സി.വി.ഷിബു.
വയനാട്ടിലെ പനമരത്തിനടുത്ത്
വാറുമ്മല്‍കടവിലെ രാമചന്ദ്രനെന്ന ആദിവാസി യുവാവിന് ഒരു നിമിഷം പോലും പാഴാക്കാനില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിലും രാമചന്ദ്രന്‍ തന്റെ ജീവിത സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നത് ഇത്തിരിപോന്ന വീട്ടുവളപ്പിലെ ഇട്ടാവട്ടം സ്ഥലത്താണ്. ആട്, കോഴി, മുയല്‍, പ്രാവ് വളര്‍ത്തല്‍, ആന്തൂറിയം പൂ കൃഷി, ചെറുതേനീച്ച കൃഷി…… വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും ശ്രദ്ധാപൂര്‍വം പരിപാലിക്കുന്ന രാമചന്ദ്രന്‍ വെറുമൊരു കര്‍ഷകര്‍ മാത്രമാണെന്നു കരുതിയാല്‍ തെറ്റി. രാമചന്ദ്രനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അദേഹം വളര്‍ന്നുവന്ന വഴികളിലൂടെ സഞ്ചരിക്കണം. പനമരം പഞ്ചായത്ത് വാറുമ്മല്‍ കടവിലെ ഇരയന്‍കോടുകൊല്ലി സി. രാമന്റെ മകന്‍. വയനാട് 28. ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തോണിച്ചാല്‍ കാമ്പസിലെ എം.എ. ട്രൈബല്‍ റൂറല്‍ സ്റ്റഡീസ് കോഴ്‌സ് വിദ്യാര്‍ഥി
. പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന കുറിച്യ സമുദായാംഗം.
14 വര്‍ഷം മുമ്പ് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ട് പ്രാവുകളെ വളര്‍ത്താന്‍ തുടങ്ങി. അതായിരുന്നു തുടക്കം. വല്ല്യച്ഛന്റെ പേരിലുള്ള 50 സെന്റ് സ്ഥലമാണ് ആകെയുള്ളത്. പിതാവിന്റെ സഹോദരങ്ങള്‍ക്കായി വീതം വെച്ചാല്‍ പിന്നെ അതില്‍ കാര്യമായി ഒന്നുമില്ല. വീടിനോടു ചേര്‍ന്നുള്ള ചെറിയൊരു സ്ഥലത്താണ്
ആടുകളും മുയലുകളും പ്രാവുകളും ഫാന്‍സി കോഴികളും. സ്ഥലപരിമിതി കാരണം ആന്തൂറിയം ചെടികള്‍ വീട്ടുമുറ്റത്ത് അടുക്കിവെച്ചിരിക്കുന്നു.
രാമചന്ദ്രന്‍ കോഴികളെ വളര്‍ത്താന്‍ തുടങ്ങിയതിനു പിന്നിലും ഒരു കഥയുണ്ട്. രണ്ടുതവണ സീനിയര്‍ വിഭാഗം വയനാട് ജില്ലാ ബോഡി ബില്‍ഡറായിരുന്നു രാമചന്ദ്രന്‍. ശരീരം സംരക്ഷിക്കണമെങ്കില്‍ പോഷകമുള്ള ആഹാരം കഴിക്കണം. മുട്ട അവിഭാജ്യഘടകമാണ്. ദിവസവും മുട്ട വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ വീട്ടില്‍ സ്വന്തമായി മുട്ടക്കോഴികളെ വളര്‍ത്താന്‍ തുടങ്ങി. അങ്ങനെയാണ് ആയിരങ്ങള്‍ വിലയുള്ള ഫാന്‍സി കോഴികളെയും വളര്‍ത്താന്‍ തുടങ്ങിയത്. ബോഡി ബില്‍ഡിംഗ് ട്രെയ്‌നര്‍ കൂടിയാണ് രാമചന്ദ്രന്‍. രാമചന്ദ്രന്‍ ആള് എങ്ങനെയെന്ന് ചോദിച്ചാല്‍ നാട്ടുകാര്‍ ഉത്തരം തരും; നല്ലോരു പയ്യന്‍. അത് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താന്‍ സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് വെല്‍ഫെയര്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ അവാര്‍ഡ് മാത്രം മതി. പ്ലസ്ടു കഴിഞ്ഞപ്പോള്‍ ട്രൈബല്‍ പ്രമോട്ടറായി.
അങ്ങനെയാണ് മാനന്തവാടി താലൂക്കിലെ മികച്ച ട്രൈബല്‍ പ്രമോട്ടര്‍ക്കുള്ള 2012ലെ അവാര്‍ഡ് രാമചന്ദ്രനെ തേടിയെത്തിയത്.
ഞങ്ങള്‍ക്ക് കറന്റും റേഷന്‍ കാര്‍ഡും സംഘടിപ്പിച്ചു തന്നത് രാമചന്ദ്രനാണന്ന് ഈ പ്രദേശത്തെ ഒട്ടേറെ ആദിവാസികുടുംബങ്ങള്‍ എപ്പോ ചോദിച്ചാലും ആവര്‍ത്തിക്കും.
മാനന്തവാടിയിലെ സെന്റ് മേരീസ് സ്വകാര്യ കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് തനിക്ക് പാട്ടുപാടാനുള്ള കഴിവു കൂടിയുണ്ടെന്ന് രാമചന്ദ്രനും തിരിച്ചറിഞ്ഞത്. കൂട്ടുകാരൊക്കെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച കലോത്സവത്തില്‍ നാടന്‍ പാട്ട് ഇനത്തില്‍ രാമചന്ദ്രന്‍ മൈക്ക് കയ്യിലെടുത്തു.?
. 2015 ല്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനവും 2016 ല്‍ രണ്ടാം സ്ഥാനവും ലഭിച്ചു. പഠിക്കാനും വളര്‍ത്തു മൃഗങ്ങളെ പോറ്റാനും പണം വേണം. അങ്ങനെ രാമചന്ദ്രന്‍ കുറച്ചുകാലം മാനന്തവാടി എരുമത്തെരുവില്‍ കുറച്ചുകാലം രാത്രികാലങ്ങളില്‍ തട്ടുകടയില്‍ സഹായിയായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ജീവിക്കാനായി രാമചന്ദ്രന്‍ ചെണ്ടക്കാരനുമായി. വാറുമ്മല്‍കടവിലെ മണിനാദം ചെണ്ടവാദ്യ സംഘത്തിലെ അംഗമാണ് രാമചന്ദ്രന്‍. അമ്പല, പള്ളിപറമ്പുകളില്‍ ഇടക്ക് രാമചന്ദ്രനെ കാണാം. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കഥകളും കവിതകളും കുത്തിക്കുറിച്ചിരുന്ന രാമചന്ദ്രന് ഇപ്പോള്‍ അതിനുള്ള സമയം കിട്ടുന്നില്ല. പക്ഷെ ഇടക്കിടക്ക് ചിത്രരചനയുണ്ട്. വാട്ടര്‍ കളര്‍ പെയിന്റിംഗിനോടാണ് താല്‍പര്യം. വളര്‍ത്തുമൃഗങ്ങളെ പോറ്റാനും പഠിക്കാനും മറ്റ് ചെലവുകള്‍ക്കുമായി രാമചന്ദ്രന് ഒരു ദിവസം 400 രൂപയോളം ചെലവുണ്ട്. ചെലവുകള്‍ പരമാവധി ചുരുക്കാനായി കര്‍ശനമായ ജീവിത നിഷ്ഠകളാണ് രാമചന്ദ്രനുള്ളത്. പുലര്‍ച്ചെ എഴുന്നേല്‍ക്കും. വളര്‍ത്തുമൃഗങ്ങളുടെ കൂട് വൃത്തിയാക്കും. അവക്ക് ഭക്ഷണം സംഘടിപ്പിക്കും. ഇത്തവണത്തെ അതിവര്‍ഷത്തില്‍ രാമചന്ദ്രന്റെ ഒട്ടേറെ വളര്‍ത്തുപക്ഷികള്‍ ചത്തു. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ചെണ്ടവാദ്യം പ്രാക്ടീസ് ഉണ്ടാവും. അപ്പോള്‍ ചിലപ്പോള്‍ ഉറക്കം വെട്ടിക്കുറക്കേണ്ടി വരും. ചിലപ്പോള്‍ അമ്പലപറമ്പുകളില്‍ പാട്ട് പാടാനും പോകേണ്ടി വരും. ഇതിനിടയില്‍ കൃത്യമായി കോളജിലും പോകണം. പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുകയും വേണം. അഭിനയവും രാമചന്ദ്രന് വഴങ്ങും. കേരളത്തിലെ ഒരു പ്രമുഖ സിനിമാനടന്‍ നിര്‍മിക്കുന്ന ഭക്തിഗാന ആല്‍ബത്തില്‍ ഒരു പാട്ടില്‍ രാമചന്ദ്രനാണ് അഭിനയിച്ചിരിക്കുന്നത്. ആല്‍ബം റിലീസ് ആയിട്ടില്ല. അതിനാല്‍ കുടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്താന്‍ രാമചന്ദ്രന്‍ തയാറല്ല. ചുരുക്കി പറഞ്ഞാല്‍ സ്വന്തം ജീവിതത്തെ ഇത്രയധികം സക്രിയമാക്കുന്ന ഈ യുവാവിന് മറ്റൊരാള്‍ക്ക് എങ്ങനെ പാരപണിയാമെന്ന്ആലോചിക്കാനുള്ള സമയം പോലുമില്ല. അതാണ് രാമചന്ദ്രന്റെ ജീവിത രഹസ്യവും. ഉള്ളതുകൊണ്ട് കഴിഞ്ഞുകൂടുന്ന രാമചന്ദ്രന് ഒരു പരിഭവമേയുള്ളു. ആദിവാസി വിഭാഗങ്ങളുടെ ഉപജീവനത്തിനായി ഒട്ടേറെ പദ്ധതികളുണ്ട്. പക്ഷെ രാമചന്ദ്രനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു സര്‍ക്കാര്‍ഏജന്‍സിയും തയാറായിട്ടില്ല. സഹായം കിട്ടുകയാണെങ്കില്‍ തന്റെ കൃഷികള്‍ കൂടുതല്‍ വിപുലമാക്കാന്‍ കഴിയുമെന്ന് രാമചന്ദ്രന്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം സംബന്ധിച്ചുള്ള വിവരങ്ങള്‍ രാമചന്ദ്രന്‍ സ്വായത്തമാക്കുന്നതേറെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ്. മാതാവ് അമ്മിണിയാണ് വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതില്‍ രാമചന്ദ്രനെ സഹായിക്കുന്നത്.
Leave a Reply