Tuesday, 18th January 2022

അനില്‍ ജേക്കബ് കീച്ചേരിയില്‍

ലോകമെമ്പാടും ആയുര്‍വേദ ചികിത്സാ രീതികളും ഔഷധ സസ്യാധിഷ്ഠിത വ്യവസായങ്ങളും ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ തത്ദീക്ഷയില്ലാത്ത ഔഷധശേഖരണം സസ്യങ്ങളുടെ നിലനില്‍പിനെ ചോദ്യംചെയ്യുന്നു. ഇവയുടെ സര്‍വ്വനാശം സംഭവിക്കുന്നതിന് മുമ്പ് വ്യാപകമായ ഔഷധസസ്യകൃഷി പ്രചാരത്തില്‍ വരേണ്ടത് അത്യാവശ്യമാണ്. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമല്ല എന്നുള്ളത് ഒരു മുഖ്യപ്രതിസന്ധിയായി തീര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇവയുടെ പ്രജനന രീതികളെ കുറിച്ചുള്ള സൂക്ഷ്മമായ അറിവ്, മരുന്നുചെടികളുടെ വ്യാപകമായ ഉല്‍പാദനത്തിനും തന്മൂലം ഔഷധകൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ ഉതകുന്നതുമാണ്.
ഭൂരിഭാഗം ഔഷധസസ്യങ്ങളുടെയും സ്വാഭാവിക പ്രവര്‍ത്തനം വിത്തുമൂലമാണ്. ഉദാഹരണത്തിന് നീലയമരി, അടപതിയന്‍, അമുക്കുരം, കടുക്ക, ശതാവരി, കൂവളം മുതലായവ. ഇതുകൂടാതെ കൂവളം തുടങ്ങിയവയില്‍ കാണുന്നതുപോലെ മണ്ണിനോട് ചേര്‍ന്ന് വളരുന്ന വേരുകളില്‍ നിന്ന് മുളപൊട്ടിയും തൈകളുണ്ടാകാറുണ്ട്. സ്വാഭാവിക പ്രവര്‍ത്തനം തികച്ചും അപര്യാപ്തമായി കണ്ടിട്ടുള്ളതിനാല്‍ ഔഷധസസ്യങ്ങളില്‍ അവലംബിക്കാവുന്ന കൃത്രിമമായ പുനരുല്‍പാദന രീതികളെക്കുറിച്ച് നോക്കാം.
നേരിട്ട് വിത്തുപാകല്‍
വിത്തുകള്‍ നേരിട്ട് തോട്ടത്തിലോ, വീട്ടുവളപ്പിലോ പാകുന്ന രീതിയാണിത്. എന്നാല്‍ ഈ രീതിയില്‍ വിജയശതമാനം കുറവായാണ് കണ്ടിട്ടുള്ളത്.
നഴ്സറി തൈ നടീല്‍
നഴ്സറിയില്‍ തടങ്ങളില്‍ മുളപ്പിച്ച തൈകളുപയോഗിച്ചും പോളിത്തീന്‍ കൂടകളില്‍ വളര്‍ത്തിയെടുത്ത തൈകളുപയോഗിച്ചും പ്രവര്‍ത്തനം നടത്താം.
സ്റ്റാമ്പ് നടീല്‍
ആര്യവേപ്പ് മുതലായ വൃക്ഷങ്ങളില്‍ ഈ രീതി വിജയകരമാണ്. 12-13 മാസം പ്രായമായ തൈകളുടെ തലപ്പും വേരും 5 സെ.മീ. നിറുത്തി ബാക്കി മുറിച്ചു കളഞ്ഞ് സ്റ്റമ്പുകള്‍ തയ്യാറാക്കാം. കമ്പിപ്പാര ഉപയോഗിച്ച് ചെറിയ കുഴികള്‍ ഉണ്ടാക്കി അവയില്‍ നടുന്ന രീതിയാണ് സ്റ്റമ്പ് നടീല്‍. വേങ്ങയിലം ഈ രീതി അനുവര്‍ത്തിച്ചുവരുന്നു.
കോപ്പിസ് രീതി
മുറിച്ച വൃക്ഷത്തിന്‍റെ കുറ്റിയില്‍ നിന്ന് പൊട്ടിമുളയ്ക്കുന്ന പുതുനാമ്പുകള്‍ വളര്‍ത്തി വലുതാക്കി മാറ്റി നടുന്ന രീതിയാണിത്.
മറ്റു പ്രവര്‍ത്തനരീതികള്‍
1) തണ്ട് മുറിച്ചു നടുന്ന ചെടികള്‍
ആടലോടകം, കൊടുവേലി, തിപ്പലി തുടങ്ങിയ ചെടികളില്‍ മുറിച്ചെടുത്ത കമ്പുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.
2) പ്രകന്ദം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം
ചിറ്റരത്ത, വയമ്പ്, കൂവ, കച്ചോലം, ചണ്ണക്കൂവ എന്നീ ഔഷധസസ്യങ്ങളില്‍ ഈ രീതി അനുവര്‍ത്തിക്കാം.
3) കിഴങ്ങ് ഉപയോഗിച്ച് നടുന്നവ
മരുന്നുകാച്ചില്‍, മേന്തോന്നി എന്നിവയില്‍ കിഴങ്ങാണ് നടീല്‍ വസ്തു.
4) വേരുമുറിച്ച് നടുന്നവ
അടപതിയന്‍ സര്‍പ്പഗന്ധി തുടങ്ങിയ ഔഷധസസ്യങ്ങള്‍
കൂടാതെ ഓട്ടുതൈകളും, മുകുളനം വഴി ഉല്‍പാദിപ്പിച്ച തൈകളും, പതിവയ്ക്കലുമെല്ലാം ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. നഴ്സറി തൈകള്‍ നടുന്ന രീതിയാണ് ഏറ്റവും പ്രചാരത്തിലുള്ളത്.
വിത്തുശേഖരണവും സംഭരണവും
രോഗകീടബാധകളില്ലാത്ത ചെടികളില്‍ നിന്നുവേണം വിത്തുശേഖരിക്കാന്‍. അധികം പഴക്കം ചെന്നതും തീരെ പാകമാകാത്തതുമായ വിത്തുകള്‍ ഒഴിവാക്കണം. ചിലയിനം വിത്തുകള്‍ക്ക് മാംസളമായ ഒരാവരണം കാണും. ഉദാ: ആര്യവേപ്പ്. അത്തരം വിത്തുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഈ ആവരണം നീക്കണം. വെള്ളത്തില്‍ കുറച്ചുസമയം കുതിര്‍ത്താല്‍ ഇവയെ കൈകൊണ്ട് എളുപ്പത്തല്‍ നീക്കം ചെയ്യാം. ചെറിയ വിത്തുകളടങ്ങിയ ഫലങ്ങളെ തുണികൊണ്ട് മൂടി വെയിലത്തുണക്കി വടിവെച്ചടിച്ച് വേര്‍തിരിക്കണം.
നിത്യഹരിത വനങ്ങളില്‍ വളരുന്ന ഔഷധസസ്യങ്ങളുടെ പ്രത്യേകിച്ചും വൃക്ഷവിളകളുടെ ബീജാങ്കുരണശേഷി പെട്ടെന്ന് നഷ്ടപ്പെടുന്നവയാണ്. ഉദാഹരണത്തിന് അശോകം, ഞാവല്‍. അതിനാല്‍ ഇത്തരം വിത്തുകള്‍ പാകമായാലുടനെ തന്നെ ശേഖരിച്ച് പാകാനുപയോഗിക്കണം.
വിത്തുപചാരം
വിത്തുകളുടെ സുഷുപ്താവസ്ഥക്ക് കാരണമായ ചില ഘടകങ്ങളാണ് വിത്തുകളുടെ കട്ടിയുള്ള പുറന്തോട്, ചില രാസവസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവ. ഉദാഹരണം : കടുക്ക. ഇത്തരം സുഷുപ്താവസ്ഥയെ തരണം ചെയ്യാനുള്ള രീതികള്‍ താഴെ പറയുന്നു.
1) വിത്തുകള്‍ ചൂടായ വെള്ളത്തില്‍ മുക്കിയിടല്‍. 2) വിത്തുകള്‍ തണുത്ത വെള്ളത്തില്‍ മുക്കിയിടല്‍. 3) വിത്തുകള്‍ സള്‍ഫ്യൂരിക് അമ്ലത്തില്‍ മുക്കിയിടല്‍. 4) ലഘുവായി പുറന്തോട് കരിക്കല്‍. 5) ചാക്കില്‍ കെട്ടി തറയിലടിക്കല്‍. 6) വിത്തുകള്‍ മണല്‍ ചേര്‍ത്ത് ഉരക്കല്‍. 7) വിത്തുകള്‍ ഹോര്‍മോണ്‍ ലായനിയില്‍ മുക്കിവയ്ക്കല്‍.
നഴ്സറി നിര്‍മ്മാണം
നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ ചേര്‍ന്ന പ്രദേശം വേണം നേഴ്സറി നിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കാന്‍. കളകള്‍ പറിച്ച് നിലം കിളച്ചിട്ട് കല്ലുകളും മറ്റും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. ചിതലിന്‍റെ ആക്രമണമുള്ള സ്ഥലങ്ങളില്‍ ഒന്നോ രണ്ടോ മൂട് കൂവയോ മഞ്ഞകൂവയോ നടുന്നത് നന്നായിരിക്കും. വളക്കൂറു കുറഞ്ഞ മണ്ണാണെങ്കില്‍ ചാണകം ആവശ്യാനുസരണം ഉപയോഗിക്കണം. തയ്യാറാക്കിയ തടങ്ങളില്‍ വിത്തുപാകുകയോ, പൊടി വിതക്കുകയോ ആവാം.
വിത്തുപാകിയ ശേഷം തടങ്ങളില്‍ പുതയിടുന്നത് നല്ലതാണ്. വിത്ത് മുളച്ചശേഷം പുത മാറ്റിക്കൊടുക്കാം. നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടികള്‍ക്ക് തണല്‍ നല്‍കണം. ആവശ്യത്തിന് ജലസേചനം നടത്തണം.
ഔഷധസസ്യ തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും രോഗബാധയില്ലാത്ത ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാനുമായി, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, ആര്‍ബുസ്ക്കുലാര്‍ മൈക്കോറൈസ എന്നീ വിഭാഗങ്ങളില്‍പെട്ട സൂക്ഷ്മാണുക്കളും മണ്ണിര കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളും നഴ്സറി തടങ്ങളിലെ പോട്ടിംഗ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് അഭികാമ്യമാണ്. മരുന്നുചെടികളുടെ നഴ്സറിയില്‍ സാധാരണയായി രാസവളങ്ങള്‍ ഉപയോഗിക്കാറില്ല. കീടരോഗബാധക്കെതിരായി ആവശ്യാനുസരണം ജൈവകീടനാശിനികളോ വീര്യം കുറഞ്ഞ കീട-കുമിള്‍ നാശിനികളോ തളിയ്ക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *