Tuesday, 22nd October 2024

ജൈവകൃഷിയിലേക്ക് മുന്നേറാം ജീവിതം തിരിച്ചുപിടിക്കാം
സുനില്‍ കെ.എം.
കൃഷി അസിസ്റ്റന്‍റ്,
കൃഷിഭവന്‍ മുളവുകാട്

പണ്ട് കേരള ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നതിന്‍റെ നേര്‍ക്കാഴ്ചയാണിത്. അരിയും മറ്റു ധാന്യങ്ങളും ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് ജനോസംഖ്യയില്‍ വലിയൊരു വിഭാഗമിങ്ങനെ തൊടിയിലെ ചെടികളെ ആശ്രയിച്ചുമാത്രം ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ഭുതകരമാകാം. ഈ ദാരിദ്ര്യ ദുഃഖങ്ങളില്‍ നിന്നും 1960കളിലെ ഹരിത-ധവള വിപ്ലവങ്ങളാണ് നമ്മെ രക്ഷിച്ചത്. അരി അത്യാവശ്യം ഉത്പാദിപ്പിച്ച് അതുകൊണ്ട് കഞ്ഞിവച്ചു കുടിക്കാന്‍ തുടങ്ങിയതോടെ മറ്റെല്ലാത്തിനേയുംപോലെ മണ്ണിനേയും നാം മറന്നു. പൊന്‍മുട്ടയിടുന്ന താറാവിന്‍റെ വയറുകീറിക്കൊന്ന ആര്‍ത്തിക്കാരനെപ്പോലെ അമിതമായ രാസവള-രാസകീടനാശിനി പ്രയോഗത്തിലൂടെ നമ്മള്‍ മണ്ണില്‍ നിന്നും ജീവന്‍റെ അവസാനത്തെ തുടിപ്പുവരെ പറിച്ചെടുത്തുകഴിഞ്ഞു. അങ്ങിനെ മരിച്ച മണ്ണില്‍ നിന്നുമാണ് നമുക്കിനി കൃഷി തുടങ്ങേണ്ടത്. അങ്ങിനെ മരിച്ച മണ്ണില്‍ നിന്നുമാണ് നമുക്കിനി കൃഷി തുടങ്ങേണ്ടത്. മരിച്ച മണ്ണിനെ ജീവിപ്പിച്ചാലേ ഇനി മികച്ച വിളവ് സ്വപ്നം കാണാനാവൂ. ഇതിനുള്ള മാര്‍ഗ്ഗമാണ് കൃഷി ജൈവരീതിയിലാക്കുക എന്നത്.
മസനോബു ഫുക്കുവോക്കയുടെയോ ധാബോല്‍ക്കറുടേയോ സുഭാഷ് പലേക്കറുടേയോ നമ്മുടെ മുന്‍തലമുറക്കാരുടേയോ ആരുടെ രീതി വേണമെങ്കിലും ഇതിന് തെരഞ്ഞെടുക്കാം. 50% വരെ വായുവും വെള്ളവും 45% വരെ ധാതുക്കളും 5% ജൈവവസ്തുക്കളുമടങ്ങിയതാണ് നല്ല മണ്ണ്. ഇന്നത്തെ മണ്ണോ ജൈവാംശവും സൂക്ഷ്മജീവികളും നശിച്ച് വെള്ളത്തെ പിടിച്ചു നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ട് ഒരുതുള്ളി മഴവെള്ളം വീണാല്‍ തന്നെ മേല്‍മണ്ണ് കലങ്ങി വെള്ളത്തിന്‍റെ നിറം മാറി ഒലിച്ചുപോകുന്ന രീതിയിലായിരിക്കുന്നു അത്. ജൈവകൃഷിയുടെ തത്വംതന്നെ മണ്ണിനെ തീറ്റുക എന്നതാണ്. മണ്ണില്‍ നിന്നു വന്നവ മണ്ണിലേക്കുതന്നെ (ജൈവപുനഃചംക്രമണം), മണ്ണ്-വിള പരിപാലനം, വിളപരിക്രമണം എന്നിവയും മണ്ണിനെ ജീവസ്സുറ്റതാക്കും. അതുകൊണ്ടാണ് ജൈവകൃഷിയെ സംയോജിത കൃഷി എന്നു വിശേഷിപ്പിക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍ പൂര്‍ണ്ണമായും ജൈവമാകണം എന്ന ലക്ഷ്യത്തോടെ 2010ല്‍ ജൈവകാര്‍ഷിക നയരൂപീകരണത്തിന് കമ്മറ്റിയെ നിയമിച്ച് 2015-ല്‍ ആ റിപ്പോര്‍ട്ട് അംഗീകരിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ ഒരു വര്‍ഷത്തിനിടയിലും കാര്യമായ മാറ്റം പ്രകടമല്ല. ചില സൂചനകള്‍ വരുന്നു. സര്‍ക്കാര്‍ ഇടപെടലുകള്‍ ക്രിയാത്മകമാകുന്നു.
ജൈവവളങ്ങള്‍ ചെടികള്‍ക്കു നല്‍കുമ്പോള്‍ രാസവളങ്ങളേക്കാള്‍ വളരെ കൂടിയ അളവില്‍ നല്‍കണം. അടിവളമാവണം നല്‍കേണ്ടത്. ഇവ വന്‍തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിന് പ്രധാന തടസ്സം കാലിവളര്‍ത്തല്‍ നിലച്ചിരിക്കുന്നു എന്നതാണ്. അതിനാല്‍ അണുകുടുംബ വ്യവസ്ഥയില്‍ നിന്നും മാറിചിന്തിക്കുന്നവരൊക്കെ തന്‍റെ അടുത്ത തലമുറയുടെ ജീവന്‍കൂടി നിലനിര്‍ത്താന്‍ ഒരു (നാടന്‍) പശുവിനെ വളര്‍ത്തിത്തുടങ്ങാവുന്നതാണ്. പശുവില്‍ നിന്നും ലഭിക്കുന്ന എല്ലാം ചേര്‍ത്ത് എളുപ്പത്തില്‍ ജൈവവളമുണ്ടാക്കാം. കൂടാതെ വിവിധ കമ്പോസ്റ്റുകള്‍, വളര്‍ച്ചാ ത്വരകങ്ങള്‍, ജൈവകീടനാശിനികള്‍, പിണ്ണാക്കുകള്‍ ഇവയുടെയെല്ലാം ഉപയോഗവും കൃഷി മെച്ചപ്പെടുത്തും. പശുവില്‍ നിന്നും ലഭിക്കുന്നവ ഉപയോഗിച്ചുള്ള വളക്കൂട്ട് നിര്‍മ്മാണം ആദ്യം പരിചയപ്പെടാം.
ബീജാമൃതം
(നാടന്‍) പശുവിന്‍റെ പുതിയ ചാണകം 1 കിലോ, ചുണ്ണാമ്പ് 10 ഗ്രാം, ഗോമൂത്രം 1 ലിറ്റര്‍, വെള്ളം 4 ലിറ്റര്‍, ഒരുപിടി രാസവളം ചേരാത്ത മണ്ണ് എന്നിവയാണിതിന് ആവശ്യം.
ചാണകവും മണ്ണും ചേര്‍ത്ത് പകുതി വെള്ളത്തില്‍ പ്ലാസ്റ്റിക്/മണ്‍പാത്രത്തില്‍ ഇട്ട് ഇളക്കുക. ഒരു കപ്പില്‍ അല്പം വെള്ളമെടുത്ത് ചുണ്ണാമ്പ് ലയിപ്പിക്കുക. ഇതും ചാണകത്തോടൊപ്പം ചേര്‍ക്കുക. ഇതിലേക്ക് ഗോമൂത്രം ചേര്‍ത്തിളക്കി ബാക്കി വെള്ളവും ചേര്‍ത്ത് ഘടികാര ദിശയില്‍ ഇളക്കി 12 മണിക്കൂര്‍ തണലില്‍ 1:5 എന്ന തോതില്‍ ലയിപ്പിച്ച് 1 മിനിറ്റ് മുക്കിവച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും വളര്‍ച്ച കൂടും. വിത്തുകള്‍ കിഴികെട്ടി 6 മണക്കൂര്‍ അതില്‍ മുക്കിവച്ച് നടുക. നെല്‍വിത്ത് ഉപ്പുവെള്ളത്തില്‍ കഴുകി പതിരു നീക്കിയത് പലവുരി നല്ല വെള്ളത്തില്‍ കഴുകിയ ശേഷം ബീജാമൃതത്തില്‍ ഒരു രാത്രി ഇട്ടുവച്ച് പിറ്റേന്ന് കെട്ടിവയ്ക്കുക. മുളശേഷിയും രോഗപ്രതിരോധശേഷിയും കൂടും.
ജീവാമൃതം
(നാടന്‍) പശുവിന്‍റെ ചാണകം പുതിയത് 1 കിലോ, ഗോമൂത്രം 700 മില്ലി, പപ്പായ/വാഴ പഴങ്ങള്‍ ഏതെങ്കിലും (പഴകിയതും കൊള്ളാം) 200 ഗ്രാം, വന്‍പയര്‍ 200 ഗ്രാം (പയര്‍ 12 മണിക്കൂര്‍ വെള്ളംവാര്‍ത്ത ശേഷം 2 മണിക്കൂര്‍ കഴിഞ്ഞ് അരച്ചെടുക്കുക), മണ്ണ്- ഒരുപിടി, വെള്ളം 20 ലിറ്റര്‍, ശര്‍ക്കര 200 ഗ്രാം.
25 ലിറ്റര്‍ കൊള്ളുന്ന പാത്രത്തില്‍ ഇതെല്ലാം ചേര്‍ത്തിളക്കി തണലത്ത് നനച്ച ചണച്ചാക്കിട്ടു മൂടിവയ്ക്കുക. ദീവസവും 3 നരം ഘടികാരദിശയില്‍ ഇളക്കണം. 3 ദിവസത്തിനുശേഷം ഉപയോഗിക്കാം. 7 ദിവസംകൊണ്ട് തീര്‍ക്കണം. ഇത് 10 ഇരട്ടിവരെ വെള്ളം ചേര്‍ത്തുപയോഗിക്കാം. 10 സെന്‍റിനാണിത്. മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ ഉപയോഗിക്കുക. തുള്ളിനന, സ്പ്രിങ്ക്ളയര്‍ ഇവയിലൂടേയും നല്‍കാം. നന്നായി പുതയിടണം. 15 അടി താഴ്ചയിലുള്ള മണ്ണിരകള്‍ വരെ മേലെയെത്തും. വാഴയ്ക്ക് മാസത്തില്‍ 1 തവണവീതം പുതയ്ക്കുമേലെ ഒഴിച്ചാല്‍ വിളവ് 30% കൂടും. ഇലകളില്‍ തളിക്കാം. വാഴയുടെ ചുണ്ട് ഒടിച്ച ശേഷം 250 മില്ലി ജീവാമൃതം പ്ലാസ്റ്റിക് കവറിലെടുത്ത് വച്ച് കെട്ടുക. കായ ഭംഗിയുള്ളതാവും. എല്ലാവിധ കൃഷികള്‍ക്കും ഏറ്റവും ഉത്തമമാണിത്.
ഗ്രോത്ത് പ്രൊമോട്ടര്‍
പച്ചച്ചാണകം 1 കിലോ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ 1 കിലോ കടലപിണ്ണാക്ക്/250 ഗ്രാം ശര്‍ക്കര, 1 ലിറ്റര്‍ ഗോമൂത്രം ഇവ ചേര്‍ത്തിളക്കി അടച്ച് തണലില്‍ നനഞ്ഞ ചണച്ചാക്കിട്ട് മൂടിവയ്ക്കുക. 3 നേരം വീതം 3 ദിവസം ഇളക്കുക. പിന്നീട് 2 ദിവസം അനക്കാതെ വയ്ക്കുക. 1 ലിറ്ററിന് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിക്കുകയോ തളിക്കുകയോ ചെയ്യാം. ഇത് കൂടുതല്‍ ഗുണവത്താവാന്‍ ഒരുപിടി രാജ്ഫോസ്, പഴങ്ങള്‍, പയറുവര്‍ഗ്ഗ ചെടികളുടെ ഇലകള്‍ ഇവയും ചേര്‍ക്കാം.
പഞ്ചഗവ്യം
(നാടന്‍) പശുവിന്‍റെ ചാണകം 7 കിലോ (പുതിയത്), നെയ്യ് 1 കിലോ, പാല്‍ 3 ലിറ്റര്‍, ശര്‍ക്കര 3 കിലോ, ഗോമൂത്രം 1 ലിറ്റര്‍, തൈര് 2 ലിറ്റര്‍, പൂവന്‍പഴം 12, കരിക്കിന്‍ വെള്ളം 3 ലിറ്റര്‍, വെള്ളം 10 ലിറ്റര്‍.
മേഞ്ഞു നടക്കുന്ന കറുത്ത നാടന്‍ പശുവിന്‍റേതാണ് ഇവയെല്ലാമെങ്കില്‍ വളരെ നന്ന്. ചാണകവും നെയ്യും നന്നായി കൊകൊണ്ടിളക്കി ചേര്‍ക്കുക. ഇത് 45 ലിറ്റര്‍ കൊള്ളുന്ന പ്ലാസ്റ്റിക് ഡ്രമ്മില്‍ ഇട്ട് 3 ദിവസം അടച്ചുവയ്ക്കുക. ഇതിലേക്ക് ഗോമൂത്രം, മറ്റെല്ലാമും നന്നായി ഉടച്ചുചേര്‍ത്തത് വെള്ളവും ചേര്‍ത്ത് ഒഴിക്കുക. 15 ദിവസം രാവിലേയും വൈകീട്ടും ഇളക്കുക (ഘടികാര ദിശയില്‍) തണലില്‍ ചണച്ചാക്കു നനച്ചതിട്ട് മൂടി സൂക്ഷിക്കണം. 15 ദിവസംകൂടി വയ്ക്കുക. ഇത് ആവശ്യത്തിനെടുത്ത് 5 മുതല്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ലയിപ്പിച്ച് ഇലകളില്‍ തളിക്കുകയോ ചുവട്ടില്‍ ആഴ്ചയിലൊരിക്കല്‍ ഒഴിക്കുകയോ ചെയ്യുക. ഒരുവര്‍ഷംവരെ ഉപയോഗിക്കാം.
പശുവുണ്ടെങ്കിലേ ഇവയൊക്കെ ഉണ്ടാക്കാനാവൂ. അതില്ലാത്തവര്‍ എന്തുചെയ്യും ? വിവിധ കമ്പോസ്റ്റുകള്‍ വീട്ടില്‍ നിര്‍മ്മിക്കാം. കളകള്‍ തന്നെ വളങ്ങളും കീടനാശിനികളുമാക്കാം, മറ്റു നിരവധി ജൈവവളങ്ങള്‍ വിവിധ തരത്തില്‍ നമ്മുടെ ചുറ്റുമുണ്ട്. അവയെക്കുറിച്ചെല്ലാം
വിശദമായി അടുത്ത ലക്കത്തില്‍
പ്രതിപാദിക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *