മുണ്ടകന്‍ കൃഷി ചെയ്യാത്ത നെല്‍പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും പയര്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഇപ്പോള്‍. എല്ലാവിധ പയര്‍ വര്‍ഗ വിളകളുടെയും വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിത്തുകള്‍ റൈസോബിയം എന്ന ജൈവവളവുമായി സംയോജിപ്പിച്ച ശേഷം വിതയ്ക്കുകയാണെങ്കില്‍ 15 മുതല്‍ 20% വരെ ഉത്പാദനത്തില്‍ വര്‍ദ്ധനവ് ലഭിക്കാന്‍ കാരണമാകും. 5 മുതല്‍ 10 കിലോഗ്രാം വരെ വിത്തുകള്‍ പരിചരിക്കുന്നതിനു 500 ഗ്രാം റൈസോബിയത്തോടൊപ്പം ആവശ്യമായ വെള്ളമോ അല്ലെങ്കില്‍ തലേ ദിവസത്തെ കഞ്ഞിവെള്ളമോ കൂട്ടിച്ചേര്‍ത്തു അതിലേക്ക് വിത്തുകള്‍ മുക്കി വെച്ച ശേഷം നേരിട്ട് വെയില്‍ ഏല്‍ക്കാത്ത തണലുള്ള സ്ഥലങ്ങളില്‍ ചണച്ചാക്കില്‍ വിത്തുകള്‍ നിരത്തി ഉണക്കിയ ശേഷം പെട്ടെന്ന് തന്നെ വിതയ്ക്കുകയാണ് ചെയ്യേണ്ടത്. കഞ്ഞി വെള്ളത്തില്‍ റൈസോബിയം ചേര്‍ക്കുന്നത് വഴി വിത്തുകളില്‍ റൈസോബിയം നല്ല രീതിയില്‍ ഒട്ടിപ്പിടിക്കാന്‍ സഹായിക്കും.
***********************************************************
* താപനിലയില്‍ ദൈനം ദിനം ഉണ്ടാകുന്ന വര്‍ധനവ് മണ്ണിലെ ജലാംശം നഷ്ടപ്പെടുന്നതിനു കാരണമാകുന്നുണ്ട്. മണ്ണില്‍ നല്ല ഈര്‍പ്പം ഉള്ളപ്പോള്‍ തന്നെ പുതയിടീല്‍ നടത്തി മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കുക.
* കരിയിലകള്‍, വൈക്കോല്‍, ചകിരി തൊണ്ട്, ആവരണ വിളകള്‍ മുതലായവ ഉപയോഗിച്ച് കാര്‍ഷിക വിളകള്‍ക്ക് പുതയിടീല്‍ നടത്താവുന്നതാണ്.
* വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി വേനല്‍കാല വിളകള്‍ നടുന്നതിനു മുന്‍പായി മൈകൊറൈസ മണ്ണില്‍ ചേര്‍ക്കുന്നത് ഉത്തമമായിരിക്കും.
* കാറ്റിന്റെ വേഗത മണിക്കൂറില്‍ 7 കിലോ മീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ വിളകള്‍ക്ക് ആവശ്യമായ താങ്ങുകള്‍ നല്‍കി സംരക്ഷിക്കുക.
Monday, 29th May 2023
Leave a Reply