Saturday, 2nd December 2023
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വിപണി ഇടപെടലുകള്‍ ശക്തമാക്കുവാന്‍ തിരുമാനിച്ചതായി   കൃഷി മന്ത്രി . : 
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ യഥാസമയം വിപണിയിലെത്തിക്കുവാനും ഉപഭോക്താകള്‍ക്കു ന്യായവിലയ്ക്കു അവശ്യ സാധനങ്ങള്‍ ലഭിക്കാത്തതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്ന അവസ്ഥയില്‍ വകുപ്പിന്‍റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുവാന്‍ തീരുമാനിച്ചതായി കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.  ഇതിന്‍റെ ഭാഗമായി ജില്ലകളില്‍ ഇതിനകം തന്നെ ഹോര്‍ട്ടികോര്‍പ്പിന്‍റെയും വി.എഫ്.പി.സി.കെ.യും നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴ-പച്ചക്കറികള്‍ സംഭരണം നടത്തുന്നതിനായി ഹോര്‍ട്ടികോര്‍പ്പ് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  ഇതിനോടകം സംസ്ഥാനത്തൊട്ടാകെയുള്ള 13 സംഭരണ കേന്ദ്രങ്ങളും 5 ഉപകേന്ദ്രങ്ങളും വഴി 706 ടണ്‍ പച്ചക്കറികള്‍      ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്നും സംഭരിച്ചു കഴിഞ്ഞു. പ്രാദേശിക പച്ചക്കറി ഉത്പാദന കേന്ദ്രങ്ങളിലെ കര്‍ഷകരില്‍ നിന്നുമാണ് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിച്ചു വരുന്നത്.  ഇത്തരത്തില്‍ സംഭരിച്ച പച്ചക്കറികള്‍ ഹേര്‍ട്ടികോര്‍പ്പിന്‍റെ 100 വിപണികള്‍ വഴിയും 200 ഫ്രാഞ്ചൈസി വിപണികള്‍ വഴിയും ഉപഭോക്താകള്‍ക്ക് എത്തിച്ചു വരുന്നു.  ഇതു കൂടാതെ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന 43 കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കാവശ്യമായ 13 ടണ്‍ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വിതരണം നടത്തി.  വാഴക്കുളം മേഖലയില്‍ നിന്നും 20 ടണ്‍ പൈനാപ്പിള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചു കഴിഞ്ഞു.  സംഭരണം വരും ദിവസങ്ങളിലും തുടരുന്നതാണ്. പാലക്കാട്     മുതലമടയിലെ മാംഗോസിറ്റിയില്‍ നിന്നും മാങ്ങ സംഭരണവും ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. വയനാട്  ജില്ലയിലെ   കര്‍ഷകരില്‍ നിന്നും നേന്ത്രക്കായയും സംഭരിച്ച് വിതരണം    നടത്തുവാന്‍ തിരുമാനിച്ചിട്ടുണ്ട്.
വി.എഫ്.പി.സി.കെ., ഹോര്‍ട്ടികോര്‍പ്പ് എന്നി സ്ഥാപനങ്ങള്‍ റസിഡന്‍റസ് അസ്സോസിയേഷനുകള്‍, സാമൂഹ്യക്ഷേമവകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ വിതരണ ഏജന്‍സികളുടെ സഹായത്തോടെ അവശ്യസാധനങ്ങള്‍ എത്തിച്ചു          നല്‍കുന്നുമുണ്ട്. ബിഗ് കാര്‍ട്ട്, സ്വിഗ്ഗി, സൊമാറ്റോ, എ.എം. നീഡ്സ് ഏജന്‍സികളുമായി ബന്ധപ്പെട്ടാണ് ഓണ്‍ലൈന്‍ വിതരണം ആരംഭിച്ചിട്ടുള്ളത്.
കര്‍ഷകര്‍ക്ക് അതാതു ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിളവെടുക്കാനുള്ള പച്ചക്കറിയുടെ വിവരവും വിപണന സൗകര്യവും ആവശ്യപ്പെടാവുന്നതാണെന്നും കൃഷിവകുപ്പ് മന്ത്രി അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *