Sunday, 4th December 2022

ജൈവപാഠം
മണ്ണ്
എസ്.ജയകുമാര്‍
(അഗ്രികള്‍ച്ചറല്‍ ഓഫീസര്‍,നന്ദിയോട്
ഫോണ്‍ : 9495200255)

മണ്ണറിവ്
മണ്ണാണ് കൃഷിയുടെ ജീവന്‍
മണ്ണില്ലെങ്കില്‍ കൃഷിയില്ല
കൃഷിയില്ലെങ്കില്‍ നാമില്ല.

ഈ ആശയത്തില്‍ നിന്നാകണം 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചത്. എന്നിട്ട് നാം മണ്ണിനുവേണ്ടി എന്തു ചെയ്തു. മണ്ണിന് അര്‍ഹമായ വില നാം കല്പിക്കുന്നുണ്ടോ…? സാഹിത്യലോകം വിലപിക്കുന്നതുപോലെ സ്വന്തം കാല്‍ക്കീഴിലെ മണ്ണൂര്‍ന്നുപോകുന്നത് നാം അറിയുന്നുണ്ടോ?
അറിയുന്നുണ്ടെങ്കിലും നാം അതിന് പരിഹാരക്രിയ ചെയ്യുന്നുണ്ടോ…?
ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിദേശിയര്‍ വാഴ്ത്തിയ, എന്തു വിതച്ചാലും നിറവിളവ് കൊയ്തിരുന്ന കേരളത്തിലെന്തുകൊണ്ട് വിളശോഷണം സംഭവിക്കുന്നു. നല്ലമണ്ണില്‍ നിന്നും നല്ല വിളവ് എന്നത് നമുക്കിനിന്നു പ്രാപ്യമാണോ?
കേരളത്തിന്‍റെ മണ്ണില്‍ ജൈവാംശം കുറയുന്നതായി കാര്‍ഷികപഠനങ്ങള്‍ സൂചിപ്പിച്ചിട്ടും… നാമെന്തേ അത് മുഖവിലയ്ക്കെടുക്കുന്നില്ല.
കോടാനുകോടി സൂക്ഷ്മജീവികളും, ആക്ടിനോ മൈസറ്റുകളും, പ്രോട്ടോസോവകലും, ആല്‍ഗകലും, ഫംഗസുകളും, മണ്ണിരകളുമുള്ള മേല്‍മണ്ണ് നമുക്ക് സംരക്ഷിക്കണം.
മഴത്തുള്ളി
മേല്‍മണ്ണ് സംരക്ഷിച്ചാല്‍
കീഴ്മണ്ണും സംരക്ഷിക്കപ്പെടും
ഇതുരണ്ടും സംരക്ഷിച്ചാലോ
വിതച്ചാല്‍ ഇരട്ടിക്കും.
ഇങ്ങനെയാകാമോ…?
ഒരു ചെറുപ്പക്കാരന്‍ അടുത്തയിടെ കൃഷി യിലേക്ക് കടന്ന് അന്‍പത് സെന്‍റില്‍ വാഴ നട്ടു. വളം രാസം തന്നെ നല്‍കി ഒട്ടും കുറച്ചില്ല. അഞ്ഞൂറ് വാഴയ്ക്കൊപ്പം സദാ അയാളുണ്ടായിരുന്നു. മാസങ്ങള്‍ അഞ്ചു കഴിഞ്ഞിട്ടും വാഴ വേണ്ടവിധം വളരുന്നില്ല, ഇലകളിലാണെങ്കില്‍ മഞ്ഞളിപ്പ് കലര്‍ന്ന നിറ വിത്യാസവുമുണ്ട്.
പ്രശ്നം വഷളായപ്പോള്‍ വിഷയം കൃഷി ആഫീസറുടെ മുന്നിലെത്തി, ലക്ഷണം പറഞ്ഞതനു സരിച്ച് പ്രാഥമിക, ദ്വിതീയ മൂലകങ്ങളുടെ അഭാവമായി രിക്കാം എന്ന് കൃഷി ആഫീസര്‍ പറഞ്ഞുനിര്‍ത്തി. എന്നിട്ട് ഒരു സംശയംപോലെ ചോദിച്ചു. മണ്ണെങ്ങനെ…?
കോരിയിട്ട മണ്ണാണ്
എങ്ങനെ?
ജെ.സി.ബി.യ്ക്ക്
ഉത്തരം കിട്ടിയോ…?
ജെ.സി.ബിയുടെ കൂറ്റന്‍ കയ്യാല്‍ മണ്ണിളക്കി മറിച്ചു. അപ്പോള്‍ എന്തു സംഭവിച്ചു. മേല്‍മണ്ണ് അടിയിലും കീഴ്മണ്ണ് മുകളിലും പോയി.
ഫലമോ?
കീഴ്മേല്‍ മറിഞ്ഞ കൃഷിയായി.
കുസൃതിചോദ്യം…?
എന്നാല്‍ വാഴ തലകുത്തിവച്ചാലോ….? പുത്തന്‍ കര്‍ഷകര്‍ വേണേല്‍ അതും ചെയ്യും. അവര്‍ പാരമ്പര്യത്തെ കണ്ടതായിപോലും നടിക്കുന്നില്ല. അതാണ് ദോഷവും. മണ്ണ് ഒരു കരുതല്‍ ധനമാണ്. അതിലാണ് കൃഷിയെന്ന ക്രയവിക്രയം നടക്കുന്നതെന്ന് നാം വിസ്മരിച്ചുകൂടാ. ഒരു പിടിമണ്ണില്‍ ഒരുകോടി ജീവനെന്ന് നാമറിയണം. നമ്മുടെ പൂര്‍വ്വികര്‍ മണ്ണില്‍ എന്തോ നിധി നമുക്കായി കരുതിയിട്ടുണ്ടെന്ന് നാമറിയണം. അത് നേടാനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. അറിയുക. അരയടി, അതായത് പതിനഞ്ച് സെ.മീ. വരുന്ന മേല്‍മണ്ണിലാണ് വളക്കൂറുള്ളത്. ഈ മണ്ണ് ഒരു കാരണവശാലും നഷ്ടപ്പെട്ടുപോകരുത്. അതാണ് പൂര്‍വ്വികര്‍ മഴക്കുഴി, കയ്യാല, ഒതുക്ക്, തിരിവ്, ചാല്, പണ, വരമ്പ് എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ മണ്ണിനെ മുന്‍നിര്‍ത്തി പറമ്പില്‍ ചെയ്തിരുന്നത്.
കൃഷിക്കാര്യം
മേല്‍മണ്ണ് നഷ്ടപ്പെടുത്തരുത്
കൃഷിയ്ക്ക് മുമ്പ് മണ്ണിന്‍റെ അമ്ലത്വം കുറയ്ക്കാന്‍ സെന്‍റൊന്നിന് 2 കി.ഗ്രാം കുമ്മായം വീതം ചേര്‍ക്കണം.
കുമ്മായം ചേര്‍ത്ത് 15 ദിവസം കഴിഞ്ഞ് നടീല്‍ പ്രവര്‍ത്തനം തുടങ്ങാം.
ജൈവകൃഷിയില്‍ ആദ്യസ്ഥാനം മണ്ണൊരുക്കത്തിന് തന്നെയാകണം.
മണ്ണിന്‍റെ കൂടുതല്‍ ജൈവപാഠം അടുത്ത ലക്കത്തിലാകാം. മാന്യവായനക്കാര്‍ക്ക് നല്ലൊരു മണ്ണ് നമസ്ക്കാരവം…! കൃഷിയാശംസകളും….!

Leave a Reply

Leave a Reply

Your email address will not be published.