാംസ്‌കാരിക വിനിമയ പദ്ധതി സമര്‍പ്പിക്കുന്നു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ഒരോ കുടുബവും പങ്കാളികളായിക്കൊണ്ട് ഭക്ഷ്യ സ്വാശ്രയത്വത്തിനു വേണ്ടി വിഷരഹിത കാര്‍ഷികതക്കായി ജൈവ കലയുടെ സംഗമത്തിന് ഒഴുകിയെത്തി. കേരളത്തിലെ കാര്‍ഷിക കലകള്‍ക്കൊപ്പം ഓര്‍ഗാനിക് തീയേറ്ററിന്റെ ആരംഭം കുറിച്ചപ്പോള്‍ മണ്ണറിയുന്ന, കൃഷിയുടെ മനസറിയുന്ന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് കര്‍ഷകരോടെപ്പം ഓര്‍ഗാനിക് തീയേറ്ററിന്റെ പ്രധാന കഥാപാത്രമായി മാറി. പ്രലോഭനത്തിന്റെ കമ്പോള കങ്കാണിമാരുടെ കൂടുവിട്ട് കൂടു മാറ്റത്തിന്റെ ഇരയായ പെണ്‍കുട്ടിയെ പ്രതി സംസ്‌കാരത്തിന്റെ മുദ്രാവാക്യങ്ങളാല്‍ ഉണര്‍ത്തി ലിംഗഭേദമില്ലാത്ത കാര്‍ഷിക കലാരൂപമായ കടമ്പന്‍മൂത്താനാക്കി മാറ്റുന്ന ജൈവബോധത്തിന്റ നായകനായി മന്ത്രി അരങ്ങില്‍ പകര്‍ന്നാടി. എസ്.എന്‍ സുധീര്‍ ആണ് ഓര്‍ഗാനിക് തിയറ്ററിന്റെ സംവിധായകന്‍. കൃഷിഗാഥയ്ക്ക് സംഘബോധത്തിന്റെ ശക്തി പകരാന്‍. പുതിയ കാര്‍ഷിക സാംസ്‌കാരിക വിനിമയത്തിനായി തന്റെ സ്വാഭാവിക ചലനങ്ങളും ഭാവ തലങ്ങളിലെ സൂക്ഷ്മതയും കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവവും ആവേശവും നല്‍കിക്കൊണ്ട് കഥാപാത്രത്തിലലിഞ്ഞുചേരുമ്പോള്‍ ചേര്‍ത്തലയുടെ കയ്യടിയേറ്റു വാങ്ങിക്കൊണ്ട് അദ്ദേഹം അരങ്ങുണര്‍ത്തുമ്പോള്‍ ഇനി കേരളം പറയും കാര്‍ഷിക സാംസ്‌കാരിക നവോത്ഥാനത്തിന്റെ പുതിയ രാഷ്ട്രീയം ചര്‍ച്ച രൂപപ്പെടേണ്ടത് മന്ത്രി പി പ്രസാദിന്റ ജൈവകലാശാലയില്‍ നിന്നുമാണ്. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണിന്റെ അദ്ധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *