Friday, 9th June 2023

സംസ്ഥാനത്തെ മുഴുവൻ ക്ഷീരകർഷകർക്കും പാൽ ഉത്പാദന ആനുകൂല്യങ്ങളുടെ വിതരണം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ  സർക്കാർ തുടങ്ങി. ഇതിന്റെ ഭാഗമായി ക്ഷീര കർഷകർക്ക് രജിസ്റ്റർ ചെയ്യാനുള്ള “ക്ഷീരശ്രീ”എന്ന പോർട്ടൽ സജ്ജമായി. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീര സഹകരണ സംഘങ്ങളുമായോ, ക്ഷീര വികസന ഓഫിസുകളുമായോ ബന്ധപ്പെട്ടും കർഷകർക്ക് ക്ഷീരശ്രീ പോർട്ടലിൽരജിസ്റ്റർ ചെയ്യാവുന്നതാണ്. അതുമല്ലെങ്കിൽ മൊബൈൽ ഫോൺ വഴി ksheerasree.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചും രജിസ്റ്റർ ചെയ്യാം. പാൽ സംഘങ്ങളിൽ അംഗങ്ങൾ അല്ലാത്തവർക്കും നാളെ വരെ കൂടി രജിസ്റ്റർ ചെയ്യാം.

രജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി കർഷകർ തങ്ങളുടെ ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി, ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവ കരുതണം. രജിസ്റ്റർ ചെയ്യുന്ന സമയം എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള 24 മണിക്കൂർ ഹെല്പ് ഡസ്ക് നമ്പറിൽ(0471 155300)ബന്ധപ്പെടാം. രജിസ്ട്രേഷൻ പൂർത്തിയായാൽ ഒരു സ്മാർട്ട്‌ കാർഡ് ലഭിക്കും.

ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഭാവിയിൽ ക്ഷീര വികസനവകുപ്പ് മുഖേന ലഭ്യമാകുന്ന എല്ലാ സബ്‌സിഡി ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ച പാൽ ഇൻസന്റീവ് തുകയും ഓണത്തിന് മുൻപായി കർഷകരിലേക്ക് എത്തിക്കാനുള്ള നടപടികൾ നടന്നു വരികയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി. ജെ. ചിഞ്ചുറാണി അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *