Saturday, 25th September 2021

വയനാടിന്‍റെ വികസനം മില്‍മയിലൂടെ…
പി.ടി.ഗോപാലക്കുറുപ്പ്
(ചെയര്‍മാന്‍, മില്‍മ)

ഒരുകാലത്ത് വികസന സ്വപനങ്ങള്‍ എങ്ങുമെത്താത്ത പിന്നോക്ക ജില്ലയായിരുന്ന വയനാടിന്‍റെ വളര്‍ച്ചാ വഴിയില്‍ ഇന്ന് വയനാട് ജില്ലയില്‍ വന്ന സമഗ്രമാറ്റങ്ങളുടെയും പിന്നില്‍ മില്‍മയുടെ പങ്ക് വളരെ വലുതാണ്. ഒരു സ്ഥാപനത്തിന് നാടിന്‍റെ വികസനത്തിന് എന്ത് ചെയ്യാനാവും എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് വയനാട് ജില്ലയിലെ ചുഴലിയില്‍ സ്ഥിതി ചെയ്യുന്ന മില്‍മ ഡെയറി. കാര്‍ഷികവൃത്തി മുഖ്യ ഉപജീവനമായി കരുതി വന്ന വയനാടന്‍ ജനതക്ക് കാര്‍ഷികമേഖലയെ വിടാതെ പിന്തുടരുന്ന പ്രതിസന്ധികളില്‍ പ്രതീക്ഷയും ആശ്രയവുമായി മാറുകയായിരുന്നു മില്‍മ.
ഒരു കാലഘട്ടത്തില്‍ വയനാട് ജില്ലയിലെ ക്ഷീര കര്‍ഷകരില്‍ നിന്നും ചെറുകിട ക്ഷീരസംഘങ്ങള്‍ വഴി മില്‍ക്ക് യൂണിയനായിരുന്നു പാല്‍ സംഭരിച്ച് പോന്നിരുന്നത്. വയനാട ജില്ലയിലെ ക്ഷീകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും വിറ്റഴിക്കുവാനോ സംസ്കരിക്കുവാനോ കഴിയാതെ വരികയും ഈ സാഹചര്യങ്ങളില്‍ കര്‍ഷകര്‍ അന്യജില്ലകളിലെ പാല്‍ വിപണന കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിനും തോടുകളിലും നീര്‍ചാലുകളിലും പാല്‍ ഓഴുക്കി കളയേണ്ട സ്ഥിതിയും നിലനിന്നു പോന്നിരുന്നു. ഇത്തരത്തില്‍് പശു വളര്‍ത്തല്‍ തീരാനഷ്ടമായി മാറി തുടങ്ങിയപ്പോള്‍ പല കര്‍ഷകരും പശു വളര്‍ത്തലില്‍ നിന്നും പതിയെ പിന്‍മാറാന്‍ തുടങ്ങിയുന്നു. ഈ കാലഘട്ടത്തിലാണ് മില്‍മയുടെ വയനാട് ജില്ലയിലേക്കുള്ള കടന്ന് വരവ്. വയനാട് മില്‍ക്ക് യൂണിയന്‍ മില്‍മയില്‍ ലയിച്ചതോടെ 1990-91 കളില്‍ വയനാട് ജില്ലയിലെ മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളില്‍ മില്‍ക്ക് ചില്ലിംഗ് പ്ലാന്‍റുകള്‍ സ്ഥാപിച്ചുകൊണ്ട് തുടക്കത്തില്‍ ശരാശരി 2500 ലിറ്റര്‍ പാലായിരുന്നു മില്‍മ കര്‍ഷകരില്‍ നിന്നും സംഭരിച്ചിരുന്നത്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലിനും അര്‍ഹമായ പാല്‍വില മില്‍മ യില്‍ നിന്നും ലഭിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് മില്‍മയിലുള്ള വിശ്യാസം നേടാനും കൂടുതല്‍ കര്‍ഷകര്‍ പാലുത്പാദനത്തിലേക്ക് കടന്ന് വരുന്നതിനും ഇത് കാരണമായി. ഇന്ന് സംസ്ഥാനതലത്തില്‍ പാലുത്പാദനത്തില്‍ രണ്ടാം സ്ഥാനമാണ് വയനാട് ജില്ലക്കുള്ളത്.
കാലാനുസൃതമായി വര്‍ദ്ധിച്ചുവരുന്ന പാലുല്‍പാദനം കൈകാര്യം ചെയ്യുന്നതിനും വയനാട് ജില്ലയിലെ ഉത്പാദിപ്പിക്കുന്ന മുഴുവല്‍ പാലും കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും മതിയാവാത്ത സാഹചര്യത്തിലാണ് വയനാട്ടില്‍ സ്വന്തമായി ഒരു ഡെയറിയുടെ ആവശ്യകതയേക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ദിനംപ്രതി സംഭരിക്കുന്ന പാല്‍ തനതായ ഗുണനിലവാരത്തോടെ അന്നന്നു തന്നെ ഉപഭോക്താവിന്‍റെ കൈകളില്‍ എത്തിക്കാന്‍ മില്‍മ പ്രതിജ്ഞാബദ്ധമായിരുന്നു. പാല്‍ വില്‍പന എന്നതിലുപരി ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ചുള്ള പാലുല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുവാനും വയനാട്ടില്‍ ഒരു ഡെയറി അത്യന്താപേക്ഷിതമായിരുന്നു. എന്നാല്‍ സ്വന്തമായി ഒരു ഡെയറിക്ക് വേണ്ടി മുതല്‍ മുടക്കാന്‍ മില്‍മയ്ക്ക് ശേഷിയുണ്ടായിരുന്നില്ല. ഈ അവസരത്തിലാണ് മില്‍മ ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ നിരന്തരമായ പരിശ്രമത്തിന്‍റെയും രാഷ്ട്രീയ ഇടപെടലുകളുടെയും ഫലമായി കേന്ദ്ര ഗവ: പദ്ധതിയായ RSVY യുടെ ധനസഹായം മില്‍മയ്ക്ക് ലഭിച്ചത്. അപ്രകാരം ലഭിച്ച 5.2 കോടി രൂപയാണ് ഡെയറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വഴി തെളിച്ചത്. ബാക്കി മുഴുവന്‍ തുകയും മലബാര്‍ മില്‍മയുടെ സ്വന്തം ഫണ്ടില്‍ നിന്നുമാണ് കണ്ടെത്തിയത്.
മില്‍മയുടെ തുടര്‍പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ക്ഷീരസംഘങ്ങളുമായി ചേര്‍ന്ന് നിന്നുകൊണ്ട് അവര്‍ സംഭരിക്കുന്ന മുഴുവന്‍ പാലും സംഭരിച്ച് വിതരണം ചെയ്ത് മാസത്തില്‍ ഓരോ 10 ദിവസം കൂടുമ്പോഴും പാല്‍ വില നല്‍കി ക്ഷീര കര്‍ഷകരുടെ വിശ്വാസം നേടാന്‍ മില്‍മയ്ക്ക് കഴിയുന്നു. വയനാട് ജില്ലയില്‍ മില്‍മയുടെ പ്രൊക്യൂയര്‍മെന്‍റ് ആന്‍ഡ് ഇന്‍പുട്ട്സ് വിഭാഗത്തിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഡെയറി ഡെവലപ്മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റുമായ് യോജിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് വയനാട് ജില്ലയില്‍ കൂടുതല്‍ സംഘങ്ങള്‍ ഉണ്ടാക്കുവാന്‍ മില്‍മ വഴിയൊരുക്കിയിട്ടുണ്ട്. വയനാട് ജില്ല കാര്‍ഷിക പ്രതിസന്ധി നേരിട്ട പല ഘട്ടങ്ങളിലും കര്‍ഷകര്‍ക്ക് ആശ്വാസകരമായി നിലകൊണ്ടത് ക്ഷീരകര്‍ഷകരുടെ അത്താണിയായ മില്‍മയാണ്. വയനാട് ജില്ലയിലെ കാര്‍ഷിക മേഖല വിളനാശവും വിലത്തകര്‍ച്ചയും പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും മൂലമുള്ള വ്യപക കൃഷി നാശവും പ്രതിരോധിക്കാനാവാതെ നട്ടം തിരിയുകയാണ് ജില്ലയിലെ കര്‍ഷകര്‍. വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി പ്രദേശത്ത് വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ ക്ഷീരമേഖലയെ ആശ്രയിച്ച് തുടങ്ങിയിരിക്കുന്നത് ഇതിനുദാഹരണമാണ്. പുല്‍പ്പള്ളി മേഖലയിലെ പല കര്‍ഷകരും ഹൈടെക് ഫാമുകള്‍ ഒരുക്കി കൊണ്ട് പൂര്‍ണ്ണമായും ക്ഷീരമേഖലയിലേക്ക് തിരിയുകയും ഏറ്റവും അധികം പാല്‍ അളക്കുന്നതിനുള്ള ഉപഹാരം നേടുകയും ചെയ്യുന്നു. മറ്റ് നാണ്യവിളകള്‍ക്ക് അടിക്കടി വിലത്തകര്‍ച്ച നേരിടുമ്പോഴും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്ന പാല്‍ വില ഉയരുന്നതല്ലാതെ ഒരിക്കലും വിലതകര്‍ച്ചയിലേക്കെത്തിയിട്ടില്ല. മില്‍മ കര്‍ഷര്‍ക്ക് നല്‍കുന്ന സുസ്ഥിരമായ പാല്‍വിലയാണ് ഇതിനൊരു പ്രധാന ഘടകം.
ഇത്തരത്തില്‍ ക്ഷീരകര്‍ഷകരുടെ ദൈനംദിന ജീവിതത്തില്‍ യാതൊരു പ്രതിസന്ധിയുമില്ലാതെ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിച്ച് വിപണനം നടത്തി ക്കൊണ്ട് പ്രതിമാസം 19 കോടി രൂപയോളം പാല്‍ വിലയായി നല്‍കി ക്ഷീരകര്‍ഷകരുടെ അത്താണിയാകുവാന്‍ മില്‍മക്ക് സാധിക്കുന്നുണ്ട്. യൂണിയന്‍ ബാങ്ക്, കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ സഹകരണ ബാങ്ക് എന്നിവയിലുടെയാണ് കര്‍ഷകര്‍ക്ക് പാല്‍വിലയെത്തിക്കുന്നതിനുള്ള പണമിടപാടുകള്‍ നടത്തിവരുന്നത്. കൂടാതെ അധികമുള്ള പാല്‍ ജില്ലയ്ക്ക് പുറത്ത് വിപണനം നടത്തിക്കൊണ്ട് അയല്‍ ജില്ലകളുടെ പാല്‍ ക്ഷാമം പരിഹരിക്കുവാന്‍ വയനാട് ഡെയറിക്ക് സാധിക്കുന്നുണ്ട്. നിലവില്‍ ദിനംപ്രതി ഒന്നര ലക്ഷത്തിലധികം ലിറ്റര്‍ പാലാണ് മില്‍മ കര്‍ഷകരില്‍ നിന്നും സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നത്. ഇങ്ങനെ പാല്‍ സംഭരിക്കുന്നതിനായി വയനാട് ജില്ലയിലുടനീളം മില്‍മയ്ക്ക് 52 മെമ്പര്‍ സംഘങ്ങളും 2 നോണ്‍ മെമ്പര്‍ സംഘങ്ങളും ഉണ്ട്. ഇതുകൂടാതെ പൂക്കോട് വെറ്ററിനറി കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഗവ: ഡെയറി ഫാമില്‍ നിന്നും പരമ്പരാഗത സൊസൈറ്റിയായ കല്‍പ്പറ്റ സൊസൈറ്റിയില്‍ നിന്നും ഡെയറി പാല്‍ ശേഖരിക്കുന്നുണ്ട്. ഇതിനുവേണ്ടി മൊത്തം 2.34 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള 36 ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ മേല്‍ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഘങ്ങളില്‍ നിന്നും ഇത്തരത്തില്‍ സംഭരിക്കുന്ന പാലില്‍ നിന്നും പാലിതര ഉത്പന്നങ്ങളായ നെയ്യ്, സംഭാരം, തൈര്, സിപ്അപ്, ലെസ്സി, ബട്ടര്‍, പനീര്‍, പാലട, പേട, മില്‍ക്കി ജാക്ക്, കോക്കനട്ട് ബര്‍ഫി, പനീര്‍ അച്ചാര്‍ തുടങ്ങിയ ഒട്ടനവധി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വയനാട് ഡെയറിയില്‍ നിന്നും വിപണനം ചെയ്യുന്നുണ്ട്. ജില്ല മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു വിപണന ശൃഖല തന്നെ രൂപീകരിക്കാന്‍ ഇതിനകം മില്‍മ വയനാട് ഡെയറിക്ക് കഴിഞ്ഞിട്ടുണ്ട്. വയനാട് ജില്ലയിലെ വിപണനത്തിനുപരിയായി കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിലും, മലപ്പുറം ജില്ലയിലെ കോട്ടക്കലിലും, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലും പ്രവര്‍ത്തിക്കുന്ന മില്‍ക്ക് മാര്‍ക്കറ്റിംഗ് ഡിപ്പോകള്‍ വഴിയാണ് ഡെയറിയുടെ വിപണനശൃംഖല പൂര്‍ത്തിയാകുന്നത്. ഇതിനായ് ശക്തമായ ഒരു മാര്‍ക്കറ്റിംഗ് ശൃംഖല വയനാട് ഡെയറിക്ക് സ്വന്തമാണ്.
സാങ്കേതിക വൈദഗ്ധ്യത്തില്‍ ഇന്ത്യയിലെത്തന്നെ ഒന്നാംതരം ഡെയറികളിലൊന്നായ വയനാട് ഡെയറിക്ക് ISO 22000: 2005 (ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍റേഡ്) അംഗീകാരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നു മേഖലകളിലായി പ്രവര്‍ത്തിക്കുന്ന മില്‍മയുടെ ഡെയറികളില്‍ എക്സ്പോര്‍ട്ട് ലൈസന്‍സ് ലഭിച്ചിട്ടുളള ആദ്യ ഡെയറിയെന്ന സവിശേഷതയുമുണ്ട്. 25 ടണ്‍ നെയ്യാണ് വയനാട് ഡെയറിയില്‍ പ്രതിമാസം ഉല്‍പാദിപ്പിക്കുന്നത്. ഡെയറിയില്‍ ഉല്‍പാദിപ്പിക്കുന്ന നെയ്യിന്‍റെ നല്ലൊരു പങ്കും സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ 14 വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ഏകദേശം 45 ടണ്‍ ആണ് ഡെയറിയുടെ വാര്‍ഷിക കയറ്റുമതി. മില്‍മ എന്ന ബ്രാന്‍ഡ് ജനങ്ങളില്‍ ഉളവാക്കിയിട്ടുള്ള വിശ്യാസ്യതക്ക് വയനാട് ഡെയറിയില്‍ നിന്നുള്ള പരമാവധി വിപണി ഒരുക്കി ക്ഷീരകര്‍ഷകരുടെ ക്ഷേമം ഉറപ്പ് വരുത്താന്‍ സാധിച്ചിട്ടുണ്ട്.
പാല്‍ ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള തിവ്രശ്രമത്തിലാണ് മില്‍മ ഇപ്പോള്‍. നേരത്തെ സംഭരിച്ചിരുന്ന പാലിന്‍റെ 20 ശതമാനമാണ് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇത് 7 ശതമാനമായി വര്‍ദ്ധിപ്പിച്ച് 27 ശതമാനത്തില്‍ എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്. 300 കോടി രൂപയാണ് വയനാട് ഡെയറിയുടെ വാര്‍ഷിക വിറ്റു വരവ്. കയറ്റുമതി ഇനത്തിലും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതമാണ് ക്ഷീരോല്‍പാദക യൂണിയന്‍ ബോണസും മറ്റുമായി സംഘങ്ങളിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്.
ഇതിന് പുറമെ ക്ഷീരകര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ച് കന്നുകാലി ഇന്‍ഷൂറന്‍സ്, സംഘം തലത്തിലുള്ള വെറ്റിനറി സര്‍വ്വീസ് യൂണിറ്റ്, കിടാരികള്‍ക്കായുള്ള ഹീഫര്‍ ഡെവലപ്പ്മെന്‍റ് പദ്ധതി, സബ്സിഡി നിരക്കില്‍ പച്ചപ്പുല്ല്, കാലിത്തീറ്റ വിതരണം, ക്ഷീര കര്‍ഷക ക്ഷേമനിധി, മെഡിക്ലെയിം ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങി ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിലും ഉന്നമനത്തിലും ഊന്നിക്കൊണ്ടുള്ള ഓട്ടേറെ പ്രവര്‍ത്തനങ്ങള്‍ മില്‍മ നടത്തി വരുന്നുണ്ട്.
എല്ലാത്തിനുമുപരിയായി, വയനാട് ജില്ലയിലെയും, സമീപ ജില്ലകളിലെയും അനവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് വയനാട് ജില്ലയുടെ സമഗ്ര വികസനത്തിനും വയനാട് ഡെയറി വഴിതെളിച്ചു. ക്ഷീര സംഘങ്ങളില്‍ നിന്നും പാല്‍ ശേഖരിക്കുന്നത് മുതല്‍ സംസ്കരിച്ച പാലും പാലിതര മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും ഉപപോക്താക്കളുടെ കൈകളില്‍ എത്തിക്കുന്ന അവസാന ഘട്ടം വരെ ഡെയറിയുടെ സ്ഥിരം ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും കൂടാതെ പീസ് റേറേറ് ഫില്ലിംഗ് ആന്‍ഡ് പാക്കിംഗ്, ക്ലീനിംഗ്, സെക്യൂരിറ്റി, ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ട് ജീവനക്കാര്‍, പാല്‍ വിതരണ ഏജന്‍സിക്കാര്‍ എന്നിങ്ങനെ തുടങ്ങി പല മേഘലകളിലായി 250 ല്‍ അധികം ജീവനക്കാരാണ് ഡെയറിയിന്‍ നിന്നും പ്രത്യക്ഷമായും പരോക്ഷമായും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. അങ്ങനെ വയനാട് ഡെയറി, വയനാടന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി നില കൊള്ളുന്നു. നിലവില്‍ വയനാട് ജില്ലയിലെ പ്രധാന ഭക്ഷ്യേത്പാദന വിതരണ കേന്ദ്രമായ് മാറിയ മില്‍മ വയനാട് ഡെയറിയുടെ വളര്‍ച്ചയും ഉന്നമനവും ഓരോ വയനാട്ടുകാരന്‍റെയും ആവശ്യമായി മാറിയിരിക്കുകയാണ്.
മലിനീകരണനിയന്ത്രണ സംവിധാനം നടപ്പില്‍ വരുത്തിയതിലും, നിലനിര്‍ത്തുന്നതിലും കാഴ്ചവെച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ഡെയറി പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ എല്ലാ വര്‍ഷവും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്‍റ് ബോയിലേര്‍സ്, ഊര്‍ജ്ജ സംരക്ഷണ വകുപ്പ് തുടങ്ങിയവയില്‍ നിന്നും ഒട്ടനവധി ബഹുമതികളും വിവര സാങ്കേതികതയിലുള്ള മികവ് പരിഗണിച്ച് കേരള സംസ്ഥാന ഇ ഗവേണ്‍സ് ലീഡര്‍ അവാര്‍ഡ്, ഇതു കൂടാതെ മില്‍മയിലെ തന്നെ ഏറ്റവും നല്ല മാര്‍ക്കറ്റിങ്ങ് ടീമിനുള്ള ബഹുമതിയും വയനാട് ഡെയറി കരസ്ഥമാക്കുവാന്‍ സാധിച്ചു.
ഭാവിയില്‍ പേടയും മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും അറേബ്യന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനുള്ള പദ്ധതികള്‍ മില്‍മ ആവിഷ്കരിച്ച് വരികയാണ്. ഒരു സഹകരണ സ്ഥാപനം എന്ന നിലയില്‍ ഒട്ടേറെ പരിമിതികള്‍ മില്‍മക്കുണ്ടായിട്ടും പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പാല്‍ വിപണന രംഗത്തെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള ശക്തമായ വെല്ലുവിളികള്‍ മറികടന്ന് ക്ഷീരകര്‍ഷകരുടെ ക്ഷേമം പൂര്‍ണ്ണമായും ഉറപ്പ് വരുത്തി കൊണ്ട് കേരളത്തിലുടനീളം നെടും തൂണായി വളരാന്‍ മില്‍മക്ക് കഴിയുന്നത് മികച്ച ഭരണാധികാരിയും ഭരണ സംവിധാനവും, കൂടാതെ നേതൃത്ത്യപാടവമുള്ള മറ്റ് അധികാരികളുടെ ആത്മാര്‍ഥസേവനവും സര്‍വ്വോപരി മുഴുവന്‍ ജീവനക്കാരുടെയും ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനവും സ്വന്തമായത് കൊണ്ടാണ്.
ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായ് നാടിന്‍റെ സമഗ്രവികസനം ഉറപ്പ് വരുത്തികൊണ്ട് മില്‍മ വളരുകയാണ്……
‘നമുക്ക് വളരാം,
മില്‍മയിലൂടെ…..’

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *