Saturday, 20th April 2024

സംസ്ഥാന കാർഷിക മേഖലയുടെ ഗുരുസ്ഥാനീയനും  കാർഷിക മാധ്യമരംഗത്തെ അധികായനുമായ   ആർ ഹേലി (86) ഞായറാഴ്ച രാവിലെ 8. 45 ന്  വിടവാങ്ങി. കഴിഞ്ഞ 6 പതിറ്റാണ്ടോളം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് സമഗ്രമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ആർ. ഹേലി.   1934 ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലായിരുന്നു ജനനം.  കാർഷിക കോളേജിലെ ബിരുദ പഠനത്തിനുശേഷം 1955 ൽ റബ്ബർ ബോർഡിൽ  കൃഷി ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക പ്രവർത്തനമാരംഭിക്കുന്നത്.  സംസ്ഥാനത്തെ കാർഷിക മാധ്യമരംഗത്തെ ചാലകശക്തിയായ ഫാം ഇൻഫോർമേഷൻ ബ്യൂറോയുടെ ശില്പികൂടിയായിരുന്നു അദ്ദേഹം. 1968 വരെ കൃഷി,  മൃഗസംരക്ഷണം എന്നീ വകുപ്പുകളിൽ പ്രത്യേക ഇൻഫർമേഷൻ സർവീസുകളാണ് നിലവിലുണ്ടായിരുന്നത്. ഇവ സംയോജിപ്പിച്ചുകൊണ്ട് ഫാം ഇൻഫർമേഷൻ ബ്യൂറോ ആരംഭിക്കുന്നത് 1969 ജനുവരി ഒന്നിനാണ്. ഭക്ഷ്യോല്പാദനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ  ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്ന അന്നത്തെ കൃഷി മന്ത്രിയായിരുന്ന  എം എൻ ഗോവിന്ദൻ നായരുടെ ദീർഘദൃഷ്ടി ആണ് ബ്യൂറോയുടെ രൂപീകരണം എന്ന ആശയത്തിൽ ചെന്നെത്തിയത് .  കാർഷിക വിജ്ഞാനവ്യാപനത്തിന് നിസ്തുല സംഭാവനകൾ നൽകിക്കൊണ്ടിരുന്ന  ആർ ഹേലിയെ ആയിരുന്നു ബ്യൂറോയുടെ പ്രഥമ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായി ചുമതലപ്പെടുത്തിയത്. 1969 ജനുവരി ഒന്നു മുതൽ 1983 ജനുവരി 20 വരെ അദ്ദേഹം ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു. നെൽകൃഷിയിലെ ഗ്രൂപ്പ് ഫാമിംഗ്,   മലയാള ദിനപത്രങ്ങളിൽ കാർഷിക പംക്തികളുടെ ആരംഭം,  ആകാശവാണിയിലെ കാർഷിക വാർത്ത,  കേരളകർഷകൻ മാസികയുടെ നവീകരണം തുടങ്ങി ഒട്ടനവധി ആശയങ്ങളുടെ ശില്പി കൂടിയായിരുന്നു ആർ ഹേലി. 1989 ൽ കൃഷി ഡയറക്ടറായി വിരമിച്ച ശേഷവും മൂന്ന് പതിറ്റാണ്ട് അദ്ദേഹം കാർഷികമേഖലയുടെയും  കർഷകരുടേയും സ്പന്ദനം തന്നെയായിരുന്നു.   മികച്ച ഫാം ജേർണലിസത്തിനുള്ള  ആദ്യത്തെ കർഷക ഭാരതി അവാർഡ്,  പ്രസ് അക്കാദമി അവാർഡ് എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നിരവധി കമ്മിറ്റികളിലും ജൂറികളിലും അംഗമായിരുന്നു. നിരവധി വിദേശ രാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട് . കാർഷികമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുടെ അടിസ്ഥാനത്തിൽ 2019ൽ  ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സുവർണ ജൂബിലി ആഘോഷവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ പ്രത്യേകം ആദരിക്കുകയുണ്ടായി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *