
മലേഷ്യയിലെ നായക്കുട്ടിക്ക് അത്യപൂർവ്വ ശസ്ത്രക്രിയ: വീണ്ടും പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സർജൻമാരുടെ വിജയകരമായ ടെലി-ഗൈഡഡ് ശസ്ത്രക്രിയ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാലയിലെ ശസ്ത്രക്രിയാ വിഭാഗം നായകളിലെ അത്യപൂർവ്വമായ ശസ്ത്രക്രിയക്ക് വിദൂര സാങ്കേതിക നിർദ്ദേശം നൽകി വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മലേഷ്യയിലെ മൂന്നു മാസം മാത്രം പ്രായമുള്ള “ബുദ്ധി” എന്ന പൂഡിൽ ഇനത്തിൽ പെട്ട നായക്കുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വെറ്റിനറി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. ഷിബു സുലൈമാൻറെ പെനാങ് പ്രവിശ്യയിലുള്ള ക്ലിനിക്കിലാണ് ഭക്ഷണം കഴിക്കുന്നതിന് വേദനയും, പ്രയാസവുമായി ബുദ്ധിയെ കൊണ്ടുവരുന്നത്. വായിലേക്കെത്തുന്ന ഭക്ഷണം തൊണ്ടയിലൂടെ അന്നനാളത്തിൽ പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ടായിരുന്നു ബുദ്ധിക്ക്. ഡോ. ഷിബു ഈ ലക്ഷണങ്ങൾക്കുള്ള വിവിധ കാരണങ്ങൾ പരിശോധിക്കുകയും, രോഗവിവരങ്ങൾ സർവ്വകലാശാലയുടെ പൂക്കോടും, മണ്ണുത്തിയിലുമുള്ള വെറ്ററിനറി കോളേജുകളിലെ ശസ്ത്രക്രിയാ വിദഗ്ധരുമായി പങ്കുവെക്കുകയും ചെയ്തു. തുടർന്ന് മലേഷ്യയിലെ പുത്ര സർവ്വകലാശാലയിലെ രോഗ നിർണ്ണയ വിഭാഗത്തിൽ നിന്നും വീഡിയോ ഫ്ലൂറോസ്കോപി സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗം തൊണ്ടയിലെ ഭക്ഷണത്തിന്റെ ചലനം നിയന്ത്രിക്കുന്ന പേശികളെ ബാധിച്ചിട്ടുള്ള “ക്രിക്കോഫാറിൻജിയൽ അക്കൽലേഷ്യ” എന്ന ജന്മ വൈകല്യമാണെന്ന് തീർച്ചപ്പെടുത്തി. നായകളിൽ വളരെ അപൂർവ്വമായി സംഭവിക്കുന്നതും, അതിലും അപൂർവ്വമായി രോഗനിർണ്ണയം ചെയ്യുന്നതുമായ ഈ അസുഖം ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ലോകത്ത് തന്നെ വളരെ അപൂർവ്വമായി ചെയ്തിട്ടുള്ള ഈ ശസ്ത്രക്രിയക്ക് സാങ്കേതിക നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് ഡോ. ഷിബുവും സംഘവും ലോകത്തെമ്പാടുമുള്ള വിവിധ സർവ്വകലാശാലകളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അമേരിക്ക, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ആസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ വിദഗ്ധരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്നാണ് തന്റെ മാതൃ സ്ഥാപനത്തിന്റെ സഹായം തന്നെ സ്വീകരിക്കാൻ ഷിബു തീരുമാനിക്കുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാർ ഈ വെല്ലുവിളി സ്വീകരിച്ചു. ഏറെ അപൂർവ്വമായ ഈ ശസ്ത്രക്രിയക്കാവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾ ഓൺലൈൻ സങ്കേതങ്ങൾ ഉപയോഗിച്ചാണ് നൽകിയത്. അന്നനാളത്തിലേക്ക് ഭക്ഷണത്തിന്റെ പ്രവേശനം നിയന്ത്രിക്കുന്ന പേശികളുടെ ഒരു ഭാഗം മുറിച്ച് നീക്കുന്ന ക്രിക്കോഫാറിൻജിയൽ മയെക്ടമി എന്ന ഈ ശസ്ത്രക്രിയ, തൊണ്ടയിലെ സങ്കീർണ്ണമായ ശരീര ഘടന മൂലവും, നായകുട്ടിയുടെ വളരെ ചെറിയ പ്രായവും മൂലം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വെറ്ററിനറി സർവ്വകലാശാലയിലെ ഡോക്ടർമാരായ ദിനേശ്, സൂര്യദാസ്, രമ്യ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മലേഷ്യയിലെ പെനാങിൽ നിന്നും ഡോക്ടർമാരായ ഷിബു, തെ ഐ ലിങ്, അമൽ ഭാസ്കർ, ലീ പെങ് എന്നിവരാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുള്ള ബുദ്ധി സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് പൂക്കോട് സർവ്വകലാശാലയും, പെനാങിലെ സർജന്മാരും വിജയകരമായി ടെലി–ഗൈഡഡ് ശസ്ത്രക്രിയ പൂർത്തിയാക്കുന്നത്.
Leave a Reply