Thursday, 12th December 2024
കല്‍പ്പറ്റ: വിഷമുക്തവും ആരോഗ്യദായകവുമായ ഭക്ഷണം സുലഭമാക്കുന്നിതിനു പലേക്കര്‍ പ്രകൃതികൃഷി വ്യാപിപ്പിക്കണെന്ന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ചെയര്‍മാനും മുന്‍ ചീഫ് സെക്ട്രറിയുമായ എം.എസ് വിജയാനന്ദ്. പലേക്കര്‍ പ്രകൃതി കര്‍ഷക സംസ്ഥാന സമിതി ബത്തേരി കല്ലുവയലില്‍ ആരംഭിച്ച കൃഷി വിജ്ഞാന കേന്ദ്രം(ഫാം സ്‌കൂള്‍) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
നാടിനുചേര്‍ന്ന കൃഷിരീതികള്‍ വികസിപ്പിക്കുന്നതില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ പരാജയമാണ്. കര്‍ഷകരെ കൃഷി പഠിപ്പിക്കേണ്ടത് ഇത്തരം സ്ഥാപനങ്ങളല്ല. പരമ്പരാഗത കൃഷിയറിവും ജ്ഞാനവുമുള്ള കര്‍ഷകര്‍തന്നെയാണ് കൃഷി പഠിപ്പിക്കേണ്ടതും അറിവുകള്‍ പരസ്പരം കൈമാറേണ്ടതും. 
ജൈവകൃഷിയുടെ മറവില്‍ വ്യാജ ജൈവവളങ്ങളും കീടനാശനികളുമാണ് വിപണികളില്‍ കുമിഞ്ഞുകൂടുന്നത്. ജൈവവളങ്ങളും കീടനാശിനികളും കര്‍ഷകര്‍ സ്വയം നിര്‍മിച്ച് ഉപയോഗിക്കുകയാണ് വേണ്ടത്. 
അടുത്തിടെ ആന്ധ്ര സന്ദര്‍ശിച്ചപ്പോള്‍ വിസ്മയകരമായ അനുഭവമാണ് ഉണ്ടായത്. 
ഒന്നര ലക്ഷത്തോളം കര്‍ഷകരാണ് അവിടെ പലേക്കര്‍ കൃഷിമുറ സ്വീകരിച്ചത്. കൃഷിച്ചെലവ് കുറയ്ക്കാനും ഉത്പാദനം വര്‍ധിക്കാനും മണ്ണിന്റെ നൈസര്‍ഗിക  ഗുണങ്ങള്‍ പുനഃസ്ഥാപിക്കാനും വരള്‍ച്ചയെ അതിജീവിക്കാനും കാര്‍ബണ്‍ വിസര്‍ജനം കുറയ്ക്കാനും പലേക്കര്‍ കൃഷിരീതി ഉതകുന്നുവെന്നാണ് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് വിജയാനന്ദ് പറഞ്ഞു. 
സമിതി സംസ്ഥാന പ്രസിഡന്റ് എം. കുര്യന്‍ അധ്യക്ഷത വഹിച്ചു. ബത്തേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, കൗണ്‍സിലര്‍ എത്സി പൗലോസ്, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, ബത്തേരി കൃഷി ഓഫീസര്‍ ടി.എസ്. സുമിന, അഡ്വ. ജോഷി ജേക്കബ്, ഡോ.ആശ, ഡോ.അനില്‍ സക്കറിയ, മോഹന്‍ദാസ്, സി.എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *