Thursday, 12th December 2024

മനുഷ്യരിൽ കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ വയനാട് ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പശുക്കളിൽ വൈറസ് രോഗം പടരുന്നു.പാലക്കാട് ജില്ലയിലും മറ്റു ജില്ലകളിലും റിപ്പോർട്ട് ചെയ്ത   ലംബി സ്കിൻ ഡിസീസ് അഥവാ എൽ .എസ്. ഡി. വൈറസ് രോഗബാധ ആണ്  ഇപ്പോൾ  ഭീഷണിയായിരിക്കുന്നത്. വയനാട്ടിൽ  അമ്പലവയലിലും  വരദൂരിലും വാളാടും   ഈ രോഗം കണ്ടെത്തുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഒരാഴ്ചയായി വെള്ളമുണ്ട പഞ്ചായത്തിലാണ്  വീണ്ടും രോഗം എത്തിയിട്ടുള്ളത്.  പ്രതിരോധ മരുന്നു വിതരണത്തിനുള്ള വാക്സിൻ ആയ ഗോട്ട് പോക്സ്  വാക്സിൻ   കിട്ടാനില്ലാത്തതിനാൽ  ക്ഷീര കർഷകർ ആശങ്കയിലാണ്.  പുറത്തു നിന്നും കൊണ്ടുവരുന്ന കാലികളിലൂടെയാണ് രോഗം കേരളത്തിൽ എത്തുന്നത്. ഈച്ചകളിലൂടെയാണ് രോഗം കൂടുതലായി പകരുന്നത്.പാൽ ഉൽപാദനം കുറയുകയും  കൈകാലുകൾക്ക് ബലക്ഷയം ഉണ്ടാവുകയും ചിലപ്പോൾ അംഗ വൈകല്യം സംഭവിക്കുകയും ചെയ്യും.രോഗാവസ്ഥ രൂക്ഷമായാൽ ഗർഭം അലസി പോകാനും സാധ്യതയുണ്ട്. മരണം അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും ക്ഷീര  മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വൈറസ് ബാധ.   ചെറുകരയിൽ ഇടിച്ചിൽ ജാനകിയുടെ വീട്ടിൽ 6 കാലികൾക്കാണ്  വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.ഈ മാസം പതിനൊന്നാം തീയതിയാണ് ഒരു പശുവിൽ ആദ്യമായി രോഗബാധ കണ്ടെത്തിയത്. തുടർന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വെറ്ററിനറി ഡോക്ടർമാർ എത്തി സാമ്പിൾ പരിശോധനയ്ക്ക് എടുക്കുകയും തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.  പലപ്പോഴും വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് സാമ്പിളുകൾ അയക്കാറുണ്ട്.     2017 -18 വർഷത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ അളന്ന  കർഷകക്കുള്ള പുരസ്കാരം നേടിയ ക്ഷീര കർഷകയാണ്  ജാനകി .  മകൻ സുരേഷും ഭാര്യയും രണ്ടു മക്കളും ജാനകിയുടെ  അമ്മയും ഉൾപ്പെടുന്ന കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗമായിരുന്നു  ഈ പശുക്കൾ . 48 ലിറ്റർ പാൽ പ്രതിദിനം വിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ്  വൈറസ് ബാധ ഉണ്ടായത്.  ഒരാഴ്ചയായി പൂർണ്ണമായും വരുമാനം നിലച്ചതായി സുരേഷ് പറഞ്ഞു. അഖിൽ ആണ് ആദ്യം കുരുക്കൾ പോലെ ചില മുഴകൾ പ്രത്യക്ഷപ്പെട്ടത്.പിന്നീട് പശുക്കളുടെ ശരീരം മുഴുവൻ മുഴകൾ പ്രത്യക്ഷപ്പെടുകയും ഇപ്പോഴത്തെ വ്രണമായി മാറുകയും ചെയ്തിട്ടുണ്ട്.          രോഗബാധ റിപ്പോർട്ട് ചെയ്ത പല ജില്ലകളിലും 40 ശതമാനം  വരെ പാൽ ഉൽപാദനം കുറഞ്ഞിട്ടുണ്ട്.   ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളെ വാക്സിനേഷന് വിധേയമാക്കുകയും 15 ദിവസത്തേക്ക് എങ്കിലും നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴിയെന്ന്  ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ പ്രദീപ് കുമാർ പറഞ്ഞു.          ഇതിനുമുമ്പ് വയനാട്ടിൽ വൈറസ് ബാധ കണ്ടെത്തിയപ്പോൾ മറ്റുജില്ലകളിൽ ആവശ്യം കഴിഞ്ഞ് ബാക്കിവന്ന മരുന്നുകൾ എത്തിച്ചാണ് പ്രതിരോധകുത്തിവെപ്പുകൾ എടുത്തത്. കേരളത്തിന് പുറത്തുനിന്നാണ് മരുന്ന് കൊണ്ടുവരേണ്ടത് .നിർമ്മിച്ച   വാക്സിൻ അധികകാലം സൂക്ഷിക്കാൻ കഴിയാത്തതിനാൽ ആവശ്യമനുസരിച്ച് മാത്രമേ നിർമ്മാണം നടക്കുന്നുള്ളൂ.         സാധാരണയായി ഇത്തരം രോഗം ഉണ്ടായാൽ  ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ ഉള്ള മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകാറില്ല.  ഒരു കിലോമീറ്ററിന് പുറത്ത് 5 കിലോമീറ്റർ വരെ ചുറ്റളവിലുള്ള കന്നുകാലികൾക്കാണ്  പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നത്. അടിയന്തരമായി വയനാട്ടിലേക്ക് 5000 ഡോസ് മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  വയനാട് ജില്ല ജന്തുരോഗ നിവാരണ വിഭാഗം ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ സുധീർകുമാർ പറഞ്ഞു. ഈച്ച കളിലൂടെ രോഗം പടരുന്നതിനാൽ  ഈച്ചകളെ നിയന്ത്രിക്കാനുള്ള മരുന്നു പ്രയോഗവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട് .മൃഗസംരക്ഷണ വകുപ്പ്, ജില്ലാ   ജന്തുരോഗ നിവാരണ വിഭാഗം , തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ,ക്ഷീരകർഷകർ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടത്താൻ സാധിക്കുക.          ആന്ധ്രയിൽ നിന്നും മറ്റും കാലികളെ കൊണ്ടുവരുന്നതാണ് രോഗവ്യാപനത്തിന് പ്രധാനകാരണം എന്നാണ് വിലയിരുത്തുന്നത്. ഒരു സ്ഥലത്ത് രോഗബാധയുണ്ടായാൽ 30 കിലോമീറ്റർ അകലെ വരെയുള്ള കാലികൾക്ക് രോഗബാധ ഉണ്ടാവാൻ സാധ്യതയുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *