കവുങ്ങിന്‍ തോപ്പുകളില്‍ മഞ്ഞളിപ്പ് രോഗം കണ്ടുവരുന്നു. തൃത്താല, അട്ടപ്പാടി, മണ്ണാര്‍ക്കാട് ഭാഗങ്ങളിലാണ് ജില്ലയില്‍ കൂടുതലായും രോഗബാധ കണ്ടുവരുന്നത്. മേല്‍മണ്ണിലുണ്ടാകുന്ന മൂലകങ്ങളുടെ അഭാവത്തോടൊപ്പം ലവണാംശത്തില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് പ്രധാനമായും ഈ രോഗാവസ്ഥയ്ക്കു കാരണം. കവുങ്ങുകളുടെ പുറമെയുള്ള ഇലകളില്‍ തുടങ്ങുന്ന മഞ്ഞളിപ്പാണ് രോഗലക്ഷണത്തിന്റെ തുടക്കം. ഈ മഞ്ഞളിപ്പ് കാലക്രമേണ പുതിയ ഇലകളെയും ബാധിക്കുന്നു. നിറം മാറിയ ഇലകള്‍ കരിഞ്ഞുണങ്ങുന്നു. മൂപ്പെത്തിയതും അല്ലാത്തതുമായ കായ്കള്‍ കൊഴിഞ്ഞു വീഴുന്നു. രോഗം മൂര്‍ഛിക്കുന്ന അവസ്ഥയില്‍ ഇലകള്‍ മുഴുവനും കൊഴിഞ്ഞ് പോകുകയും മണ്ടഭാഗം കുറ്റിയായി തീരുകയും ചെയ്യുന്നു. തല്‍ഫലമായി കവുങ്ങുകള്‍ പൂര്‍ണ്ണമായും നശിച്ചുപോകുന്നു. മണ്ണുപരിശോധന അടിസ്ഥാനമാക്കിയുള്ള സംയോജിത വളപ്രയോഗ രീതിയാണ് ഇതിനുള്ള ഏകപരിഹാരം. ഇതിനായി വളപ്രയോഗത്തിനു മുന്‍പ് കവുങ്ങ് ഒന്നിന് 250 ഗ്രാം കുമ്മായം വീതം മണ്ണില്‍ നനവുള്ളപ്പോള്‍ ചേര്‍ത്ത് കൊടുക്കുക. ശേഷം ഒന്നാം വളമായ 220 ഗ്രാം യൂറിയ, 200 ഗ്രാം രാജ്‌ഫോസ്, 235 ഗ്രാം പൊട്ടാഷ് എന്നിവയും ഒരാഴ്ചയ്ക്ക് ശേഷം 50 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ഓരോ കവുങ്ങിനും ചേര്‍ത്ത് കൊടുക്കുക. ഒരു മാസത്തിനു ശേഷം സിങ്ക്, ബോറോണ്‍ എന്നിവ ലഭിക്കുന്നതിന് വേണ്ടി 100 ഗ്രാം സമ്പൂര്‍ണ്ണ മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. ഇത് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തെളിഞ്ഞ കാലാവസ്ഥയില്‍ തളിച്ച് കൊടുക്കാവുന്നതുമാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഓരോ കവുങ്ങിനും 10 കിലോഗ്രാം ജൈവവളം വീതം ചേര്‍ത്ത് കൊടുക്കുക.
Saturday, 10th June 2023
Leave a Reply