Friday, 19th April 2024

ഒട്ടുമാവിന്‍ തൈകളുടെ കൊമ്പുകളില്‍ ചിലത് പെട്ടെന്ന് ഉണങ്ങി കരിഞ്ഞു പോകുന്നതായി പലയിടങ്ങളിലും കണ്ടുവരുന്നുണ്ട്. കൊമ്പുണക്കം എന്ന രോഗമാണിത്. കൊമ്പുകള്‍ അറ്റത്തു നിന്നും താഴേക്ക് ഉണങ്ങുന്നതാണ് ലക്ഷണം. രോഗഹേതു ഒരു കുമിളാണ്. ഉണക്ക് എവിടം വരെയായിട്ടുണ്ടോ അതിന് ഒരിഞ്ച് താഴെ വച്ച് മൂര്‍ച്ചയുളള കത്തികൊണ്ട് കൊമ്പു മുറിച്ചു മാറ്റി കത്തിച്ചു കളയണം. എന്നിട്ട് ബോര്‍ഡോ മിശ്രിത കുഴമ്പ് പുരട്ടണം. 100 ഗ്രാം നീറ്റുകക്ക അര ലിറ്റര്‍ വെളളത്തില്‍ കലക്കുക. അതുപോലെ തന്നെ 100 ഗ്രാം തുരിശും അര ലിറ്റര്‍ വെളളത്തില്‍ വേറെയായി കലക്കിയെടുക്കുക. ഇവ രണ്ടും കൂടി നന്നായി ലയിപ്പിച്ചെടുക്കുന്നതാണ് ബോര്‍ഡോ മിശ്രിത കുഴമ്പ്. കൂടാതെ ഒരു ശതമാനം വീര്യത്തില്‍ തയ്യാറാക്കിയ ബോര്‍ഡോ മിശ്രിതം മരം മുഴുവന്‍ നനയത്തക്കവിധം തളിക്കുന്നതും നല്ലതാണ്. ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം തയ്യാറാക്കുന്നതിന് 100 ഗ്രാം നീറ്റുകക്ക 5 ലിറ്റര്‍ വെളളത്തില്‍ കലക്കുക. 100 ഗ്രാം തുരിശ് വേറെ 5 ലിറ്റര്‍ വെളളത്തില്‍ കലക്കുക. എന്നിട്ട് തുരിശു ലായനി കക്ക ലായനിയിലേക്ക് കുറേശ്ശെ ചേര്‍ത്ത് ഇളക്കുക. സ്യൂഡോമോണാസ് എന്ന ബാക്ടീരിയയുടെ പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ഇടയ്ക്ക് കലക്കി തളിക്കുന്നതും നല്ലതായിരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *